ഒരു കാലത്ത് മലയാള സിനിമയില്‍ മുന്‍നിര നായികയായി തിളങ്ങുകയും, വിവാഹശേഷം വെള്ളിത്തിരയോട് വിടപറയുകയും ചെയ്ത നടിയാണ് ആനി. പ്രശസ്ത സംവിധായകന്‍ ഷാജി കൈലാസുമായുള്ള വിവാഹത്തിന് ശേഷം കുടുംബജീവിതത്തിലേക്ക് ഒതുങ്ങിയ താരം, നിലവില്‍ ടെലിവിഷനിലെ ജനപ്രിയ കുക്കിംഗ് ഷോയായ 'ആനീസ് കിച്ചണ്‍' അവതാരകയായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നുണ്ട്. സിനിമയിലേക്ക് ഇനി ഒരു തിരിച്ചുവരവുണ്ടാകില്ലെന്നും ഷാജി കൈലാസിന്റെ ഭാര്യയായി കഴിയാനാണ് തനിക്ക് താല്പര്യമെന്നും ആനി മുന്‍പ് വെളിപ്പെടുത്തിയ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയാകുന്നത്. തന്റെ ഷോയിലെത്തിയ അതിഥി 'ഇനി സിനിമയിലേക്ക് ഇല്ലേ?' എന്ന് ചോദിച്ചപ്പോഴാണ് താരം മനസ്സ് തുറന്നത്.
'ഇനി സിനിമയിലേക്കില്ല. ഇത് അഹങ്കാരം കൊണ്ട് പറയുന്നതല്ല. അമൃതാനന്ദമയി അമ്മ പറഞ്ഞിട്ടാണ് ഞാന്‍ 'ആനീസ് കിച്ചണ്‍' എന്ന ഷോ പോലും ചെയ്യുന്നത്, അല്ലെങ്കില്‍ അതുമുണ്ടാകില്ലായിരുന്നു. എനിക്ക് എപ്പോഴും ഒരു പക്കാ ഹോംലി ഗേള്‍ ആയി കുടുംബത്തോടൊപ്പം ഇരിക്കാനാണ് ഇഷ്ടം. കുട്ടികള്‍ സ്‌കൂളില്‍ നിന്ന് വരുമ്പോള്‍ അവര്‍ക്ക് ഭക്ഷണം നല്‍കാനും വിശേഷങ്ങള്‍ പങ്കുവെക്കാനും ഞാന്‍ ഉണ്ടാകണം.'
ഷാജി കൈലാസിന്റെ ഭാര്യയായി ജീവിക്കുന്നതിലാണ് തനിക്ക് ഏറ്റവും സന്തോഷമെന്നും ആനി കൂട്ടിച്ചേര്‍ത്തു. 'ഏട്ടന്‍ ഷൂട്ടിങ് കഴിഞ്ഞ് വരുമ്പോള്‍ സര്‍പ്രൈസ് നല്‍കാന്‍ എനിക്കിഷ്ടമാണ്. ഏട്ടന്‍ പോകുമ്പോഴുള്ള വീടായിരിക്കില്ല തിരിച്ചുവരുമ്പോള്‍. ഫര്‍ണിച്ചറെല്ലാം മാറ്റിമറിച്ച് ഞാന്‍ വീട് പുതുക്കും. ഏട്ടനെ നന്നായി നോക്കാനും മക്കളുടെയും ഏട്ടന്റെ അച്ഛനമ്മമാരുടെയും കാര്യങ്ങള്‍ ശ്രദ്ധിക്കാനുമാണ് എനിക്കിഷ്ടം. കഞ്ഞിയും പയറുമാണ് തരുന്നതെങ്കിലും എനിക്ക് പരാതിയില്ല. പക്ഷേ എനിക്ക് ഏട്ടന്റെ ഭാര്യയായി ഈ വീട്ടില്‍ കഴിയണം. ആരെങ്കിലും ഷാജി കൈലാസിനെ അന്വേഷിച്ച് വന്നാല്‍ മറുപടി നല്‍കാന്‍ ഒരു ഭാര്യയായി ഞാന്‍ എപ്പോഴും ആ വീട്ടില്‍ ഉണ്ടാകണം. ഇക്കാര്യം ഞാന്‍ ഏട്ടനോടും പറഞ്ഞിട്ടുണ്ട്.' - ആനി വ്യക്തമാക്കി.