മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ തെരഞ്ഞെടുപ്പ് ആഗസ്റ്റ് 15ന് നടക്കാനിരിക്കെ ജോയന്റ് സെക്രട്ടറിയായി നടി അന്‍സിബ ഹസന്‍ തിരഞ്ഞെടുക്കപ്പെട്ടു. ജോയന്റ് സെക്രട്ടറി സ്ഥാനത്തേക്ക് നോമിനേഷന്‍ സമര്‍പ്പിച്ചിരുന്ന 13 പേരില്‍ 12 പേരും മത്സരരംഗത്ത് നിന്ന് പിന്മാറിയതോടെയാണ് അന്‍സിബ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. അതിനിടെ നടന്‍ അനൂപ് ചന്ദ്രനെതിരെ അന്‍സിബ ഹസന്‍ പൊലീസില്‍ പരാതി നല്‍കി.
തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു, വാട്‌സാപ്പ് ഗ്രൂപ്പില്‍ അടക്കം ബാബുരാജിന്റെ സില്‍ബന്തി എന്ന തരത്തിലുള്ള പരാമര്‍ശം നടത്തി എന്നെല്ലാം ചൂണ്ടിക്കാട്ടിയാണ് അന്‍സിബ ഹസന്‍ ഇന്‍ഫോ പാര്‍ക്ക് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. നേരത്തെ അന്‍സിബ ഹസനും ബാബുരാജും അമ്മയുടെ അക്കൗണ്ടിലുള്ള ഏഴരക്കോടി രൂപ തട്ടിയെടുക്കാനാണ് നേതൃസ്ഥാനത്തേക്ക് മത്സരിക്കുന്നത് എന്ന് അനൂപ് ചന്ദ്രന്‍ ആരോപിച്ചിരുന്നു. ഈ ആരോപണത്തിലാണ് അന്‍സിബ പരാതി നല്‍കിയിരിക്കുന്നത്. ആരോപണ വിധേയര്‍ക്ക് മത്സരിക്കുന്നതില്‍ തടസമില്ല എന്ന നിലപാട് നേരത്തെ അന്‍സിബ പങ്ക് വെച്ചിരുന്നു.
എന്നാല്‍ താന്‍ ആരെയും അധിക്ഷേപിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും സില്‍ബന്തി എന്ന വാക്ക് സുഹൃത്ത് എന്ന നിലയിലാണ് ഉപയോഗിച്ചതെന്നും അനൂപ് ചന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.മത്സരം നന്നാവും. ആരോഗ്യപരമായ ഒരു മത്സരമായിരിക്കും. ആ മത്സരത്തില്‍ കൂടെ 'അമ്മ'യുടെ സമ്പത്ത് ഒരു നിധി കാക്കുന്ന ഭൂതത്തെ പോലെ കാത്തുസൂക്ഷിച്ച് അത് എത്തേണ്ടവരില്‍ തന്നെ കൃത്യമായി എത്തിക്കാനുള്ള എല്ലാവിധ ശ്രമവും എന്റെ ഭാഗത്തു നിന്ന് ഉണ്ടാകും. എനിക്കെതിരെ നല്‍കിയ പരാതി ഒക്കെ വെറുതെ, ഇതൊക്കെ ഇലക്ഷന്‍ അല്ലേ, അപ്പോ എന്തെങ്കിലുമൊക്കെ പറഞ്ഞ് ചുമ്മാ ഒരു രസമൊക്കെ വേണ്ടേ വെറുതെ നമ്മള്‍ ബലം പിടിച്ചു നിന്നാല്‍ മതിയോ.
ഇലക്ഷന്‍ ആകുമ്പോള്‍ ഒരു രസം ഒക്കെ വേണം. ആരെയും അധിക്ഷേപിച്ചിട്ടില്ല, അധിക്ഷേപിക്കുക എന്നുള്ളത് എന്റെ സംസ്‌കാരമല്ല. പറയേണ്ട കാര്യങ്ങള്‍ മാത്രമേ ഞാന്‍ പറയാറുള്ളൂ. ഒരാളെയും മോശമായി കണ്ടിട്ടില്ല, 'ഐ പ്ലസ് യു പ്ലസ്' എന്ന് കാണുന്ന ഒരാളാണ് ഞാന്‍. ഞാന്‍ കേമനാണ് എന്ന് എനിക്ക് വിശ്വാസമുണ്ട്. പക്ഷേ എന്റെ മുന്‍പില്‍ നില്‍ക്കുന്നവരും കേമന്മാരാണ് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍.
മത്സരത്തില്‍ നിന്ന് പിന്മാറുന്നവര്‍ക്ക് പിന്മാറാം, മത്സരിക്കേണ്ടവര്‍ക്ക് മത്സരിക്കാം. എന്തുകൊണ്ടാണ് ബാബുരാജ് പിന്മാറിയത് എന്ന് ചോദിച്ചാല്‍ എനിക്കറിയില്ല. അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനം ആയിരിക്കും. ഞാന്‍ ഉന്നയിച്ചത് ആരോപണങ്ങള്‍ അല്ല, എന്റെ ചില ആശങ്കകളാണ് ഞാന്‍ പങ്കുവച്ചത്.
പുതിയ കമ്മിറ്റി അധികാരത്തില്‍ വരുമ്പോള്‍ ഒരു ഓഡിറ്റ് ഉണ്ടാകും ഓഡിറ്റ് ഒക്കെ ഉണ്ടാക്കി 'അമ്മ'യില്‍ എന്തെങ്കിലും സാമ്പത്തിക തിരിമറികള്‍ വന്നിട്ടുണ്ടോ എന്ന് അന്വേഷിക്കട്ടെ. ഓഡിറ്റ് നടന്നതിന് ശേഷം ക്രമക്കേട് നടന്നിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും മാധ്യമസുഹൃത്തുക്കളെ ഞങ്ങള്‍ വിളിച്ചുവരുത്തി എല്ലാം പറയുന്നതായിരിക്കും.'' അനൂപ് ചന്ദ്രന്‍ പറഞ്ഞു.
കൃത്യമായ നിലപാടുകളോടെയാണ് ഇത്തവണ സംഘടനയില്‍ മത്സരിക്കാനിറങ്ങിയത് എന്നും ആരോപണ വിധേയരായവര്‍ മാറി നില്‍ക്കണമെന്ന് ചിലര്‍ പറഞ്ഞപ്പോള്‍ അതിലെ മനുഷ്യാവകാശത്തെപ്പറ്റിയാണ് താന്‍ ചൂണ്ടിക്കാട്ടിയത് എന്നും അന്‍സിബ പറഞ്ഞിരുന്നു.ആണ്‍- പെണ്‍ വ്യത്യാസമില്ലാതെ എല്ലാവരെയും ഒരുമിച്ച് മുന്നോട്ടു കൊണ്ടുപോകാനാണ് സംഘടനയിലെ എല്ലാവരും ആഗ്രഹിക്കുന്നത്. മന്ത്രിമാരില്‍ പലരും ആരോപണം നേരിട്ടിട്ടും പദവിയില്‍ ഇരിക്കുമ്പോള്‍ എന്തുകൊണ്ട് ആരോപണ വിധേയര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിച്ച് കൂടാ എന്നായിരുന്നു അന്‍സിബ ഹസന്റെ ചോദ്യം. ഇതിനെതിരെ ആയിരുന്നു അനൂപ് ചന്ദ്രന്‍ രംഗത്തെത്തിയത്.