നടന്‍ നിവിന്‍ പോളിയുടെ പ്രചോദനാത്മകമായ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് നടി അനുപമ പരമേശ്വരന്‍. നിയന്ത്രണങ്ങളെ മറികടന്ന് സ്വന്തം സ്വപ്നങ്ങളിലേക്ക് ധൈര്യത്തോടെ മുന്നേറാന്‍ പെണ്‍കുട്ടികളോട് ആഹ്വാനം ചെയ്യുന്ന നിവിന്റെ പ്രസംഗത്തിന്റെ വീഡിയോയാണ് അനുപമ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി റീപോസ്റ്റ് ചെയ്തിരിക്കുന്നത്. നിവിന്റെ ഈ വാക്കുകള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ വൈറലായിക്കഴിഞ്ഞു.
തന്റെ പുതിയ ചിത്രമായ 'ബെത്ലഹേം കുടുംബ യൂണിയന്റെ' പ്രൊമോഷന്റെ ഭാഗമായി ഒരു കോളേജില്‍ എത്തിയപ്പോഴായിരുന്നു നിവിന്‍ പോളി വിദ്യാര്‍ത്ഥിനികളോട് ഈ കാര്യങ്ങള്‍ സംസാരിച്ചത്. 'ഈ മനുഷ്യന്‍ 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്നോടിത് പറഞ്ഞിട്ടുണ്ട്' എന്ന ഹൃദ്യമായ കുറിപ്പോടെയാണ് അനുപമ ഈ വീഡിയോ പങ്കുവെച്ചത്. ഇത് ഇരുവരുടെയും ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാകാത്ത ജനപ്രിയ സ്‌ക്രീന്‍ ജോഡികളാണ് നിവിന്‍ പോളിയും അനുപമ പരമേശ്വരനും. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം 'പ്രേമ'ത്തിലൂടെയാണ് അനുപമ സിനിമാലോകത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിലെ നിവിന്‍-അനുപമ കോമ്പോയും അവര്‍ ഒന്നിച്ചഭിനയിച്ച 'ആലുവ പുഴയുടെ തീരത്ത്...' എന്ന് തുടങ്ങുന്ന ഗാനവും ഇന്നും മലയാളി പ്രേക്ഷകര്‍ ഏറെ ഇഷ്ടത്തോടെ നെഞ്ചിലേറ്റുന്ന ഒന്നാണ്.
അറിഞ്ഞോ അറിയാതെയോ സമൂഹത്തില്‍ ഒട്ടേറെ നിയന്ത്രണങ്ങളിലൂടെ കടന്നുപോകുന്നവരാണ് പെണ്‍കുട്ടികളെന്നും എന്നാല്‍ അവര്‍ക്ക് ഓടിയെത്താന്‍ പറ്റാത്ത അകലങ്ങളോ എത്തിപ്പിടിക്കാന്‍ പറ്റാത്ത ഉയരങ്ങളോ ഇല്ലെന്നാണ് നിവിന്‍ തന്റെ പ്രസംഗത്തില്‍ വ്യക്തമാക്കുന്നത്.
ജീവിതത്തില്‍ പല പ്രതിസന്ധി ഘട്ടങ്ങളും വരുമ്പോള്‍ പലരും സ്വയം സംശയിക്കുമെന്നും പേടി തോന്നുമെന്നും നിവിന്‍ പറയുന്നു. ഒരു കാര്യത്തില്‍ പങ്കെടുത്താല്‍ മറ്റുള്ളവര്‍ കളിയാക്കുമോ ട്രോളുമോ എന്ന ഭയം കാരണം മാറിനില്‍ക്കരുത്. അങ്ങനെ സംശയമുണ്ടാകുമ്പോള്‍ ധൈര്യത്തോടെ മുന്നോട്ട് വരാന്‍ തീരുമാനിക്കണം. അത് ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്നും, ഇത് സ്വന്തം ജീവിതത്തില്‍ നിന്നും പഠിച്ച കാര്യമാണെന്നും നിവിന്‍ കൂട്ടിച്ചേര്‍ത്തു.