പുതിയ ഫോണ്‍ സമ്മാനമായി നല്‍കുന്നതിനിടെ 'നിലവില്‍ ഉപയോഗിക്കുന്ന ഫോണ്‍ കാണിക്കാമോ' എന്ന അവതാരകയുടെ ചോദ്യം; വേദിയിലെത്തിയ യുവാവിന്റെ സ്വകാര്യതയും ആത്മാഭിമാനവും തക്കസമയത്ത് ചേര്‍ത്തുപിടിച്ച് നടന്‍ ആസിഫ് അലി. കോഴിക്കോട്ടെ പ്രമോഷന്‍ ചടങ്ങില്‍ ചെറുപ്പക്കാരനെ സംരക്ഷിച്ച താരത്തിന്റെ വിവേകപൂര്‍വ്വമായ ഇടപെടലിന് കൈയടിക്കുകയാണ് ആരാധകര്‍. കോഴിക്കോട് മൈജി ഡിജിറ്റല്‍ ഷോറൂമില്‍ നടന്ന പുതിയ ഐഫോണ്‍ ലോഞ്ച് ചടങ്ങിലായിരുന്നു സംഭവം.
പ്രമോഷന്റെ ഭാഗമായി സംഘടിപ്പിച്ച നറുക്കെടുപ്പിലെ വിജയിക്ക് ഫോണ്‍ സമ്മാനമായി നല്‍കാനാണ് ആസിഫ് അലിയെ വേദിയിലേക്ക് ക്ഷണിച്ചത്. തുടര്‍ന്ന് ആസിഫ് വിജയിയെ പ്രഖ്യാപിക്കുകയും സമ്മാനം ഏറ്റുവാങ്ങാനായി നിഹാല്‍ എന്ന ചെറുപ്പക്കാരന്‍ വേദിയിലെത്തുകയും ചെയ്തു. എന്നാല്‍, സമ്മാനം നല്‍കുന്നതിനിടയില്‍ പരിപാടിയുടെ അവതാരകയായ മീര അനില്‍ ചെറുപ്പക്കാരനോട് 'നിങ്ങള്‍ നിലവില്‍ ഉപയോഗിക്കുന്ന ഫോണ്‍ ഒന്നു കാണിക്കാമോ?' എന്ന് അപ്രതീക്ഷിത ചോദ്യം ചോദിക്കുകയായിരുന്നു.
സാഹചര്യത്തിന്റെ ഗൗരവവും അത് അയാളില്‍ ഉണ്ടാക്കിയേക്കാവുന്ന അസ്വസ്ഥതയും നിമിഷനേരം കൊണ്ട് തിരിച്ചറിഞ്ഞ ആസിഫ് അലി ഉടന്‍ തന്നെ ഇടപെട്ടു. മീരയുടെ ചോദ്യം കേട്ട ഉടന്‍ തന്നെ ''അതൊന്നും വേണ്ട'' എന്ന രീതിയില്‍ കൈകൊണ്ട് സൂചന നല്‍കിയ താരം, തുടര്‍ന്ന് വിജയിക്ക് അര്‍ഹമായ ആദരവോടെ ഫോണ്‍ സമ്മാനിക്കുകയും ചെയ്തു.
വീഡിയോയുടെ ലിങ്ക്: https://www.instagram.com/reel/DddFhwEpsSk/?utm_source=ig_web_button_share_sheet
ഈ രംഗങ്ങളുടെ വീഡിയോ പുറത്തുവന്നതോടെ വലിയ സ്വീകാര്യതയാണ് ആസിഫിന് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. 'യഥാര്‍ഥ മനുഷ്യസ്‌നേഹി' എന്നാണ് ആസിഫിനെ അഭിനന്ദിച്ചുകൊണ്ട് ആരാധകര്‍ കമന്റ് ചെയ്യുന്നത്. ഈ ഒറ്റ കാര്യം കൊണ്ട് ആസിഫിനോടുള്ള ഇഷ്ടം കൂടിയെന്നും ചെറുപ്പക്കാരന്റെ സ്വകാര്യത മാനിച്ചുകൊണ്ട് അവസരോചിതമായി ഇടപെട്ട ആസിഫ് അലി വലിയൊരു മാതൃകയാണെന്നും ആരാധകര്‍ അഭിപ്രായപ്പെട്ടു. കരുതലോടെയുള്ള ഈ ഇടപെടലിനു ശേഷം 'തങ്കമാന പയ്യന്‍' എന്നാണ് ആസിഫിനെ ചില ആരാധകര്‍ വിശേഷിപ്പിച്ചത്.