മകള്‍ അവന്തികയുടെ (പാപ്പു) പിറന്നാള്‍ ദിനത്തില്‍ വീഡിയോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടന്‍ ബാല.പേരു പറയാതെയാണ് താരം ആശംസ നേര്‍ന്നിരിക്കുന്നത്. ഒരുപാട് ആലോചിച്ചശേഷമാണ് ഇങ്ങനൊരു വീഡിയോ ഇടുന്നതെന്നും ഇത് തന്റെ കടമയാണെന്നും താരം പറയുന്നു
''ഹലോ... കുറെ ആലോചിച്ചു..ഒരുപാട് ആലോചിച്ച ശേഷമാണ് ഈ വീഡിയോ ഇടുന്നത്. ഇത്രയും ചിന്തിക്കേണ്ടി വന്നു. ചില കാര്യങ്ങള്‍ നമ്മള്‍ മനസ് തുറന്നു പറയുമ്പോള്‍ മറ്റുള്ളവര്‍ക്ക് അത് വിഷമമായാല്‍ ക്ഷമിക്കണം. കടമയാണ്, അതുകൊണ്ടാണ് പറയുന്നത്. അതുകൊണ്ട് പറയുകയാണ് ഹാപ്പി ബര്‍ത്ത്‌ഡേ
പേര് പറയുന്നില്ല, മനസിലാകേണ്ടവര്‍ക്ക് തീര്‍ച്ചയായും മനസിലാകും. ഒരു സെന്റിമെന്റ്‌സുമില്ല എന്നാല്‍ ഒരു കാര്യം ഓര്‍ക്കണം. ആരുമില്ലെങ്കിലും ഞാനുണ്ട്. ഒരു കാര്യം മാത്രമാണ് വിഷമം. പേര് പോലും എടുത്ത് പറയാന്‍ പറ്റാത്ത അവസ്ഥയില്‍ ഞാന്‍ നില്‍ക്കുകയാണ്. അത് ഒരിക്കലും എന്റെ തെറ്റല്ല. ഞാനാണ് പേര് ഇട്ടത്. അതിന്റെ അര്‍ത്ഥം പ്രിന്‍സസ് എന്നാണ്. നീ ഇനി രാജകുമാരിയല്ല, രാജ്ഞിയാണ്. ഒരു രാജ്യത്തിന്റെ ക്വീനാണ്.
അങ്ങനെയാകണമെങ്കില്‍ നീ അവിടെ എത്തിയിരിക്കും. മൈ ഡിയര്‍... ഹാപ്പി ബര്‍ത്ത്‌ഡേ. ദൈവം അനുഗ്രഹിക്കട്ടെ...'' എന്നാണ് വീഡിയോയില്‍ ബാല പറയുന്നത്. ''എന്റെ രാഞ്ജിക്ക് ഞാനും കോകിലയും അമ്മയും ശിവയും അക്കയും ആശംസകള്‍ നേരുന്നു...'' എന്ന ക്യാപ്ഷനും വീഡിയോക്കൊപ്പം താരം കുറിച്ചിട്ടുണ്ട്. വീഡിയോയുടെ അവസാനം മകളുടെ ഫോട്ടോ ബാഗ്രൗണ്ടായി വരുന്നതിന്റെ മുന്നില്‍ ബാലയും കോകിലയും നില്‍ക്കുന്ന ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. താരം പങ്കിട്ട വീഡിയോ നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. നിരവധി പേരാണ് ബാലയെ ആശ്വസിപ്പിച്ചും സ്‌നേഹം പങ്കിട്ടും കമന്റുകള്‍ കുറിക്കുന്നത്.
മലയാളികള്‍ക്ക് ഏറെ സുപരിചിതനായ താരമാണ് ബാല. വില്ലന്‍ കഥാപാത്രങ്ങളടക്കം ചെയ്ത് പ്രേക്ഷകമനസ്സിലിടം നേടിയ ബാലയുടെ അഭിനയജീവിതത്തിനേക്കാളേറെ സ്വകാര്യ ജീവിതം ചര്‍ച്ചകളിലും വിവാദങ്ങളിലുമൊക്കെ ഇടം നേടിയിട്ടുണ്ട്. മുന്‍ ഭാര്യമാര്‍ ബാലയ്‌ക്കെതിരെ ഉന്നയിച്ച ആരോപണങ്ങളായിരുന്നു ബാലയെ വാര്‍ത്തകളില്‍ നിറച്ചത്. പിന്നീട് തന്റെ ഭാഗവും അഭിപ്രായങ്ങളുമൊക്കെ പറഞ്ഞും ബാല സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നു. അടുത്തിടെയായി എല്ലാ ആരോപണങ്ങളില്‍ നിന്നും വിവാദങ്ങളില്‍ നിന്നുമൊക്കെ ഒഴിഞ്ഞു നില്‍ക്കുകയാണ് ബാല.
വിവാഹമോചനത്തിന് ശേഷം മകളെ കാണിക്കാന്‍ പോലും മുന്‍ ഭാര്യ ഗായിക അമൃത സുരേഷ് തയാറാകുന്നില്ലെന്നും തന്റെ തന്റെ മകളെ തന്നില്‍ നിന്നും അകറ്റുകയാണെന്നും പലപ്പോഴായി ബാല ആരോപിച്ചിരുന്നു. അച്ഛനെന്ന തന്റെ അവകാശം അവഗണിക്കുകയാണെന്ന് ബാല ഒരു അഭിമുഖത്തിലും പറഞ്ഞിരുന്നു. അതിനു പിന്നാലെ ബാലയുടെയും അമൃതയുടെയും മകളായ അവന്തിക വിശദീകരണവുമായി എത്തിയിരുന്നു. അച്ഛനെതിരെ ഗുരുതര ആരോപണങ്ങളാണ് അവന്തിക എന്ന പാപ്പു സോഷ്യല്‍ മീഡിയയിലൂടെ ഉന്നയിച്ചത്. അതെല്ലാം വൈറലായി മാറുകയും ചെയ്തിരുന്നു.