നടന്‍ ബേസില്‍ ജോസഫിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അതേതാ നടനെന്ന പെണ്‍കുട്ടിയുടെ ചോദ്യം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ഇഷ്ടനടന്‍ ആരാണെന്ന അച്ഛന്റെ ചോദ്യത്തിന് മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരെക്കുറിച്ച് പറഞ്ഞെങ്കിലും ബേസില്‍ ജോസഫിനെക്കുറിച്ച് ചോദിച്ചപ്പോള്‍, 'അങ്ങനൊരു നടനില്ല' എന്നായിരുന്നു കുട്ടിയുടെ മറുപടി. തുടര്‍ന്ന് ബേസിലിന്റെ ചിത്രം കാണിച്ചുകൊടുത്തപ്പോള്‍, വീട്ടില്‍ മീന്‍ വില്‍ക്കാന്‍ വരുന്ന യൂസഫിക്കയല്ലേ എന്നായിരുന്നു കുട്ടിയുടെ പ്രതികരണം.
സ്‌കൂട്ടറില്‍ വലിയ മീന്‍ പെട്ടിയുമായി വരുന്നയാളെയാണ് തനിക്കറിയാമെന്നും കുട്ടി ഉറപ്പിച്ചു പറഞ്ഞു. ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ നടന്‍ ബേസില്‍ ജോസഫ് തന്നെ മറുപടിയുമായി രംഗത്തെത്തി. 'മോളേ നീ കേരളത്തിലോട്ട് വാ, ഞാന്‍ നിനക്ക് കാണിച്ചുതരാം. രണ്ട് കിലോ മത്തിയും കൊണ്ടുവരാം,' എന്നായിരുന്നു ബേസിലിന്റെ രസകരമായ മറുപടി.
അതേസമയം, ടൊവിനോ- ബേസില്‍ സൗഹൃദവും ട്രോളുകളുമായും ബന്ധപ്പെടുത്തിയും കമന്റുകള്‍ കാണാം. ഇതിന്റെ പിറകില്‍ മറ്റൊരു പ്രമുഖ നടനാണ്, ഇതിന് കാശ് മുടക്കിയത് ടോവിനോ ചേട്ടന്‍ തന്നെ, സത്യം പറ ടോവിനോ ചേട്ടാ നിങ്ങള്‍ടെ കൊട്ടേഷന്‍ അല്ലേ, ടൊവി മാമന്‍ എത്ര തന്നെന്നു ചോയിക്ക് ബേസി എന്നിങ്ങനെ പോവുന്നു കമന്റുകള്‍.