നടിയെ പീഡിപ്പിച്ച കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ പോകുന്നതിനെ കുറ്റപ്പെടുത്തിയ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെതിരെ രൂക്ഷവിമര്‍ശനവുമായി നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. അതിജീവിതയ്ക്കൊപ്പം പോവുകയെന്നത് സര്‍ക്കാരിന്റെ കടമയാണ്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ അതിജീവിതമാര്‍ക്കൊപ്പമല്ല, വേട്ടക്കാര്‍ക്കൊപ്പമാണെന്ന് അടൂര്‍ പ്രകാശ് ഉറപ്പിച്ച് പറയുകയാണെന്നും അവര്‍ പറഞ്ഞു.
ഫെയ്സ്ബുക്ക് വീഡിയോയിലൂടെയാണ് ഭാഗ്യലക്ഷ്മിയുടെ വിമര്‍ശനം. ഫെഫ്കയില്‍ നിന്നും ഭാഗ്യലക്ഷ്മി രാജിവയ്ക്കുകയും ചെയ്തു. 'സാറെ, ഇതുതന്നെയാണ് സാറെ സര്‍ക്കാര്‍ ചെയ്യേണ്ടത്. ഒരു അതിജീവിതയ്ക്കൊപ്പം പോവുകയെന്നത് സര്‍ക്കാരിന്റെ കടമയാണ്. സര്‍ക്കാര്‍ അങ്ങനെ തന്നെയാണ് പ്രവര്‍ത്തിക്കേണ്ടത്. താങ്കള്‍ ഈ പ്രസ്താവനയിലൂടെ ഒരു കാര്യം വ്യക്തമാക്കുകയാണ്, ഞങ്ങളുടെ പാര്‍ടി അധികാരത്തില്‍ വന്നാല്‍ ഒരുക്കലും അതിജീവിതമാര്‍ക്കൊപ്പം നില്‍ക്കില്ല, ഞങ്ങള്‍ വേട്ടക്കാര്‍ക്കൊപ്പം മാത്രമേ നില്‍ക്കൂ എന്ന് താങ്കള്‍ ഉറപ്പിച്ച് പറയുകയാണ്.
ഇന്നലെ കീഴ്ക്കോടതിയില്‍ നിന്ന് പലരീതിയില്‍ സ്വാധീനവും പണവും ഉപയോഗിച്ച് താല്‍ക്കാലികമായി രക്ഷപ്പെട്ട കുറ്റാരോപിതനായ ദിലീപ് താങ്കളുടെ ഏറ്റവും അടുത്ത സുഹൃത്താണ് എന്ന് പറയുന്നു. വേട്ടക്കാര്‍ രക്ഷപ്പെടുന്നുണ്ടെങ്കില്‍ തങ്കളെ പോലുള്ളവരുടെ സ്വാധീനം മൂലമാണെന്ന് വളരെ വ്യക്തമാണ്. തദ്ദേശ തെരഞ്ഞെടുപ്പ് സമയത്താണ് പ്രസ്താവന. വോട്ട് ചെയ്യുന്ന ഓരോരുത്തരും ഇതൊക്കെയാണ് ഇവരുടെ മനസിലിരിപ്പ് എന്ന് ശ്രദ്ധിക്കുക'- ഭാഗ്യലക്ഷ്മി വീഡിയോയില്‍ പറയുന്നു.
അതേസമയം നടന്‍ ദിലീപിനെ സംഘടനകളിലേക്ക് തിരിച്ചെടുക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് ഫെഫ്കയില്‍ നിന്ന് ഭാഗ്യലക്ഷ്മി രാജിവെച്ചത്. അന്തിമ വിധിയെന്ന നിലയില്‍ സംഘടനകള്‍ കാണുന്നുവെന്നും ഇനി ഒരു സംഘടനയുടെയും ഭാഗമാകില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
ഫെഫ്കയും താരസംഘടനയായ അമ്മയും വേട്ടക്കാര്‍ക്കൊപ്പമെന്നും ഭാഗ്യലക്ഷ്മി ആരോപിച്ചു. അതിജീവിതയ്‌ക്കൊപ്പമല്ല ഇവരെന്ന് തിരിച്ചറിയുന്നു. താര സംഘടന 'അമ്മ'യ്ക്കുനേരെയും രൂക്ഷ വിമര്‍ശനമാണ് ഭാഗ്യലക്ഷ്മി ഉന്നയിച്ചത്. അമ്മയുടെ തലപ്പത്ത് സ്ത്രീകള്‍ വന്നിട്ടും ഫലമില്ല. സ്ത്രീകള്‍ നയിക്കുന്നതില്‍ പ്രതീക്ഷയുണ്ടായിരുന്നെന്നും അവര്‍ പറയുന്നത് പിന്നിലുള്ള പുരുഷന്മാരുടെ അഭിപ്രായമാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.