Latest News

ജപ്പാനില്‍ നിന്നും ആഡംബര വാഹനം മോഷ്ടിക്കും; ഭൂട്ടാനില്‍ എത്തിച്ച് പാര്‍ട്സുകളാക്കി കോയമ്പത്തൂരില്‍ എത്തിക്കും; അസംബിള്‍ ചെയ്ത് മറിച്ചു വില്‍പ്പന; കാര്‍ റാലിയുടെ പേരിലും കാറുകള്‍ അതിര്‍ത്തി കടന്നു; മാഫിയയെ നിയന്ത്രിക്കുന്നത് ഭൂട്ടാന്‍ റോയല്‍ ആര്‍മിയിലെ മുന്‍ ഉദ്യോഗസ്ഥന്‍; അമിത് ചക്കാലയ്ക്കലിന്റെ നോര്‍ത്ത്-ഈസ്റ്റ് ബന്ധവും അന്വേഷണത്തില്‍

Malayalilife
 ജപ്പാനില്‍ നിന്നും ആഡംബര വാഹനം മോഷ്ടിക്കും; ഭൂട്ടാനില്‍ എത്തിച്ച് പാര്‍ട്സുകളാക്കി കോയമ്പത്തൂരില്‍ എത്തിക്കും; അസംബിള്‍ ചെയ്ത് മറിച്ചു വില്‍പ്പന; കാര്‍ റാലിയുടെ പേരിലും കാറുകള്‍ അതിര്‍ത്തി കടന്നു; മാഫിയയെ നിയന്ത്രിക്കുന്നത് ഭൂട്ടാന്‍ റോയല്‍ ആര്‍മിയിലെ മുന്‍ ഉദ്യോഗസ്ഥന്‍; അമിത് ചക്കാലയ്ക്കലിന്റെ നോര്‍ത്ത്-ഈസ്റ്റ് ബന്ധവും അന്വേഷണത്തില്‍

ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് മോഷ്ടിച്ചതടക്കമുള്ള ആഡംബര കാറുകള്‍ വ്യാജ ഉടമസ്ഥതാ രേഖകളുണ്ടാക്കി ഭൂട്ടാന്‍ വഴി ഇന്ത്യയിലേയ്ക്ക് കടത്തുന്ന റാക്കറ്റിന്റെ മുഖ്യകണ്ണി ഭൂട്ടാന്‍ റോയല്‍ ആര്‍മിയിലെ മുന്‍ ഉദ്യോഗസ്ഥനാണെന്ന് കണ്ടെത്തി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍. ഭൂട്ടനില്‍ നിന്ന് വാഹനങ്ങള്‍ പാര്‍ട്സുകളാക്കി കോയമ്പത്തൂരിലെത്തിക്കുന്ന സംഘമാണ് പ്രധാന ഇടനിലക്കാര്‍. കോയമ്പത്തൂരില്‍ അസംബിള്‍ ചെയ്ത് ആവശ്യക്കാര്‍ക്ക് വാഹനങ്ങള്‍ വില്‍ക്കുകയായിരുന്നു. നടന്‍ അമിത് ചക്കാലക്കല്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചിരുന്നതിനെ ക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്. അമിത് നടത്തിയ വിദേശയാത്രങ്ങളും സാമ്പത്തിക ഇടപാടുകളും പരിശോധിക്കും. 

ഇറക്കുമതിയുടെയും മുന്‍പ് കൈവശം വച്ചിരുന്നവരുടെയും അടക്കം വിശദരേഖകള്‍ കസ്റ്റംസിന് കൈമാറിയതായി അമിത് പ്രതികരിച്ചു. തനിക്ക് വിദേശയാത്രകള്‍ക്ക് വിലക്കില്ല. തന്റ് ഗാരിജിലുണ്ടായിരുന്ന മറ്റ് വാഹനങ്ങളുടെ ഉടമകളും രേഖകള്‍ സമര്‍പ്പിക്കുമെന്ന് അമിത് അറിയിച്ചു.  ഭൂട്ടാന്‍ വഴി കടത്തുന്ന എസ്യുവി വാഹനങ്ങളിലധികവും ജപ്പാനില്‍നിന്നു മോഷണം പോയ വണ്ടികളാണെന്നും സൂചനകളുണ്ട്. ഇന്ത്യയിലെ ജപ്പാന്‍ എംബസിയുടെ സഹകരണത്തോടെ കഴിഞ്ഞ 10 വര്‍ഷങ്ങള്‍ക്കിടയില്‍ ജപ്പാനില്‍നിന്നു മോഷണംപോയ വാഹനങ്ങളുടെ വിശദാംശങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ ശേഖരിക്കും. ഭൂട്ടാന്‍ വഴി ഇന്ത്യയിലേക്കുള്ള ആഡംബര കാര്‍ കടത്തിന് ഇന്‍ഡോ-ഭൂട്ടാന്‍ കാര്‍ റാലികളും കള്ളക്കടത്തു റാക്കറ്റ് ഉപയോഗിച്ചു. ഓരോ തവണയും റാലിയില്‍ പങ്കെടുക്കുന്നതു 30 മുതല്‍ 50 വരെ കാറുകളാണെങ്കിലും റാലിയുടെ സ്റ്റിക്കര്‍ പതിച്ച നൂറിലധികം കാറുകള്‍ അകമ്പടിയായി റാലിയില്‍ പങ്കെടുക്കും. 

ഇത്തരത്തില്‍ പരിശോധന ഒഴിവാക്കി കള്ളക്കടത്തു കാറുകളും അതിര്‍ത്തി കടക്കുന്നു. റാലിയില്‍ പങ്കെടുക്കുന്ന മുഴുവന്‍ കാറുകള്‍ക്കും ജിപിഎസ് സംവിധാനമുണ്ടെങ്കിലും അകമ്പടി കാറുകള്‍ക്ക് നിര്‍ബന്ധമില്ല. 2015 മുതല്‍ കള്ളക്കടത്തു സംഘങ്ങള്‍ സ്വന്തം നിലയില്‍ കാര്‍ റാലികള്‍ സംഘടിപ്പിക്കുന്നുവെന്നും സൂചനയുണ്ട്. ഇതു കാരണം 2020 നു ശേഷം ഇന്‍ഡോ-ഭൂട്ടാന്‍ കാര്‍ റാലികള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്ത്യയില്‍ തുടങ്ങി ഭൂട്ടാനില്‍ അവസാനിക്കുന്ന കാര്‍ റാലികള്‍ക്കാണു പിന്നീട് അനുവാദം നല്‍കിയത്. സംഘത്തിന്റെ ഇന്ത്യയിലെ ഇടപാടുകള്‍ക്ക് ചരട് വലിക്കുന്നത് നാഗാലന്‍ഡ് സ്വദേശിയാണെന്നാണ് നിഗമനം. ഇയാളുടെ മലയാളി ഏജന്റ് വഴിയാണ് നടന്‍മാര്‍ക്ക് അടക്കം കാറുകള്‍ വിറ്റത് എന്നാണ് സൂചന.അതിനിടെ കടത്തില്‍ നിര്‍ണ്ണായക വിവരങ്ങള്‍ കസ്റ്റംസിന് കിട്ടി. കുണ്ടന്നൂരിലെ വര്‍ക്ഷോപ്പില്‍നിന്നു പിടിച്ചെടുത്ത വണ്ടിയുടെ ഉടമ മൂവാറ്റുപുഴ സ്വദേശി മാഹിന്‍ അന്‍സാരിയെ അന്വേഷണ സംഘം ചോദ്യംചെയ്തിരുന്നു. കബളിപ്പിക്കപ്പെട്ടതായി മാഹിന്‍ മൊഴി നല്‍കി. 

വണ്ടി നല്‍കിയവരുടെ മുഴുവന്‍ വിവരങ്ങളും അന്വേഷണ സംഘത്തിനു കൈമാറിയതായി മാഹിന്‍ പറഞ്ഞു. കേസില്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന നടന്‍ അമിത് ചക്കാലയ്ക്കലിന്റെ സമീപകാലത്തെ യാത്രാവിവരങ്ങള്‍ കസ്റ്റംസ് ശേഖരിക്കുന്നുണ്ട്. ഭൂട്ടാനില്‍നിന്നു ഹിമാചല്‍പ്രദേശ്, അരുണാചല്‍പ്രദേശ്, സിക്കിം, അസം എന്നീ സംസ്ഥാനങ്ങളില്‍ വഴി കേരളത്തിലെത്തിച്ചതായി കസ്റ്റംസ് കണ്ടെത്തിയ 200 വാഹനങ്ങളില്‍ 38 കാറുകളാണു കസ്റ്റഡിയിലെടുക്കാന്‍ കഴിഞ്ഞത്. ശേഷിക്കുന്നവയെക്കുറിച്ച് ഇപ്പോഴും വിവരമില്ല. കസ്റ്റംസില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇഡിയും പരിശോധന ആരംഭിച്ചു. പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് കേരളത്തിലെ പല നടന്മാരുടേയും കയ്യിലുള്ളത് ജപ്പാനില്‍ നിന്നും മോഷ്ടിച്ച കാറുകളാകാനും സാധ്യതയുണ്ട്. ഓപ്പറേഷന്‍ നുംഖോറിനെതിരെ ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലെ തീരുമാനവും നിര്‍ണ്ണായകമാണ്. ഡിഫന്‍ഡര്‍ വാഹനം പിടിച്ചെടുത്തത് ചോദ്യംചെയ്താണ് ഹര്‍ജി. എല്ലാ നിയമനടപടികളും പൂര്‍ത്തിയാക്കിയതെന്ന് ദുല്‍ഖര്‍. കസ്റ്റംസ് രേഖകള്‍ പരിശോധിച്ചില്ല, മുന്‍വിധിയോടെ പെരുമാറിയെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ദുല്‍ഖര്‍ സല്‍മാന്റെ കയ്യില്‍ ഭൂട്ടാനില്‍ നിന്നും അനധികൃതമായി ഇറക്കുമതി ചെയ്ത നാലോളം വാഹനങ്ങള്‍ ഉണ്ടെന്നും, ഇതില്‍ രണ്ടെണ്ണമാണ് പിടിച്ചെടുത്തതെന്നുമാണ് കസ്റ്റംസ് കമ്മീഷണര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. 

ഇതില്‍ ഡിഫന്‍ഡര്‍ വാഹനം പിടിച്ചെടുത്തതിനെതിരെയാണ് ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്. ലഭിച്ച രേഖകളുടെ അടിസ്ഥാനത്തില്‍ വാഹനത്തിന് സാധുവായ ഉടമസ്ഥാവകാശവും രജിസ്ട്രേഷനും ഉണ്ടെന്ന് വിശ്വസിച്ചാണ് വാഹനം വാങ്ങിയതെന്ന് ഹര്‍ജിയില്‍ പറയുന്നു. കൃത്യമായ രേഖകള്‍ പ്രകാരമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വാഹനം പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള നാണക്കേട് ഉണ്ടായി. വാഹനങ്ങള്‍ പിടിച്ചെടുക്കുന്ന സമയത്ത് തന്നെ കൃത്യമായി രേഖകള്‍ ഉണ്ടെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഈ രേഖകള്‍ പരിശോധിക്കാന്‍ പോലും മെനക്കെടാതെയാണ് ധൃതി പിടിച്ച് കസ്റ്റംസ് വാഹനം പിടിച്ചെടുത്തത്. തനിക്ക് സ്വര്‍ണ്ണക്കടത്ത്, ലഹരിമരുന്ന്, രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയുണ്ടെന്ന തരത്തില്‍ പ്രചാരണങ്ങളുണ്ടായി. ഇത് തന്റെ യശസ്സിന് കളങ്കം ഉണ്ടാക്കിയെന്നും ഹര്‍ജിയില്‍ പറയുന്നു.

bhuttan vehicle case amit

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES