ബിനീഷ് ബാസ്റ്റിന്റെ വിവാഹവാര്‍ത്ത കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. ബിനീഷ് തന്നെയാണ് സോളമനും ശോശന്നയും ഒന്നാകുന്നു എന്ന വിശേഷം പുറത്ത് വിട്ടത്.അടൂരുകാരിയായ താരയുമായി അഞ്ചു വര്‍ഷത്തെ പ്രണയമായിരുന്നു ബിനീഷിന്.
'സോഷ്യല്‍മീഡിയ വഴിയാണ് താര എന്നെ ആദ്യമായി കാണുന്നത്. അത് അഞ്ച് വര്‍ഷം മുന്‍പാണ്. ഫാന്‍ ഗേള്‍ ആയിട്ടാണ് ആദ്യം എനിക്ക് മെസേജ് അയക്കുന്നത്. അന്ന് ആലുവയിലാണ് താരയ്ക്ക് ജോലി. ഞാന്‍ ഒരു ഉത്ഘാടനത്തിന് പോയപ്പോള്‍ ആണ് ആദ്യമായി കാണുന്നത്. മൂന്ന് വര്‍ഷത്തോളം സുഹൃത്തുക്കള്‍ ആയിരുന്നു. താരയ്ക്ക് എന്റെ എല്ലാ കാര്യങ്ങളും അറിയാം. അങ്ങനെ എല്ലാം അറിയുന്ന ഒരാള്‍ ജീവിതത്തിലേക്ക് വരുമ്പോള്‍ ആണല്ലോ സന്തോഷം' എന്നാണ് ബിനീഷ് ബാസ്റ്റിന്‍ പങ്ക് വക്കുന്നത്.
താര റെജി ജോണ്‍ എന്നാണ് ബിനീഷിന്റെ പെണ്ണിന്റെ മുഴുവന്‍ പേര്. 2022 ജനുവരി 19ാം തീയതിയാണ് ബിനീഷിനൊപ്പമുള്ള ആദ്യ ചിത്രം താര സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നത്. ഗ്രേറ്റ് ഡേ.. ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ദിവസം എന്നു കുറിച്ചുകൊണ്ടാണ് അനിയത്തിയ്ക്കും ബിനീഷിനും ഒപ്പം നില്‍ക്കുന്ന ചിത്രം താര പങ്കുവച്ചത്.
'കല്യാണത്തിന്റെ തീയതി തീരുമാനിച്ചിട്ടില്ല. സോഷ്യല്‍മീഡിയയില്‍ ഇടാനുള്ള ഞങ്ങള്‍ ഒരുമിച്ചുള്ള ഫോട്ടോഷൂട്ട് നടത്തിയെന്നേയുള്ളൂ. എന്നേക്കാള്‍ കൂടുതല്‍ എന്റെ കല്യാണം നടക്കാന്‍ ആഗ്രഹം എന്റെ അമ്മച്ചിയ്ക്ക് ആയിരുന്നു. അമ്മച്ചി പത്ത് വര്‍ഷമായി പള്ളിയില്‍ പോകുന്നത് തന്നെ എന്റെ കല്യാണം നടക്കണം എന്ന് പ്രാര്‍ത്ഥിക്കാനാണ്. എനിക്കൊരു ബ്രദര്‍ ഉണ്ട്, ബ്രദറിന്റെ കല്യാണം കഴിഞ്ഞു.
അമ്മച്ചി ഹാപ്പിയാണ്. പത്ത് പന്ത്രണ്ട് വര്‍ഷമായി എന്ത് വ്‌ലോഗ് ഇട്ടാലും അതില്‍ വരുന്ന നൂറില്‍ എണ്‍പത് ശതമാനം കമന്റുകളും ബിനീഷ് ബാസ്റ്റിനെ എന്താണ് കല്യാണം കഴിപ്പിക്കാത്തത് എന്നായിരുന്നു. അതിനൊരു മറുപടിയായായിട്ടാണ് കല്യാണം.
കഴിഞ്ഞ 15 വര്‍ഷക്കാലത്തിലേറെയായി സിനിമാലോകത്ത് സജീവമാണ് ബിനീഷ്. ഗുണ്ടാ വേഷങ്ങളിലൂടെയാണ് ബിനീഷ് ബാസ്റ്റിന്‍ മലയാളികള്‍ക്ക് സുപരിചിതനാകുന്നത്. അഭിനയിച്ചതില്‍ ഭൂരിഭാഗവും ഗുണ്ടയായി തന്നെയാണ്. കട്ടപ്പനിയിലെ ഹൃത്വിക് റോഷനിലൂടെ 'മലയാള സിനിമയിലെ സ്ഥിരം ഗുണ്ട'യുമായി. വിജയ് നായകാനായ തമിഴ് ചിത്രം 'തെരി'യിലൂടെയാണ് ബിനീഷ് മലയാളികളുടെ ശ്രദ്ധ നേടുന്നത്. ചിത്രത്തിന്റെ പ്രദര്‍ശന ദിവസവും ടൈല്‍സു പണിക്കു പോകുന്ന ആ വില്ലന്‍ കേരളത്തിലെ യുവാക്കള്‍ക്ക് നായകനായി മാറുകയായിരുന്നു. പിന്നീട് കോളജുകളിലെ പരിപാടികള്‍ക്ക് ഉദ്ഘാടകനായി. പത്താം ക്ലാസു തോറ്റ, കൂലി പണിക്കാരനായ താന്‍ ഇങ്ങനെ ഉയരുമെന്ന് ഈ ഫോര്‍ട്ട് കൊച്ചിക്കാരന്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല.
'പോക്കിരിരാജ', 'അണ്ണന്‍ തമ്പി', 'സൗണ്ട് തോമ', 'താപ്പാന', 'പാസഞ്ചര്‍', 'ഡബിള്‍ ബാരല്‍', 'തെറി', 'കാട്ടുമാക്കാന്‍' എന്നിങ്ങനെ ഇരുപതിലധികം ചിത്രങ്ങളില്‍ ബിനീഷ് അഭിനയിച്ചു. സ്റ്റാര്‍ മാജിക് ഷോയിലൂടെയും ബിനീഷ് കൂടുതല്‍ ജനപ്രിയനാകുന്നത്. അപ്പന്‍ നേരത്തെ മരിച്ചുപോയ ബിനീഷിന് അമ്മച്ചി മാത്രമാണുള്ളത്. യൂട്യൂബ് ചാനലുമായും സജീവമായ ബിനീഷിന്റെ അമ്മച്ചിയ്ക്കും ആരാധകര്‍ ഏറെയാണ്.