മലയാള സിനിമാതാരം ബിനീഷ് ബാസ്റ്റിന്‍ വിവാഹിതനാവുന്നുവെന്ന വിവരം ഇന്നലെ വൈകുന്നേരത്തോടെയാണ് നടന്‍ സോഷ്യല്‍മീഡിയ വഴി പുറത്ത് വിട്ടത്. അടൂര്‍ സ്വദേശിനിയായ താരയാണ് വധു. അഞ്ചു വര്‍ഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നു. ബിനീഷ് തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ഈ സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്.
'ടീമേ.. ഇന്ന് മുതല്‍ എന്നും, സന്തോഷത്തിലും ദുഃഖത്തിലും, ആരോഗ്യത്തിലും അനാരോഗ്യത്തിലും, സമ്പത്തിലും ദാരിദ്ര്യത്തിലും, പരസ്പര സ്‌നേഹത്തോടും, വിശ്വസ്തതയോടും കൂടി, ഏക മനസ്സോടെ 'താര' എന്നോടൊപ്പം ഉണ്ടാകും. കല്യാണത്തിന്റെ ഡേറ്റ് പിന്നീട് അറിയിക്കാം. എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനയും വേണം,' ബിനീഷ് കുറിച്ചു.
ഇരുവരും ഓഫ്വൈറ്റ് വസ്ത്രങ്ങളില്‍ പോസ് ചെയ്യുന്ന ചിത്രം പോസ്റ്റ് ചെയ്താണ് ബിനീഷിന്റെ വിവാഹപ്രഖ്യാപനം.പശ്ചിമകൊച്ചിയിലെ സാധാരണ പശ്ചാത്തലത്തില്‍ നിന്നാണ് ബിനീഷ് സിനിമാ മേഖലയില്‍ വളര്‍ന്നു വന്നത്. സമൂഹ മാധ്യമങ്ങളിലും താരം സജീവമാണ്.അമ്മച്ചിയുമൊത്തുള്ള ബിനീഷിന്റെ വീഡിയോകള്‍ ഏറെ വൈറലാകാറുണ്ട്.
കൊച്ചി മുണ്ടന്‍വേലിയിലാണ് ബിനീഷ് ഇപ്പോള്‍ താമസിക്കുന്നത്. പ്രതിശുത്ര വധുവായ താര അടൂര്‍ സ്വദേശിനിയാണ്. എറണാകുളത്ത് ജോലി ചെയ്യുകയാണ് താര. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും ബിനീഷ് പങ്കുവെച്ചു. 'ഈ സോളമനും ശോശന്നയും കണ്ടുമുട്ടി' എന്നാണ് ചിത്രത്തിന് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരിയോട് കൂടി വിവാഹം നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. അതിന് മുന്‍പ് മനസമ്മതവും ഉണ്ടാകും. വിവാഹത്തീയതി വൈകാതെ അറിയിക്കുമെന്നും തന്നെ സ്നേഹിക്കുന്ന എല്ലാവരെയും ക്ഷണിക്കുമെന്നും താരം അറിയിച്ചു.
വിവാഹിതനാകണമെന്ന തന്റെ അമ്മച്ചിയുടെ ഏറ്റവും വലിയ ആഗ്രഹമാണ് പൂവണിയുന്നതെന്ന് ബിനീഷ് മാധ്യമങ്ങളോടു പ്രതികരിച്ചു.
സമൂഹ മാധ്യമങ്ങളില്‍ ദശലക്ഷത്തിലേറെ ഫോളോവേഴ്സ് ആണ് ബിനീഷിനുള്ളത്. അമ്മച്ചിയുമായുള്ള പാചക വീഡിയോകള്‍ക്ക് താഴെ നിരവധി പേരാണ് ബിനീഷ് കല്യാണം കഴിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. പ്രായമായ അമ്മച്ചിയെ കഷ്ടപ്പെടുത്തരുതെന്നും ചിലര്‍ ഉപദേശിക്കാറുണ്ട്. എന്നാല്‍ പ്രണയത്തിലാണെന്ന് വിവരം താരം ഇത്രയും നാളും പുറത്തുവിട്ടിരുന്നില്ല. വൈകിയുള്ള വിവാഹമാണെങ്കിലും സന്തോഷമുണ്ടെന്നും ബിനീഷ് പറഞ്ഞു.
പത്തുവര്‍ഷത്തിലേറെയായി സിനിമാലോകത്ത് സജീവമായ ബിനീഷ് ബാസ്റ്റിന്‍ നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. കൊച്ചി സ്വദേശിയായ ബിനീഷ് ബാസ്റ്റിന്‍ മലയാളം, തമിഴ് ചലച്ചിത്ര മേഖലകളില്‍ സജീവമാണ്. 2009ലെ ഏഞ്ചല്‍ ജോണ്‍ എന്ന സിനിമയിലൂടെയാണ് ബിനീഷിന്റെ സിനിമാ പ്രവേശം. 2024ല്‍ റിലീസ് ചെയ്ത 'ബാഡ് ബോയ്‌സ്' എന്ന സിനിമയിലാണ് ബിനീഷ് ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. എയ്ഞ്ചല്‍ ജോണ്‍, പോക്കിരി രാജ, അണ്ണന്‍ തമ്പി, സൗണ്ട് തോമ, താപ്പാന, ഡാം 999, പാസഞ്ചര്‍, കൊരട്ടി... തുടങ്ങി നിരവധി ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.