ആടുജീവിതം' എന്ന ചിത്രത്തിന് ദേശീയ അവാര്‍ഡ് നിഷേധിക്കപ്പെട്ടപ്പോള്‍ പ്രതികരിക്കാതിരുന്നത് ഭയം കൊണ്ടാണെന്ന് സംവിധായകന്‍ ബ്ലെസി. രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ കാരണം കലാകാരന്മാര്‍ പോലും മൗനം പാലിക്കാന്‍ നിര്‍ബന്ധിതരാവുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇ.ഡി.യുടെ പരിശോധനകള്‍ പ്രതീക്ഷിക്കാമെന്ന മുന്നറിയിപ്പും അദ്ദേഹം പങ്കുവെച്ചു.
'ആടുജീവിതം' എന്ന സിനിമയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഒരു കലാകാരന്‍ ജീവിതത്തില്‍ അനുഭവിക്കേണ്ട എല്ലാവിധ കഷ്ടപ്പാടുകളിലൂടെയും കടന്നുപോയതായി ബ്ലെസി ഓര്‍ത്തെടുത്തു. എന്നിട്ടും ചിത്രം മോശമാണെന്ന് വിലയിരുത്തപ്പെടുമ്പോള്‍ ഉണ്ടാകുന്ന നിരാശ വലുതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഗള്‍ഫില്‍ നടന്ന ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ വെച്ച് 'മഹാരാജ' എന്ന സിനിമയുടെ സംവിധായകന്‍, ദേശീയ അവാര്‍ഡ് കിട്ടാതെ പോയപ്പോള്‍ എന്തുകൊണ്ട് മൃദുവായി പ്രതികരിച്ചുവെന്ന് ചോദിച്ചതായി ബ്ലെസി ഓര്‍ക്കുന്നു.
എത്ര ഉറക്കെ സംസാരിച്ചാലും ഒന്നും സംഭവിക്കില്ലെന്നും, മറിച്ച് സ്വസ്ഥത നഷ്ടമാവാനും ഇ.ഡി.യുടെ പരിശോധനകള്‍ നേരിടേണ്ടി വരാനും സാധ്യതയുണ്ടെന്നും അദ്ദേഹം മറുപടി നല്‍കി. ഇത്തരം രാഷ്ട്രീയ സാഹചര്യങ്ങളാണ് പലപ്പോഴും കലാകാരന്മാരെ നിശ്ശബ്ദരാക്കുന്നത്. ഒരു അവാര്‍ഡ് കിട്ടാത്തതിനെക്കുറിച്ച് പ്രതികരിക്കുന്നത് ജൂറിയുടെ തീരുമാനത്തെ മാനിക്കാതിരിക്കലാകുമെന്നും, എന്നാല്‍ അതിന് പിന്നില്‍ പ്രവര്‍ത്തിച്ച രാഷ്ട്രീയ കാരണങ്ങള്‍ എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം സൂചിപ്പിച്ചു. അവ തുറന്നുപറയാന്‍ ഭയമുണ്ടെന്നും, ഒരു സിനിമയില്‍ ഒരു പേരിടാന്‍ പോലും ചരിത്രം പഠിക്കേണ്ടി വരുന്ന കാലമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇസ്രായേലില്‍ നടക്കുന്ന ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ചതായും ബ്ലെസി അറിയിച്ചു. ഇസ്രായേല്‍ എംബസി വഴിയാണ് ഡിസംബറില്‍ നടക്കുന്ന 'വെലല്‍' ഫിലിം ഫെസ്റ്റിവലിലേക്കുള്ള ക്ഷണം അദ്ദേഹത്തിന് ലഭിച്ചത്. ഇന്ത്യയില്‍ നിന്ന് ഏകദേശം പത്തോളം പേര്‍ക്ക് ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് ബ്ലെസി സൂചിപ്പിച്ചു. എന്നാല്‍, നിലനില്‍ക്കുന്ന സംഘര്‍ഷം കണക്കിലെടുത്ത്, അവിടെ നടക്കുന്ന രാഷ്ട്രീയ ചര്‍ച്ചകളുടെ സ്വഭാവത്തെക്കുറിച്ച് തനിക്ക് വ്യക്തമായ ധാരണയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെയാണ് എംബസി അധികൃതരെ താന്‍ താല്‍പര്യക്കുറവ് അറിയിച്ചത്.
പ്രതിനിധികള്‍ക്കായി അയച്ച ബയോഡാറ്റ വിശദീകരണത്തില്‍ ഫലസ്തീന്‍, പാക്കിസ്താന്‍, തുര്‍ക്കി, അള്‍ജീരിയ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നോ എന്ന ചോദ്യം, അവരുടെ യഥാര്‍ത്ഥ ഉദ്ദേശ്യത്തെക്കുറിച്ചുള്ള സൂചന നല്‍കിയെന്നും ഇത് ക്ഷണം നിരസിക്കാന്‍ കാരണമായെന്നും ബ്ലെസി കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ കലാകാരന്മാര്‍ പ്രതികരണത്തെ ഭയപ്പെടുന്നതായും ഇ.ഡിയുടെ വേട്ടയാടലുകള്‍ മൗനം പാലിക്കാന്‍ നിര്‍ബന്ധിതരാക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗസ്സയിലായാലും യുക്രൈനിലായാലും, ഇത്തരം സംഘര്‍ഷങ്ങളില്‍ നിരപരാധികളായ സാധാരണക്കാരുടെ ജീവിതങ്ങളാണ് നഷ്ടപ്പെടുന്നതെന്ന തിരിച്ചറിവ് നഷ്ടപ്പെട്ടുപോവുന്നത് നിര്‍ഭാഗ്യകരമാണെന്നും ബ്ലെസി അഭിപ്രായപ്പെട്ടു.
'ആടുജീവിതം' സിനിമയെ ദേശീയ അവാര്‍ഡില്‍ പരിഗണിക്കാതിരുന്നത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. മികച്ച നടന്‍, സംവിധായകന്‍, ഛായാഗ്രഹണം തുടങ്ങി 14 വിഭാഗങ്ങളില്‍ ചിത്രം ഇടം പിടിച്ചിരുന്നെങ്കിലും ഒരു പുരസ്‌കാരവും ലഭിച്ചില്ല. 'ദ കേരള സ്റ്റോറി'ക്ക് പുരസ്‌കാരം നല്‍കിയതും ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.