ലയാളികളുടെ പ്രിയപ്പെട്ട രാഷ്ട്രീയ നേതാവ് വി.എസ്.അച്യുതാനന്ദന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി സിനിമാ ലോകവും. കമല്‍ഹാസന്‍,മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ് , കുഞ്ചാക്കാബോബന്‍, നിവിന്‍ പോളി, മഞ്ജുവാര്യര്‍ അടക്കമുള്ള താരങ്ങള്‍ വി എസിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
അവഗണിക്കപ്പെട്ടവരുടെ വഴികാട്ടിയായിരുന്നു അച്യുതാനന്ദനെന്നും കേരളത്തിനും ഇന്ത്യയ്ക്കും നഷ്ടമായത് ഒരു യഥാര്‍ത്ഥ ജനകീയ ചാമ്പ്യനെ ആണെന്നും കമല്‍ഹാസന്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.
'വി.എസ്.അച്യുതാനന്ദന്‍- അവഗണിക്കപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള വഴികാട്ടിയായവന്‍ ഇപ്പോള്‍ വിശ്രമിക്കുന്നു. കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും സ്വാതന്ത്ര്യ സമര സേനാനിയും കമ്മ്യൂണിസ്റ്റ് ഐക്കണും ആയിരുന്ന അദ്ദേഹം മറക്കപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള പോരാട്ടം അവസാനിപ്പിച്ചിരുന്നില്ല. ഒരു യഥാര്‍ത്ഥ ജനകീയ ചാമ്പ്യനെയാണ് കേരളത്തിനും ഇന്ത്യയ്ക്കും നഷ്ടപ്പെട്ടത്. വിട, സഖാവേ', എന്നായിരുന്നു കമല്‍ഹാസന്‍ കുറിച്ചത്.
ജീവിതം തന്നെ സമരമാക്കിയ ജനനായകന്‍, പ്രിയപ്പെട്ട സഖാവ് വി.എസ്സിന് കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍. സാധാരണക്കാരുടെ പ്രതീക്ഷയും, പ്രത്യാശയുമായി തിളങ്ങി നിന്ന ആ മഹത് വ്യക്തിത്വവുമായി എക്കാലത്തും സ്‌നേഹബന്ധം പുലര്‍ത്താനായത് ഭാഗ്യമായി ഞാന്‍ കാണുന്നു. മൂന്ന് തവണ പ്രതിപക്ഷ നേതാവായും, ഒരു തവണ മുഖ്യമന്ത്രിയായും സേവനമനുഷ്ഠിച്ച അദ്ദേഹം നിലപാടുകളിലും ആദര്‍ശത്തിലും എക്കാലവും ഉറച്ചുനിന്നു. മലയാളിയുടെ മനസ്സില്‍ അദ്ദേഹത്തിന് മരണമില്ല.'- മോഹന്‍ലാല്‍ കുറിച്ചു.
'പ്രിയ സഖാവ് വി.എസ്. അച്യുതാനന്ദന് ആദരാഞ്ജലികള്‍', എന്നായിരുന്നു മമ്മൂട്ടി കുറിച്ചത്.
വി.എസ്.അച്യുതാനന്ദന്റെ കാല്പാദത്തില്‍ ഒരു മുറിവിന്റെ ഇന്നും മായാത്ത പാടുള്ളതായി ഒരിക്കല്‍ വായിച്ചതോര്‍ക്കുന്നു. പുന്നപ്ര-വയലാര്‍ സമരത്തിന്റെ ഓര്‍മയായ ബയണറ്റ് അടയാളം. ആ കാല്പാദം കൊണ്ടാണ് അദ്ദേഹം ജനഹൃദയങ്ങളിലേക്ക് നടന്നുകയറിയത്. അത് ഓരോ ചുവടിലും സൂക്ഷിച്ചിരുന്നതുകൊണ്ടാണ് അദ്ദേഹം എന്നുമൊരു പോരാളിയായിരുന്നതും. സ്ത്രീ സുരക്ഷയ്ക്ക് വേണ്ടിയുള്ള വി.എസിന്റെ നിലപാടുകള്‍ കാലത്തിന്റെ ആവശ്യകത കൂടിയായിരുന്നു. പേരിനെ ശരിയടയാളമാക്കിയ നേതാവിന് ആദരാഞ്ജലി എന്നും മഞ്ജു കുറിച്ചു.
മലയാളികളുടെ സ്വന്തം സമരനായകന്‍ എന്നാണ് അനുശോചന കുറപ്പില്‍ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി വി എസിനെ വിശേഷിപ്പിച്ചത്. നടന്മാരായ ആസിഫ് അലി, ഉണ്ണി മുകുന്ദന്‍ എന്നിവരും സോഷ്യല്‍ മീഡിയയിലൂടെ വിഎസിന് ആദരാഞ്ജലികള്‍ നേര്‍ന്നു. കേരളത്തിന്റെ വിപ്ലവ സൂര്യന്‍ അസ്തമിച്ചു എന്നാണ് നടന്‍ ദിലീപിന്റെ വാക്കുകള്‍.
ഒരുപാട് അര്‍ഥങ്ങളുള്ള വിട എന്ന ഒറ്റവാക്കില്‍ നടന്‍ വി കെ ശ്രീരാമന്‍ ദുഃഖം പ്രകടിപ്പിച്ചു. വിഎസിന് വേണ്ടി പ്രാര്‍ഥനകള്‍. സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി അനുശോചനം രേഖപ്പെടുത്തിയത് ഇപ്രകാരം. നിത്യശാന്തിയിലേക്ക്.. ലാല്‍സലാം സഖാവേ നടന്‍ കുഞ്ചാക്കോ ബോബന്റെ അനുശോചനം.
കമ്മ്യൂണിസ്റ്റുകള്‍ക്കിടയില്‍ തികച്ചും വ്യത്യസ്തനായിരുന്നു, വിഎസ് അച്യുതാനന്ദന്‍. തനിക്ക് ശരിയെന്ന് തോന്നുന്നകാര്യങ്ങളില്‍ പാര്‍ട്ടി വിലക്കുകളെ മറികടന്ന് വിട്ടുവീഴ്ച ചെയ്യാതെ അതു മുറുകെപ്പിടിക്കാന്‍ ധൈര്യം കാണിച്ച വ്യക്തിത്വമായിരുന്നു വിഎസ്. കേരള സംസ്ഥാനം കണ്ട എക്കാലത്തെയും ജനപ്രിയ കമ്മ്യൂണിസ്റ്റ് നേതാക്കളില്‍ ഒരാളായ വിഎസ് അച്യുതാനന്ദന് ആദരാഞ്ജലികള്‍', എന്നായിരുന്നു നടനും ബിജെപി നേതാവുമായ കൃഷ്ണ കുമാര്‍ കുറിച്ചത്.
'വിപ്ലവ വീര്യത്തിന്റെ അസ്തമിക്കാത്ത പ്രഭാവം. കമ്മ്യൂണിസ്‌റ് പ്രസ്ഥാനത്തിന്റെ മാത്രമല്ല മലയാളികളുടെ എല്ലാം പ്രിയപ്പെട്ട വി എസ് നു വിട. 'ഇല്ല ഇല്ല മരിക്കുന്നില്ല' കോടി കണക്കിന് ജനഹൃദയങ്ങളില്‍ വി എസ് ജീവിക്കുന്നു. കണ്ണീരില്‍ കുതിര്‍ന്ന പ്രണാമം', എന്നായിരുന്നു സംവിധായകനും നടനുമായ അഖില്‍ മാരാര്‍ കുറിച്ചത്.
ശരത് അപ്പാനി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണ്ണരൂപംഇങ്ങനെയാണ്:
ഒരാള്‍ ജീവിച്ചു മരിച്ച കാലത്തിനുമപ്പുറം പൊതുസമൂഹത്തില്‍ ഓര്‍ക്കപ്പെടണമെങ്കില്‍ അയാള്‍ ഉണ്ടാക്കിയ ഓര്‍മകളും ഭാഗമായ ചരിത്രങ്ങളും അത്രയേറെ ആ സമൂഹത്തെ സ്വeധീനിച്ചിരിക്കണം. എന്തിനും കുറ്റം പറയുന്ന മലയാളികള്‍ 'കണ്ണേ കരളേ' എന്ന് കളങ്കമില്ലാതെ വിളിച്ച് നെഞ്ചോട് ചേര്‍ക്കണമെങ്കില്‍ അത്രത്തോളം ആ ജനത അദ്ദേഹത്തെ
സ്നേഹിച്ചിരിക്കണം. ബഹുമാനിച്ചിരിക്കണം. ഉറപ്പാണ് വിട പറയുന്നത് ശരീരം മാത്രമാണ്. നിങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച വ്യക്തതയുള്ള ആശയങ്ങളുണ്ടാകും ഇവിടെ. വേദനയയും ചോരയും കിനിഞ്ഞ പോരാട്ടങ്ങള്‍ നിലനില്‍ക്കുമിവിടെ. കാറ്റിനും കാലത്തിനും മായ്ക്കാനാകാതെ. കാരണം ഇത് വി എസ് ആണ്....പുന്നപ്ര വയലാറിലെ മൂര്‍ച്ചയുള്ള വാരിക്കുന്തം. അതിനെക്കാള്‍ മൂര്‍ച്ചയുള്ള നിലപാടിന്റെ നേരര്‍ത്ഥം. എന്റെ മകന്‍ ആരോപിതന്‍ ആണെങ്കില്‍ അവനെ പറ്റിയും അന്വേഷിക്കണം എന്ന് പറയുന്ന ചങ്കൂറ്റം. അരിവാള് മാത്രം തപ്പി വോട്ടിങ് മെഷീനില്‍ കുത്തുന്ന എന്റെ അടക്കമുള്ള അമ്മമാരുടെ അച്ചുമാമ്മ. ഒരു ജനതയുടെ ഒരേ ഒരു വി എസ്.
ലാല്‍ സലാം സഖാവേ... സമരങ്ങളില്ലാതെ ഉറങ്ങുക... ഇനി വിശ്രമം.......