രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണെന്ന സന്തോഷം ആരാധകരുമായി പങ്കുവെച്ച് ബോളിവുഡ് താരങ്ങളായ ദീപിക പദുകോണും രണ്‍വീര്‍ സിംഗും. സോഷ്യല്‍ മീഡിയയിലൂടെയാണ് താരദമ്പതികള്‍ ഈ സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്. മകള്‍ ദുവ പോസിറ്റീവ് പ്രെഗ്‌നന്‍സി ടെസ്റ്റ് കിറ്റ് കൈയ്യില്‍ പിടിച്ചുനില്‍ക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചുകൊണ്ടാണ് പുതിയ അതിഥിയുടെ വരവിനെക്കുറിച്ച് ദീപിക അറിയിച്ചത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ എട്ടിനാണ് ഇവര്‍ക്ക് ആദ്യത്തെ മകള്‍ ദുവ ജനിച്ചത്.
അടുത്തിടെ നടന്ന വേവ്‌സ് (WAVES 2025) ഉച്ചകോടിയില്‍ മാതൃത്വം തന്റെ ജീവിതത്തെ എപ്രകാരം സ്വാധീനിച്ചു എന്നതിനെക്കുറിച്ച് ദീപിക മനസ്സ് തുറന്നിരുന്നു. 'ഇതുവരെ എന്റെ ജീവിതം എനിക്കു വേണ്ടിയുള്ളതായിരുന്നു. എന്റെ സ്വപ്നങ്ങളും കരിയറുമായിരുന്നു മുന്‍ഗണന. എന്നാല്‍ ഒരു കുഞ്ഞ് ജനിക്കുന്നതോടെ മറ്റൊരു ജീവന്റെ ഉത്തരവാദിത്തം നമ്മളിലേക്ക് എത്തുകയാണ്. അത് നമ്മെ കൂടുതല്‍ പക്വതയുള്ളവരാക്കും,' ദീപിക പറഞ്ഞു. സിനിമാ കുടുംബത്തിലെ ലൈംലൈറ്റില്‍ നിന്നെല്ലാം മാറി മകള്‍ക്ക് സാധാരണമായ ഒരു ബാല്യം നല്‍കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.
എട്ട് മണിക്കൂര്‍ ഷിഫ്റ്റ് എന്ന തന്റെ നിബന്ധന നിര്‍മ്മാതാക്കള്‍ അംഗീകരിക്കാത്തതിനെത്തുടര്‍ന്ന് സന്ദീപ് റെഡ്ഡി വംഗയുടെ ആക്ഷന്‍ ത്രില്ലര്‍ 'സ്പിരിറ്റ്', നാഗ് അശ്വിന്റെ 'കല്‍ക്കി 2898 എഡി പാര്‍ട്ട് 2' എന്നീ ബിഗ് ബജറ്റ് ചിത്രങ്ങളില്‍ നിന്ന് ദീപിക പിന്മാറിയതായാണ് റിപ്പോര്‍ട്ടുകള്‍.
2013-ല്‍ 'ഗൊളിയോന്‍ കി രാസലീല രാം-ലീല' എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് ദീപികയും രണ്‍വീറും പ്രണയത്തിലാകുന്നത്. 2015-ല്‍ രഹസ്യമായി വിവാഹനിശ്ചയം നടത്തിയ ഇവര്‍ 2018 നവംബറിലാണ് ഇറ്റലിയിലെ ലേക്ക് കോമോയില്‍ വെച്ച് വിവാഹിതരായത്. ദീപികയുടെ കൊങ്കണി പാരമ്പര്യവും രണ്‍വീറിന്റെ സിന്ധി പാരമ്പര്യവും അനുസരിച്ചുള്ള ചടങ്ങുകളോടെയായിരുന്നു വിവാഹം.
കരിയറിലും മികച്ച മുന്നേറ്റമാണ് ദമ്പതികള്‍ നടത്തുന്നത്. രണ്‍വീര്‍ നായകനായ 'ധുരന്ധര്‍ 2' ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായി തുടരുകയാണ്. ഷാരൂഖ് ഖാനൊപ്പം സിദ്ധാര്‍ത്ഥ് ആനന്ദ് ഒരുക്കുന്ന 'കിങ്' ആണ് ദീപികയുടെ അടുത്ത ചിത്രം. കൂടാതെ അറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്ത്രതില്‍ അല്ലു അര്‍ജുനൊപ്പവും ദീപിക പ്രധാന വേഷത്തിലെത്തുന്നുണ്ട്.