ബോളിവുഡ് താരം ശ്രേയസ് തല്‍പഡേയേ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന വാര്‍ത്ത് ആരാധകരെ ആശങ്കപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന് ആന്‍ജിയോപ്ലാസ്റ്റി ചെയ്തിരുന്നു. ഇപ്പോഴിതാ ചികിത്സയെല്ലാം കഴിഞ്ഞ് ശ്രേയസ് വീട്ടില്‍ തിരിച്ചെത്തിയ വിവരം പങ്കുവെച്ചിരിക്കുകയാണ് ഭാര്യ ദീപ്തി തല്‍പഡേ.
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ശ്രേയസ് തല്‍പഡേയുടെ സുഖവിവരം ദീപ്തി അറിയിച്ചത്. ശ്രേയസ് തല്‍പഡേ ആരോഗ്യവാനായും സുരക്ഷിതനായും വീട്ടില്‍ തിരിച്ചെത്തിയെന്ന് ദീപ്തി കുറിച്ചു.
എവിടെയാണ് വിശ്വാസം അര്‍പ്പിക്കേണ്ടതെന്ന് അറിയില്ല എന്നു പറഞ്ഞ് ശ്രേയസിനോട് ഞാന്‍ തര്‍ക്കിക്കുമായിരുന്നു. ആ ചോദ്യത്തിനുളള ഉത്തരം ഇന്ന് അറിയാനാവുന്നു. ദൈവം എന്നതാണ് അതിനുളള ഉത്തരം. ആ സായാഹ്നത്തില്‍ ഞങ്ങളുടെ ജീവിതത്തെ പിടിച്ചുലച്ച സംഭവം നടന്നപ്പോള്‍ ദൈവം ഒപ്പമുണ്ടായിരുന്നു. ഇനിയൊരിക്കലും ഞാന്‍ ദൈവത്തിന്റെ അസ്തിത്വത്തെ ചോദ്യം ചെയ്യുമെന്ന് കരുതുന്നില്ല -ദീപ്തി കുറിച്ചു.
ഞങ്ങളുടെ നാട്ടിലെ നല്ല മനസുളളവരോട് നന്ദി പറയാന്‍ ഈ നിമിഷം ഞാന്‍ ആഗ്രഹിക്കുകയാണ്. അന്ന് വൈകുന്നേരം ഞാന്‍ സഹായത്തിനായി പലരേയും വിളിച്ചു. പത്തുപേരെ എനിക്കുകിട്ടി. ശ്രേയസ് കാറിനുളളില്‍ ഉണ്ടായിരുന്നെങ്കിലും ആരെയാണ് സഹായിക്കുന്നതെന്ന് അവരാരും അറിഞ്ഞിരുന്നില്ല. അവര്‍ ഓടി വരികയായിരുന്നു. എന്റെ സന്ദേശം നിങ്ങളിലേക്ക് എത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു ഞാന്‍ നിങ്ങളോട് എന്നും നന്ദിയുളളവളായിരിക്കുമെന്ന് ദയവായി അറിയുക.
സുഹൃത്തുക്കളോടും കുടുംബത്തോടും സിനിമാ മേഖലയോടും നന്ദി പറയാന്‍ ആഗ്രഹിക്കുകയാണ്. പലരും അവരുടെജോലിപോലും മാറ്റിവെച്ച് തന്റെ കൂടെ നിന്നു. താനൊരിക്കലും തനിച്ചായിരുന്നില്ല. അതിനുകാരണം നിങ്ങളെല്ലാവരുമാണ്. തനിക്ക് ചായാന്‍ തോളുകളും ധൈര്യത്തോടെ നില്‍ക്കാന്‍ വലിയ പിന്തുണയും ഉണ്ടായിരുന്നുവെന്നും ദീപ്തി കൂട്ടിച്ചേര്‍ത്തു. ശ്രേയസിനെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കും അവര്‍ കുറിപ്പില്‍ നന്ദി പറയുന്നുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു വെല്‍ക്കം ടു ദ ജംഗിള്‍ എന്ന സിനിമയുടെ സെറ്റില്‍ വെച്ച് ശ്രേയസ് തല്‍പഡേയ്ക്ക് ഹൃദയാഘാതമുണ്ടായത്. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ആന്‍ഡിയോപ്ലാസ്റ്റി ചെയ്തതായും അദ്ദേഹം സുഖം പ്രാപിച്ചുവരുന്നതായും അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. മുംബൈ വെസ്റ്റ് അന്ധേരിയിലെ ബെല്‍ വ്യൂ ആശുപത്രിയിലാണ് ശ്രേയസ് ചികിത്സയില്‍ക്കഴിഞ്ഞിരുന്നത്