വിവാദ സംവിധായകന്‍ വിവേക് അഗ്നിഹോത്രിയുടെ പുതിയ ചിത്രം 'ദി ബംഗാള്‍ ഫയല്‍സ്' വീണ്ടും ചര്‍ച്ചയാകുന്നു. ചിത്രത്തിന് എ-സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടും കുട്ടികളെ തീയേറ്ററുകളില്‍ കാണിച്ചുവെന്നാരോപിച്ച് യൂട്യൂബര്‍ ധ്രുവ് റാഠി രംഗത്തെത്തി.
എക്സില്‍ (മുന്‍ ട്വിറ്റര്‍) വിവേക് അഗ്നിഹോത്രി പങ്കുവച്ച ഹൗസ് ഫുള്‍ ഷോയുടെ ചിത്രമാണ് വിവാദത്തിന് തുടക്കമായത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ സിനിമ കാണുന്ന ദൃശ്യമുള്ള ചിത്രം പങ്കുവെച്ച് ''ഈ ചിത്രം എല്ലാം പറയും'' എന്ന കുറിപ്പാണ് സംവിധായകന്‍ നല്‍കിയിരുന്നത്.
ധ്രുവ് റാഠി ഈ പോസ്റ്റിന് കീഴില്‍ പ്രതികരിച്ച്, ''എ-സര്‍ട്ടിഫിക്കറ്റുള്ള സിനിമ കുട്ടികള്‍ക്ക് കാണിക്കുന്നത് കുറ്റകൃത്യമാണ്. ഇത്രയധികം രക്തച്ചൊരിച്ചിലും ക്രൂരതയും ഉള്ള ദൃശ്യങ്ങള്‍ അവരുടെ ബാല്യത്തെ തകര്‍ക്കും'' എന്ന് വിമര്‍ശിച്ചു.
സംവിധായകന്‍ വിവേക് അഗ്നിഹോത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. 1946-ലെ കൊല്‍ക്കത്ത കലാപമാണ് 'ദി ബംഗാള്‍ ഫയല്‍സ്'യുടെ പശ്ചാത്തലമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഏറെ വിവാദങ്ങള്‍ക്കൊടുവിലായിരുന്നു ചിത്രത്തിന്റെ റിലീസ്. 'ദി കശ്മീര്‍ ഫയല്‍സ്', 'ദി താഷ്‌കന്റ് ഫയല്‍സ്' തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് വിവേക് അഗ്നിഹോത്രി.