തന്റെ കരിയറില്‍ ഒരിക്കല്‍ മാത്രം സംഭവിക്കാന്‍ സാധ്യതയുള്ള ചിത്രമാണ് 'കാന്ത'യെന്ന് ദുല്‍ഖര്‍ സല്‍മാന്‍. ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിനിടെയാണ് താരം ഈക്കര്യം വ്യക്തമാക്കിയത്. ചിത്രത്തിന്റെ നിര്‍മ്മാണം ആറ് വര്‍ഷം നീണ്ടുപോയതിനെക്കുറിച്ചും തിരക്കഥ മെച്ചപ്പെടുത്താനായി നടത്തിയ ചര്‍ച്ചകളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. 2019-ല്‍ ഒരു ദിവസം ഉച്ചകഴിഞ്ഞ് മൂന്നു മണിക്കാണ് 'കാന്ത'യുടെ കഥ ആദ്യമായി കേള്‍ക്കുന്നതെന്ന് ദുല്‍ഖര്‍ പറഞ്ഞു.
സംവിധായകന്‍ സെല്‍വയുടെ കഥ പറച്ചിലില്‍ അത്രയധികം മുഴുകിപ്പോയെന്നും, സാധാരണയായി ഒന്നര-രണ്ട് മണിക്കൂറില്‍ അവസാനിക്കുന്ന കഥപറച്ചില്‍ അന്ന് വൈകുന്നേരം ഏഴര വരെ നീണ്ടുപോയെന്നും താരം പറഞ്ഞു. ആദ്യ പകുതി മാത്രം കേള്‍ക്കാന്‍ നാല്-അഞ്ച് മണിക്കൂര്‍ എടുത്തതില്‍ അമ്പരന്നെങ്കിലും, കഥയോടുള്ള ഇഷ്ടം കാരണം സമയം പോയതറിഞ്ഞില്ലെന്ന് ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു. സെല്‍വ സംഗീതം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍, ഒരു സിനിമ കാണുന്ന പ്രതീതിയായിരുന്നുവെന്നും ദുല്‍ഖര്‍ പറഞ്ഞു.
തുടരും ഐഎഫ്എഫ്ഐയിലെ ഇന്ത്യന്‍ പനോരമ വിഭാഗത്തിലേക്ക് തെരെഞ്ഞെടുത്തതില്‍ പ്രതികരിച്ച് മോഹന്‍ലാല്‍ 'ഒരു സിനിമയ്ക്കുവേണ്ടി ജീവിതത്തില്‍ ഇത്രയധികം സ്‌ക്രിപ്റ്റ് മീറ്റിംഗുകള്‍ നടത്തിയിട്ടില്ല,' ദുല്‍ഖര്‍ പറഞ്ഞു. 'കഥയുടെ ഏതെങ്കിലും ഭാഗം മാറ്റണമെന്ന് പറഞ്ഞാല്‍, സെല്‍വ അതിനനുസരിച്ച് പുതിയ വഴികളിലേക്ക് നീങ്ങുകയും പിന്നീട് പഴയ കഥയിലേക്ക് തിരിച്ചെത്താന്‍ ഞങ്ങള്‍ ചര്‍ച്ചകള്‍ നടത്തുകയും ചെയ്യുമായിരുന്നു. നാലഞ്ച് വര്‍ഷത്തോളമായി ഞങ്ങള്‍ ഇത് തുടര്‍ന്നുവരികയായിരുന്നു. ഓരോ 'കാന്താ' മീറ്റിംഗും അഞ്ച് മണിക്കൂറില്‍ കുറയാതെ നീണ്ടുനിന്നു. ഏകദേശം 10-12 മീറ്റിംഗുകളിലായി 50 മുതല്‍ 80 മണിക്കൂറോളം ഞങ്ങള്‍ കഥകള്‍ കേട്ടിട്ടുണ്ട്.'
ഈ സിനിമ കൈവിട്ടുപോകുമോ എന്ന് തനിക്ക് പോലും ഭയമുണ്ടായിരുന്നതായി അദ്ദേഹം സമ്മതിച്ചു. സെല്‍വയുടെ കഥ പറച്ചിലിന്റെ രീതിയും ഓരോ ഘട്ടത്തിലും തിരക്കഥ മെച്ചപ്പെടുത്താന്‍ നടത്തിയ ശ്രമങ്ങളുമാണ് ഇതിനെല്ലാം കാരണമെന്ന് ദുല്‍ഖര്‍ വിശദീകരിച്ചു. ഒരുപാട് നാളത്തെ കാത്തിരിപ്പിനും നിരന്തരമായ ചര്‍ച്ചകള്‍ക്കും ശേഷം 'കാന്ത' പ്രേക്ഷകരിലേക്ക് എത്താന്‍ തയ്യാറെടുക്കുന്നതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.