Latest News

പ്രേമനൈരാശ്യവും കുടുംബപ്രശ്‌നങ്ങളുംമൂലം ആത്മഹത്യ ചെയ്‌ത നിരവധി കഥാപാത്രങ്ങൾ; പ്രേക്ഷകരെ ഞെട്ടിച്ച് ആത്മഹത്യ ചെയ്‌ത സിനിമാ താരങ്ങള്‍

Malayalilife
topbanner
 പ്രേമനൈരാശ്യവും കുടുംബപ്രശ്‌നങ്ങളുംമൂലം ആത്മഹത്യ ചെയ്‌ത നിരവധി കഥാപാത്രങ്ങൾ; പ്രേക്ഷകരെ ഞെട്ടിച്ച് ആത്മഹത്യ ചെയ്‌ത സിനിമാ താരങ്ങള്‍

പ്രേമനൈരാശ്യവും കുടുംബപ്രശ്‌നങ്ങളുംമൂലം ആത്മഹത്യ ചെയ്യുന്ന നിരവധി കഥാപാത്രങ്ങളെ സിനിമകളില്‍ കണ്ടിട്ടുണ്ട്. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍, വെള്ളിത്തിരയില്‍ സജീവമായിരിക്കെ സ്വയം ജീവനൊടുക്കിയ താരങ്ങളും മലയാള സിനിമയിലുണ്ട്. പലരുടെയും മരണകാരണം ഇന്നും ദുരൂഹമായി തുടരുന്നു. പ്രേക്ഷകരെ ഞെട്ടിച്ച് ആത്മഹത്യ ചെയ്‌ത സിനിമാ താരങ്ങള്‍.

സന്തോഷ് ജോഗി

സഹനടനായും വില്ലനായും പ്രേക്ഷകരുടെ ഇഷ്ടം നേടിയ നടനാണ് സന്തോഷ് ജോഗി. 2010 ഏപ്രിലാണ് ഇദ്ദേഹത്തെ സുഹൃത്തിന്റെ ഫ്‌ളാറ്റില്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ സ്ഥാനമുറപ്പിച്ച കലാകാരനായിരുന്നു. മോഹന്‍ലാലിനൊപ്പം കീര്‍ത്തിച്ചക്രയും മമ്മുട്ടിയ്‌ക്കൊപ്പം മായാവിയിലും തിളങ്ങിയ സന്തോഷ് ജോഗി നല്ലൊരു പാട്ടുകാരനുമായിരുന്നു. ആരാധകരെയും ബന്ധുക്കളെയും ഞെട്ടിക്കുന്നതായിരുന്നു സന്തോഷ് ജോഗിയുടെ ആത്മഹത്യ. അദ്ദേഹത്തിന്റെ മരണകാരണം ഇന്നും അവ്യക്തമായി തുടരുന്നു.

ശ്രീനാഥ്

മലയാളികളുടെ മറ്റൊരു പ്രിയതാരത്തെ കൂടി 2010 ഏപ്രിലില്‍ മരണം കൂട്ടികൊണ്ടു പോയി. എണ്‍പതുകളില്‍ വെള്ളിത്തിരയിലെത്തിയ ശ്രീനാഥിനെ കോതമംഗലത്തെ ഒരു ഹോട്ടല്‍മുറിയിലാണ് ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്. കുടുബപ്രശ്‌നങ്ങള്‍, സിനിമാ രംഗത്തുനിന്നുള്ള പ്രശ്‌നങ്ങള്‍ എന്നിവ കാരണങ്ങളായി പറയപ്പെടുന്നുണ്ടെങ്കിലും യഥാര്‍ത്ഥ കാരണം ഇന്നും അവ്യക്തമാണ്. സന്ധ്യമയങ്ങും നേരം, ശാലിനി എന്റെ കൂട്ടുകാരി തുടങ്ങിയ സിനിമകളിലൂടെ മലയാളി സിനിമാ പ്രേമികളുടെ മനസ്സ് കീഴടക്കിയ താരമാണ് ശ്രീനാഥ്. സഹതാരമായിരുന്ന ശാന്തികൃഷ്‌ണയ വിവാഹം ചെയ്‌തെങ്കിലും ആ ബന്ധം അധികകാലം നീണ്ടുനിന്നില്ല. മോഹന്‍ലാല്‍ ചിത്രം ശിക്കാറില്‍ അഭിനയിച്ചു കൊണ്ടിരിക്കെയായിരുന്നു ആത്മഹത്യ.

മയൂരി

തമിഴ്, മലയാളം ചലച്ചിത്ര രംഗത്ത് സജീവമായിരിക്കെയാണ് മയൂരി ജീവിത്തോട് വിട പറയുന്നത്. ജീവിതത്തിലുള്ള പ്രതീക്ഷ നഷ്‌‌ടപ്പെട്ടതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്ന് സഹോദരന് എഴുതിയ കത്തില്‍ മയൂരി പറഞ്ഞിരുന്നു. മരിക്കുമ്പോള്‍ 22 വയസ്സായിരുന്നു മയൂരിയുടെ പ്രായം. പ്രേം പൂജാരി, സമ്മര്‍ ഇന്‍ ബത്‌ലഹേം, ആകാശ ഗംഗ, അരയന്നങ്ങളുടെ വീട്, തമിഴില്‍ മന്മഥന്‍, കനാകണ്ടേന്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഏകദേശം 20 ഓളം ചിത്രങ്ങളില്‍ അിനയിച്ച മയൂരിയുടെ മരണം സിനിമാ ലോകത്ത് വന്‍ ഞെട്ടലാണുണ്ടാക്കിയത്. പ്രേമനൈരാശ്യവും മാനസികസമ്മര്‍ദവുമാണ് മയൂരിയുടെ മരണത്തിന് പുറകിലെന്നും പറയപ്പെടുന്നു.

സില്‍ക്ക് സ്‌മിത

ഏവരെയും ഞെട്ടിച്ചുകൊണ്ടാണ് ഒരു കാലത്ത് ദക്ഷിണേന്ത്യക്കാരുടെ ഹരമായിരുന്ന സില്‍ക്ക് സ്‌മിത ആത്മഹത്യ ചെയ്‌തത്. ചെന്നൈയിലെ അപ്പാര്‍ട്ട്‌മെന്റില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു സ്‌മിതയുടെ മൃതദേഹം കാണപ്പെട്ടത്. എഴുപതുകളുടെ അവസാനത്തില്‍ സിനിമയിലെത്തിയ സ്‌മിത മൂന്നാംപിറ, തീരം തേടുന്ന തിര തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായത്. ഇടയ്ക്ക് നിര്‍മ്മാതാവിന്റെ റോളിലേക്കു മാറിയെങ്കിലും പരാജയപ്പെട്ടു. 1996 ല്‍ തന്റെ 36-ാം വയസ്സില്‍ സ്‌മിത ജീവിതം സ്വയം അവസാനിപ്പിച്ചു. ബോളിവുഡ് ചിത്രം ഡേര്‍ട്ടിപിക്ച്ചര്‍ സില്‍ക്ക് സ്‌മിതയുടെ ജീവിതത്തെ ആസ്‌പദമാക്കിയെടുത്തതാണ്.

ശോഭ

സിനിമാ ലോകത്തെ ഒന്നടക്കം ഞെട്ടിച്ചതായിരുന്നു നടി ശോഭയുടെ മരണം. പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴാണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് ശോഭ ആത്മഹത്യ ചെയ്തത്. വെറും 17 വയസ്സായിരുന്നു മരിക്കുമ്പോള്‍ ശോഭയുടെ പ്രായം. 1996 ല്‍ ബാലതാരമായാണ് ശോഭ സിനിമയിലെത്തുന്നത്. ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ഉത്രാടരാത്രിയാണ് (1978) നായികയായ ആദ്യ ചിത്രം. പ്രശസ്ത സംവിധായകന്‍ ബാലു മഹേന്ദ്രയുമായി 1978 ല്‍ ഇവരുടെ വിവാഹം കഴിഞ്ഞിരുന്നു. വിവാഹബന്ധം തകര്‍ച്ചയുടെ അവസാനമെത്തി നില്‍ക്കുമ്പോഴായിരുന്നു ആത്മഹത്യ. കെ.ജി. ജോര്‍ജ് ഒരുക്കിയ ‘ലേഖയുടെ മരണം ഒരു ഫ്‌ളാഷ്ബാക്ക്’ ശോഭയുടെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത ചിത്രമാണ്.

വിജയശ്രീ

എഴുപതുകളില്‍ ദക്ഷിണേന്ത്യ കീഴടക്കിയ വിജയശ്രീയും സിനിമാപ്രേമികളെ ഞെട്ടിച്ചുകൊണ്ട് ആത്മഹത്യചെയ്ത നടിയാണ്. മലയാളസിനിമ കണ്ട എക്കാലത്തെയും സുന്ദരിയായ നായികയാണ് വിജയശ്രീ. അങ്കത്തട്ട്, ആരോമലുണ്ണി, പൊന്നാപുരം കോട്ട എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍. മലയാളത്തിലെ ഒരു പ്രമുഖ നിര്‍മ്മാതാവാണ് വിജയശ്രീയുടെ മരണത്തിന് പിന്നിലെന്നു പറയപ്പെടുന്നു.

നന്ദു (പ്രിന്‍സ്)

കലാരഞ്ജിനി- കൽപന- ഉര്‍വശി സഹോദരങ്ങളുടെ സഹോദരന്‍ പ്രിന്‍സിന്റെ ആത്മഹത്യയും സിനിമാലോകത്ത് ഏറെ ചര്‍ച്ചയ്ക്കിടയാക്കി. ഇരുപത്തിയേഴാം വയസ്സിലാണ് പ്രിന്‍സ് ജീവിതം അവസാനിപ്പിക്കുന്നത്. തുളസിദാസ് സംവിധാനം ചെയ്ത ലയനം (1989) ആയിരുന്നു നന്ദു അഭിനയിച്ച ചിത്രം. പ്രേമനൈരാശ്യവും ലഹരി ഉപയോഗവുമാണു മരണകാരണമെന്ന് അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ടെങ്കിലും യഥാര്‍ത്ഥകാരണം ഇപ്പോഴും ദുരൂഹമായി നില്‍ക്കുന്നു.

Movie stars who shocked the audience and committed suicide

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES