കേരളത്തില്‍ കളരിപ്പയറ്റ് അഭ്യസിക്കുകയാണെന്ന് ചലച്ചിത്രതാരം ഇഷ തല്‍വാര്‍. തൃശൂരിലെ ചാവക്കാടുള്ള ശ്രീനാരായണഗുരു സ്മാരക വല്ലഭട്ട കളരിസംഘത്തിലാണ് താരം പരിശീലനം നടത്തുന്നത്. കളരിപ്പയറ്റ് പരിശീലനത്തിനിടെയുള്ള ചിത്രങ്ങളും അനുഭവങ്ങളും ഇഷ തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെ ആരാധകരുമായി പങ്കുവെച്ചു.
ഗുരുക്കന്മാര്‍ക്കൊപ്പം പരിശീലനം നടത്തുന്നതിന്റെയും കളരി പരിശീലനത്തിന്റെയും ദൃശ്യങ്ങളാണ് താരം പോസ്റ്റ് ചെയ്തത്. കളരിപ്പയറ്റ് എന്ന കലാരൂപത്തെ അതിന്റെ തനിമയോടെ നിലനിര്‍ത്താനും അടുത്ത തലമുറകളിലേക്ക് പകര്‍ത്താനും ശ്രമിക്കുന്ന പത്മശ്രീ ഗുരുജി ശങ്കരനാരായണ മേനോനോടുള്ള നന്ദിയും ഇഷ അറിയിച്ചു. കളരി പഠിപ്പിച്ച ഗുരുജി കൃഷ്ണദാസ്, ഗുരുജി ദിനേശ് ജി, ഗുരുജി രാജീവ് ജി എന്നിവരെയും താരം പ്രത്യേകം പരാമര്‍ശിച്ചു.
'ക്ഷമയോടെ എന്നെ പഠിപ്പിച്ച എന്റെ ഗുരുക്കന്മാര്‍ക്ക് ഞാന്‍ നന്ദി പറയുന്നു. ഈ കലാരൂപത്തെ അതിന്റെ തനിമയോടെ പുനഃസ്ഥാപിക്കുകയും ആചാരാനുഷ്ഠാനങ്ങള്‍ നിലനിര്‍ത്തുകയും അവയെല്ലാം തങ്ങളുടെ കുടുംബത്തിലേക്ക് മനോഹരമായി പകര്‍ന്നു നല്‍കുകയും ചെയ്യുന്ന പത്മശ്രീ ഗുരുജി ശങ്കരനാരായണ മേനോനും എന്റെ പ്രത്യേക നന്ദി,' ഇഷ കുറിച്ചു.
വിവിധ ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും മലയാള സിനിമയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത നടിയാണ് ഇഷ തല്‍വാര്‍. 'തട്ടത്തിന്‍ മറയത്ത്', 'ബാംഗ്ലൂര്‍ ഡെയ്‌സ് 'തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് ഇഷ തല്‍വാര്‍. തന്റെ പരിശീലന ചിത്രങ്ങള്‍ പങ്കുവെച്ചതിലൂടെ ആരാധകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 'ഇനി തട്ടമിട്ട ആയിഷ അല്ല, അറക്കല്‍ ആയിഷ' എന്നായിരുന്നു താരം പങ്കുവെച്ച ചിത്രങ്ങള്‍ക്ക് ലഭിച്ച ഒരു കമന്റ്. ആയിഷ കളരിയും തുടങ്ങിയോ എന്നായിരുന്നു മറ്റൊരാളുടെ സംശയം.