മിമിക്രി ആര്‍ട്ടിസ്റ്റ് ആയിട്ടാണ് ജാഫര്‍ ഇടുക്കി കലാ ജിവിതം തുടങ്ങിയത്. പിന്നീട് സീരിയലിലും കലാഭവനിലും സിനിമയിലുമെത്തി. 2007ലാണ് ആദ്യ സിനിമ ഇറങ്ങിയത്. പിന്നീട് ഒട്ടേറെ നല്ല കഥാപാത്രങ്ങള്‍ നടനെ തേടിയെത്തി. നടന്‍ കലാഭവന്‍ മണിയുടെ മരണത്തില്‍ വിവാദത്തിലായ നടന്‍ കൂടിയാണ് ജാഫര്‍ ഇടുക്കി.
അറിയപ്പെടുന്നത് ജാഫര്‍ ഇടുക്കി എന്നാണെങ്കിലും അദ്ദേഹത്തിന്റെ ഔദ്യോഗിക പേര് ജാഫര്‍ എന്നല്ല. ഇപ്പോഴിതാ അതിനെക്കുറിച്ചും തന്റെ ഒഫിഷ്യല്‍ പേര് വന്ന വഴിയെക്കുറിച്ചും പറയുകയാണ് ജാഫര്‍ ഇടുക്കി.
വീട്ടിലും സിനിമയിലുമൊക്കെ ജാഫര്‍ ആണെങ്കിലും ഇതിനിടയില്‍ ഒരു ജബ്ബാര്‍ വന്നുകേറി. ഒരു കഥയാണ് അത്. ഞങ്ങള്‍ വനത്തിന് അടുത്താണ് അന്ന് താമസിക്കുന്നത്. എന്റെ കുഞ്ഞിലെ നഴ്‌സറിയൊന്നും ഇല്ല. എഴുത്ത് പഠിപ്പിക്കുന്നവരേ ഉള്ളൂ. അങ്കന്‍വാടിയും ഇല്ല. അപ്പോള്‍ എന്നെ മാത്രമല്ല, കൂലിപ്പണിക്കാരുടെ പിള്ളേരെയൊക്കെ ഒരു നാല് വയസ് ആവുമ്പോഴേ സ്‌കൂളില്‍ കൊണ്ടുപോവും.
ഇത്തവണ ചേര്‍ക്കണം എന്ന് പറയും. ഇതിനൊന്നും പഠിക്കാറായിട്ടില്ല എന്ന് പറഞ്ഞ് തിരിച്ചയ്ക്കും. ആ സ്‌കൂളിന്റെ കോണില്‍ ഒരു ഞാറ മരമുണ്ടായിരുന്നു. അതിന്റെ അടുത്തായിട്ട് താമസിക്കുന്ന ഒരു ശാര്‍ങധരന്‍ സാര്‍ ഉണ്ടായിരുന്നു. കൊമ്പന്‍ മീശയൊക്കെയുള്ള ഒരാള്‍. ബെല്ലില്ലാത്ത പള്ളിക്കൂടമെന്നേ ഞാന്‍ പറയൂ. സാര്‍ ആ ഞാറയുടെ ചുവട്ടില്‍ നിന്ന് ഒന്ന് മുരടനക്കിയാല്‍ കുട്ടികളെല്ലാം ഓടി സ്‌കൂളില്‍ കയറും. അത്രയ്ക്ക് പേടി ആയിരുന്നു. ഈ സാറിനെ കാണുമ്പോള്‍ ഞാന്‍ നിക്കറില്‍ സാധിക്കും. അപ്പോള്‍ ആരെയെങ്കിലും കൂട്ടി വീട്ടിലേക്ക് വിടും. ഇത് പലകുറി ആവര്‍ത്തിച്ചു'', ജാഫര്‍ ഇടുക്കി പറയുന്നു.
''ഒരു ദിവസം ശാര്‍ങധരന്‍ സാര്‍ എന്റെ വാപ്പയോട് പറഞ്ഞു, കൊച്ചനെ ഇക്കൊല്ലം വിടണ്ട, അവന്‍ വരാനുള്ളത് ആയിട്ടില്ലെന്ന്. അങ്ങനെ ആ വര്‍ഷം അങ്ങ് പോയി. പക്ഷേ സ്‌കൂളില്‍ ജാഫര്‍ എന്ന പേരില്‍ ചേര്‍ത്തിരുന്നു. അടുത്ത വര്‍ഷം സ്‌കൂളില്‍ എത്തിയപ്പോള്‍ ക്ലര്‍ക്ക് മാറിയിട്ടില്ല. പേര് ചോദിച്ചപ്പോള്‍ വാപ്പ ജാഫര്‍ എന്ന് പറഞ്ഞു.
അയ്യോ ജാഫര്‍ എന്ന് പറഞ്ഞ് ചേര്‍ക്കാന്‍ പറ്റില്ല എന്ന് പറഞ്ഞു. വേറൊരു പേര് ഇട്ടാല്‍ മതിയെന്ന് പറഞ്ഞു. അങ്ങനെയാണെങ്കില്‍ ജബ്ബാര്‍ എന്ന് പേരിട്ടോളാന്‍ വാപ്പ പറഞ്ഞു. അങ്ങനെ ഒഫിഷ്യല്‍ നെയിം ജബ്ബാര്‍ എന്ന് ആയിപ്പോയി. ഇപ്പോഴും വീട്ടിലും നാട്ടിലും ജാഫര്‍ തന്നെയാണ്. ജബ്ബാര്‍ എ എം എന്നാണ് എന്റെ ഒഫിഷ്യല്‍ പേര്'', ജാഫര്‍ ഇടുക്കി പറഞ്ഞവസാനിപ്പിക്കുന്നു.
കലാഭവന്‍ മണിയുടെ മരണത്തെക്കുറിച്ചും അദ്ദേഹവുമായുള്ള അടുപ്പവും നടന്‍ പങ്ക് വച്ചതിങ്ങനെയാണ്.തന്റെ വാട്സാപ്പ് ഡിപിയെന്നും, അത് കളയില്ലെന്നും നടന്‍ ജാഫര്‍ ഇടുക്കി. തന്റെ ഉള്ളില്‍ നിന്ന് മണി ഇപ്പോഴും പോയിട്ടില്ല. അദ്ദേഹം ഇവിടെയൊക്കെയുണ്ട്. തങ്ങളെപ്പോലുള്ളവര്‍ക്ക് അദ്ദേഹമാണ് ശക്തി പകരുന്നത്. 'നിങ്ങള്‍ പൊളിച്ചടുക്കടാ, ഞാനങ്ങ് നേരത്തെ പോകുന്നു' എന്ന് അദ്ദേഹം പറയുന്നതുപോലെയുള്ള ചിന്താഗതിയാണ് ഇപ്പോഴുള്ളത്. അദ്ദേഹം ഉള്ളിലുള്ളതുകൊണ്ടാണ് ഡിപി മാറ്റാത്തതെന്നും അഭിമുഖത്തില്‍ ജാഫര്‍ മനസ് തുറന്നു.
''ചില സിനിമയൊക്കെ തുടങ്ങുമ്പോള്‍ മണി മനസില്‍ കയറിവരും. അത് ഒരു കരുത്താണ്. അദ്ദേഹം പോയിട്ടില്ല. ഈ അന്തരീക്ഷത്തിലൊക്കെ മണിയുണ്ട്. ഇടയ്ക്ക് ചുമ്മാ ഇരിക്കുമ്പോള്‍ അദ്ദേഹത്തോട് വര്‍ത്തമാനം പറയാന്‍ തോന്നും. വര്‍ത്തമ്മാനം ഇങ്ങോട്ട് പറയുന്നത് പോലെ ഫീല്‍ ചെയ്യുന്നുണ്ട്. മണിയെ പോലൊരു കലാകാരന്‍ ഇനി വരില്ല. വിമര്‍ശനങ്ങളും, പല കേസുകളും വന്നിട്ടുണ്ട്. പക്ഷേ, അദ്ദേഹം അദ്ദേഹത്തിന്റെ നിലപാടില്‍ ജീവിച്ചു''-ജാഫര്‍ വ്യക്തമാക്കി.
കലാഭവന്‍ മണിയുടെ മരണത്തിന് പിന്നാലെ താനുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളെക്കുറിച്ചും ജാഫര്‍ പ്രതികരിച്ചു. അന്ന് സംഭവിച്ച വിവാദങ്ങള്‍ സമയക്കേട് മൂലമാണ്. സമയക്കേടില്‍ ഓരോന്ന് വന്നുചേരും. അത് ഏറ്റെടുത്തേ പറ്റൂ. മണി മരിക്കുമ്പോള്‍ പാടിയില്‍ തലേ ദിവസം തങ്ങള്‍ ചെന്നിരുന്നു. അദ്ദേഹത്തിന് എന്താണ് പറ്റിയതെന്ന സ്വഭാവികമായ ചോദ്യം വരും. ആ ചോദ്യമേ പൊലീസും ചോദിച്ചിട്ടുള്ളൂ. തങ്ങള്‍ സെലിബ്രിറ്റിയാണോയെന്ന് പൊലീസിനും സിബിഐക്കും അറിയേണ്ട കാര്യമില്ലെന്നും താരം വ്യക്തമാക്കി.
മണിയുടെ മരണത്തില്‍ ഒറ്റയ്ക്ക് കരഞ്ഞുതീര്‍ക്കണമെന്നുണ്ടായിരുന്നു. പക്ഷേ, കരയാന്‍ സമ്മതിച്ചിട്ടില്ല. 'അവിടെ നിന്നും ഇവിടെ നിന്നു'മൊക്കെ ആക്രമണമുണ്ടായി. അദ്ദേഹവുമായി അടുപ്പമുള്ളവരും അടുത്ത സുഹൃത്തുക്കളുമൊക്കെ കാണുമ്പോള്‍ നമ്മള്‍ എന്തോ ചെയ്തുവെന്ന രീതിയില്‍ നോക്കുമ്പോള്‍ നമ്മള്‍ വല്ലാതെയാകും.
ദൈവം കൊടുത്ത ഒരു അസുഖം മൂലമാണ് അദ്ദേഹം മരണപ്പെട്ടത്. ആശുപത്രിയില്‍ പോയി ചികിത്സിച്ചിരുന്നെങ്കില്‍ മാറാവുന്ന പ്രശ്നമേ ഉണ്ടായിരുന്നുള്ളൂ. ആശുപത്രിയില്‍ പോകുന്നത് അദ്ദേഹത്തിന് ഇഷ്ടമില്ലായിരുന്നു. എന്നാല്‍ മറ്റുള്ളവര്‍ക്ക് രോഗം വന്നാല്‍ അദ്ദേഹം പണം മുടക്കി ചികിത്സിക്കുമായിരുന്നുവെന്നും ജാഫര്‍ ഇടുക്കി വ്യക്തമാക്കി.