മമ്മൂട്ടിയെ നായകനാക്കി ജയരാജ് സംവിധാനം ചെയ്ത് 1992ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ജോണി വാക്കര്‍. മലയാളികള്‍ക്ക് ഇന്നും പ്രിയപ്പെട്ട ചിത്രങ്ങളില്‍ ഒന്നാണ് ജോണി വാക്കര്‍. ചിത്രത്തിലെ ഓരോ കഥാപാത്രത്തിനും ഒരു പ്രത്യേക ഫാന്‍ ബേസ് തന്നെയുണ്ടെന്ന് പറയാം. ചിത്രത്തിലെ പല ഡയലോഗുകളും പ്രേക്ഷകര്‍ക്ക് ഇന്നും കാണാപാഠമാണ്. അതുവരെ കാണാത്ത ഒരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ചതും.
മമ്മൂട്ടി അവതരിപ്പിച്ച ജോണി വര്‍ഗീസ്, കമല്‍ ഘൗര്‍ അവതരിപ്പിച്ച സാമി, നീലകണ്ഠന്‍ നടരാജന്റെ കുട്ടപ്പായി എന്നീ കഥാപാത്രങ്ങളൊക്കെ ഇന്നും മലയാളികള്‍ക്കേറെ ഇഷ്ടമാണ്. എന്നാലിപ്പോള്‍ 35 വര്‍ഷത്തെ തന്റെ കരിയറില്‍ റിഗ്രെറ്റ് തോന്നിയിട്ടുള്ളത് ജോണി വാക്കറിന്റെ ക്ലൈമാക്‌സ് ആണെന്ന് സംവിധായകന്‍ ജയരാജ് പറയുകയാണ്.
ജോണി വാക്കറിന്റെ ക്ലൈമാക്‌സ് ഇതല്ലായിരുന്നു. ഞാന്‍ മമ്മൂക്കയോട് കഥ പറയുമ്പോള്‍ അദ്ദേഹത്തിന്റേത് മരിക്കുന്ന കഥാപാത്രമല്ല. മമ്മൂട്ടിയുടെ പ്രായത്തിലുള്ള ഒരാള്‍ കോളജില്‍ പഠിച്ചാല്‍ ശരിയാകുമോ എന്ന പ്രൊഡ്യൂസറിന്റെ നിരന്തരമായ ചോദ്യങ്ങള്‍ ഉണ്ടായിരുന്നു.
അതില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയാണ് മാറ്റങ്ങള്‍ വരുത്തിയത്. രഞ്ജിത് എന്റെയടുത്ത് പറഞ്ഞു, കാഴ്ച നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഒരാളായി ജോണിയെ അവതരിപ്പിക്കാം. അതുകൊണ്ടാണ് കോളജില്‍ പഠിക്കാന്‍ വരുന്നതെന്ന് ആക്കാം എന്ന്. പിന്നീട് കോളജില്‍ വരുന്നതിന് അങ്ങനെയൊരു റീസണ്‍ കൊടുത്തതാണ്.
അന്ന് എനിക്ക് അത്ര വിവരം ഇല്ലായിരുന്നു. അത് ശരിയായിരിക്കും എന്ന് വിചാരിച്ചു. എന്റെ മനസില്‍ അത് അങ്ങനെയല്ലല്ലോ എന്ന തോന്നല്‍ അന്നും ഇന്നും ഉണ്ട്. ഇനി ഒരു പക്ഷേ ജോണി വാക്കര്‍ റീ റിലീസ് ചെയ്യുകയാണെങ്കില്‍ ക്ലൈമാക്സ് മാറ്റണം എന്നുണ്ട്''.- ജയരാജ് പറഞ്ഞു.