ജോര്‍ജുകുട്ടിയും കുടുംബവും വീണ്ടും വെള്ളിത്തിരയിലേക്ക് എത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍. മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റ് ഫ്രാഞ്ചൈസിയായ 'ദൃശ്യ'ത്തിന്റെ മൂന്നാം ഭാഗത്തെക്കുറിച്ചുള്ള സംവിധായകന്‍ ജീത്തു ജോസഫിന്റെ വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ജീത്തു ജോസഫ് ജോര്‍ജുകുട്ടിയുടെ പുതിയ യാത്രയെക്കുറിച്ച് മനസ്സ് തുറന്നത്.
ദൃശ്യം 3-ന് സാധ്യതയുണ്ടോ എന്ന് മോഹന്‍ലാല്‍ ചോദിച്ചപ്പോഴാണ് തന്റെ മനസ്സിലുള്ള ക്ലൈമാക്‌സ് ഐഡിയ ജീത്തു അദ്ദേഹത്തോട് പങ്കുവെച്ചത്. 'ആ ക്ലൈമാക്‌സ് ഐഡിയ ലാല്‍ സാറിന് വളരെയധികം ഇഷ്ടപ്പെട്ടു. അതിനുശേഷമാണ് ബാക്കി കഥയിലേക്ക് ഞാന്‍ കടന്നത്. രണ്ടാം ഭാഗത്തോടെ എല്ലാം അവസാനിച്ചു എന്ന് എല്ലാവരും കരുതിയെങ്കിലും ജോര്‍ജുകുട്ടി മാത്രം അങ്ങനെ വിശ്വസിക്കുന്നില്ല. ആ ഭയമാണ് സിനിമയുടെ നട്ടെല്ല്,' ജീത്തു ജോസഫ് പറഞ്ഞു.
ദൃശ്യം 3 മുന്‍ ഭാഗങ്ങളേക്കാള്‍ കൂടുതല്‍ ഇമോഷണലായ ചിത്രമായിരിക്കുമെന്നും സംവിധായകന്‍ സൂചിപ്പിച്ചു. 'ഇത്തവണ ജോര്‍ജുകുട്ടിയിലാണ് ഞാന്‍ കൂടുതല്‍ ശ്രദ്ധ കൊടുത്തിരിക്കുന്നത്. അയാളുടെ ഉള്ളിലെ ഭയവും അരക്ഷിതബോധവുമാണ് സിനിമയുടെ ഇതിവൃത്തം. കുടുംബം ഇപ്പോള്‍ സേഫ് ആണെന്നും ജോര്‍ജുകുട്ടി എല്ലാം പരിഹരിച്ചു എന്നും വിശ്വസിച്ച് അവര്‍ സന്തോഷത്തോടെ കഴിയുകയാണ്. എന്നാല്‍ ഒരു അപരിചിതനെ കാണുമ്പോഴോ അസ്വാഭാവികമായ എന്തെങ്കിലും സംഭവിക്കുമ്പോഴോ ജോര്‍ജുകുട്ടി ഇന്നും സംശയാലുവാകുന്നു.
കുടുംബത്തോട് ഈ ഭയം പങ്കുവെക്കാന്‍ അയാള്‍ക്ക് താല്പര്യവുമില്ല.' രണ്ടാം ഭാഗത്തില്‍ കേസ് ക്ലോസ് ചെയ്‌തെങ്കിലും അത് വീണ്ടും ഓര്‍ഗാനിക് ആയി മുന്നോട്ട് കൊണ്ടുപോകുക എന്നതായിരുന്നു താന്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയെന്ന് ജീത്തു പറഞ്ഞു. കുറ്റകൃത്യത്തിന് പുതിയ ട്വിസ്റ്റ് കൊണ്ടുവരുന്നതിനേക്കാള്‍ കഥാപാത്രങ്ങളുടെ വൈകാരികമായ വളര്‍ച്ചയ്ക്കാണ് മൂന്നാം ഭാഗത്തില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഗായിക ചിത്ര ഒരിക്കല്‍ ചോദിച്ച ചോദ്യമാണ് സിനിമയുടെ ചില വശങ്ങള്‍ക്ക് പ്രചോദനമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
''ഒരു പ്രൊമോഷന് പോയപ്പോള്‍ ചിത്ര ചേച്ചി ഒരു കാര്യം എന്നോട് ചോദിച്ചു. ജോര്‍ജുകുട്ടി അങ്ങനെ ചെയ്യുമോ എന്നായിരുന്നു അത്. അതൊരു ഐഡിയ ആയിരുന്നു. ആ ഐഡിയയിലാണ് ഞാന്‍ ദൃശ്യം 3 ആരംഭിക്കുന്നത്. ഞാനൊരു താങ്ക്‌സ് കാര്‍ഡ് വെക്കുന്നുണ്ടെന്ന് ചിത്ര ചേച്ചിയോട് പറഞ്ഞിട്ടുമുണ്ട്'', ജീത്തുവിന്റെ പ്രതികരണം. മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനമായ മെയ് 21 നാണ് ദൃശ്യം 3 ന്റെ റിലീസ്.