മോഹന്‍ലാലിനെ നായനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'ദൃശ്യം' മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്റെ ചിത്രത്തിന്റെ രണ്ട് ഭാഗങ്ങളും തിയറ്ററുകളില്‍ വന്‍ വിജയമായി മാറിയിരുന്നു. പൂത്തോട്ട ലോ കോളേജില്‍ നടന്ന ചടങ്ങില്‍ സംവിധായകന്‍ ജീത്തു ജോസഫും നടന്‍ മോഹന്‍ലാലും ഉള്‍പ്പെടെയുള്ള അണിയറ പ്രവര്‍ത്തകര്‍ പങ്കെടുത്തു.
ചിത്രീകരണത്തിന് മുന്നോടിയായി നടന്ന ചടങ്ങില്‍ സംസാരിക്കവേ, 'ദൃശ്യം 3' യും പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന പ്രതീക്ഷ മോഹന്‍ലാല്‍ പങ്കുവെച്ചു. 'ദൃശ്യം ഒന്നും രണ്ടും മനസിലേറ്റിയ പ്രേക്ഷകര്‍ തീര്‍ച്ചയായും ദൃശ്യം 3 യും മനസില്‍ കൊണ്ടു നടക്കുമെന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു. ജോര്‍ജുകുട്ടി എന്തെങ്കിലും കുഴപ്പമുണ്ടാക്കും, പേടിക്കണ്ടാ. ഈ ഒരു ആകാംക്ഷയാണ് ദൃശ്യത്തിന്റെ ക്യാച്ച് എന്ന് പറയുന്നത്,' മോഹന്‍ലാല്‍ പറഞ്ഞു. ചിത്രത്തിന്റെ ഷൂട്ടിംഗ് തടസ്സങ്ങളില്ലാതെ പൂര്‍ത്തിയാകുമെന്നും വലിയ വിജയമാകുമെന്നും അദ്ദേഹം ആശംസിച്ചു.
ജോര്‍ജ്ജുകുട്ടിയുടെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും ഇപ്പോഴത്തെ അവസ്ഥയും അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളുമാണ് ചിത്രത്തിലൂടെ പറയുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. വണ്ണിന്റെ മുകളില്‍ ടു, ടുവിന്റെ മുകളില്‍ ത്രീ എന്ന നിലയിലുള്ള സിനിമയല്ല താന്‍ ലക്ഷ്യമിടുന്നതെന്നും, നാലര വര്‍ഷങ്ങള്‍ക്ക് ശേഷം ജോര്‍ജ്ജുകുട്ടിയുടെ കുടുംബത്തില്‍ സംഭവിക്കാവുന്ന കാര്യങ്ങളാണ് പറയുന്നതെന്നും ജീത്തു ജോസഫ് കൂട്ടിച്ചേര്‍ത്തു.
പ്രേക്ഷകരുടെ ആകാംക്ഷയെ സിനിമയ്ക്ക് പ്രചോദനമാക്കാം, എന്നാല്‍ സിനിമയെ ഒരു ഫാമിലി ഡ്രാമയായാണ് താന്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ, മോഹന്‍ലാലിന് ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചതിനെക്കുറിച്ചും ജീത്തു ജോസഫ് സന്തോഷം പ്രകടിപ്പിച്ചു. ഇത് ഇരട്ടി മധുരമാണെന്നും, സിനിമക്ക് പുറമെ സാംസ്‌കാരിക രംഗത്തും സമൂഹത്തിനും അദ്ദേഹം നല്‍കിയ സംഭാവനകളെ അംഗീകരിക്കുന്നതാണ് ഈ പുരസ്‌കാരമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മോഹന്‍ലാലിനെ പോലുള്ള പ്രതിഭകള്‍ക്ക് ഇത്തരം അംഗീകാരങ്ങള്‍ ലഭിക്കുന്നതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ദൃശ്യം 3' യുടെ ചിത്രീകരണം 55 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് നിലവിലെ പദ്ധതി. ജോര്‍ജുകുട്ടി എന്ന കഥാപാത്രത്തില്‍ നാല് വര്‍ഷത്തിന് ശേഷം വരുന്ന മാറ്റങ്ങളെക്കുറിച്ചും സംവിധായകന്‍ ജീത്തു ജോസഫ് സൂചിപ്പിച്ചു. 'ദൃശ്യം 3' ഒരു നല്ല സിനിമയായിരിക്കുമെന്നും എന്നാല്‍ അമിത പ്രതീക്ഷകളോടെ ആരും വരരുതെന്നും അദ്ദേഹം വ്യക്തമാക്കി.
'ദൃശ്യം' പരമ്പര മലയാളത്തിലെ ഏറ്റവും വിജയകരമായ സിനിമകളില്‍ ഒന്നാണ്. ജീത്തു ജോസഫ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ഈ ചിത്രങ്ങള്‍ പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം നേടിയിരുന്നു. 'ദൃശ്യം 3' യുടെ പൂജ ചടങ്ങുകള്‍ക്ക് ശേഷം മോഹന്‍ലാല്‍ ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം സ്വീകരിക്കാനായി ഡല്‍ഹിയിലേക്ക് തിരിച്ചു.