മലയാള സിനിമയെ പ്രശംസിച്ച് ബോളിവുഡ് നടനും നിര്‍മ്മാതാവുമായ ജോണ്‍ എബ്രഹാം. മമ്മൂട്ടി നായകനായ 'കാതല്‍ - ദി കോര്‍' എന്ന ചിത്രത്തിലെ പ്രകടനത്തെ പ്രശാസിച്ച താരം മലയാളത്തിലെ ഇഷ്ട നടന്‍ മോഹന്‍ലാല്‍ ആണെന്നും വ്യക്തമാക്കി. കേരളത്തില്‍ ഒരു 'റൈറ്റേഴ്‌സ് റൂം' സ്ഥാപിച്ചിട്ടുണ്ടെന്നും മലയാളത്തില്‍ കൂടുതല്‍ സിനിമകള്‍ നിര്‍മ്മിക്കാനുള്ള പദ്ധതിയുണ്ടെന്നും ജോണ്‍ എബ്രഹാം പറയുന്നു.
ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജോണ്‍ എബ്രഹാം മലയാള സിനിമയോടുള്ള ഇഷ്ടം വ്യക്തമാക്കിയത്. മലയാള ചലച്ചിത്ര മേഖല വളരെ ധീരമായി പ്രവര്‍ത്തിക്കുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച ചില സിനിമകള്‍ സമ്മാനിക്കുന്നത് മലയാളമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെ തന്റെ ഏറ്റവും പ്രിയപ്പെട്ട നടന്‍ എന്ന് വിശേഷിപ്പിച്ച ജോണ്‍, ഹോളിവുഡ് നടി മെറില്‍ സ്ട്രീപിനോടുള്ള ആരാധനയും പങ്കുവെച്ചു. 'കാതല്‍ - ദി കോര്‍' എന്ന ചിത്രത്തില്‍ സ്വവര്‍ഗാനുരാഗിയായ ഒരു രാഷ്ട്രീയക്കാരന്റെ വേഷം അവതരിപ്പിക്കാന്‍ മമ്മൂട്ടി കാണിച്ച ധൈര്യത്തെ ജോണ്‍ എബ്രഹാം പ്രത്യേകം അഭിനന്ദിച്ചു.
'ഒരു രാഷ്ട്രീയക്കാരനായി മമ്മൂട്ടി അഭിനയിക്കുന്നു, ആ സിനിമയില്‍ അദ്ദേഹം ഒരു സ്വവര്‍ഗാനുരാഗിയാണ്, അത്തരമൊരു സിനിമ ചെയ്യാന്‍ ആ മനുഷ്യന്‍ കാണിച്ച ധൈര്യം വലുതാണ്' ദേശീയ തലത്തിലും പ്രാദേശിക തലത്തിലും പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ആശയങ്ങള്‍ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരളത്തില്‍ റൈറ്റേഴ്‌സ് റൂം ആരംഭിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, ജോണ്‍ എബ്രഹാം നായകനാകുന്ന 'ടെഹ്റാന്‍' എന്ന ചിത്രം ഓഗസ്റ്റ് 14-ന് സീ5-ലൂടെ റിലീസിനൊരുങ്ങുകയാണ്.