ജീവിതയാത്രയിലെ കൂട്ടായി, പ്രചോദനമായും ശക്തിയായും നിന്ന ഭാര്യക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച ഹൃദയസ്പര്‍ശിയായ ചിത്രത്തോടൊപ്പം, ജീവിതത്തിലെ എല്ലാ വിജയങ്ങളുടെയും പിന്നിലെ കരുത്ത് ദേവകിയാണെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. തന്റെ പക്കല്‍ ഇരിക്കാന്‍ ഒരു ദിവസം കൂടി ലഭിച്ചതിന്റെ സന്തോഷം വാക്കുകളിലൂടെ പങ്കുവെച്ച കൈതപ്രത്തിന്റെ കുറിപ്പ് നൂറുകണക്കിന് ആരാധകരുടെ മനസിലേക്കും തൊടുകയായിരുന്നു.
കുറിപ്പിന്റെ പൂര്‍ണ രൂപം:
വിവാഹ ശേഷം ഞാന്‍ ഏറ്റവും സ്‌നേഹിക്കുന്ന വ്യക്തിയുടെ പിറന്നാളാണ് ഇന്ന്. ദേവി എന്ന ദേവകി ദാമോദരന്‍. അതിനു മുന്‍പ് നമുക്ക് പരിചയമില്ലല്ലോ. പിന്നീട് എന്റെ എല്ലാ കാര്യങ്ങള്‍ക്കും പിന്നില്‍ അവളുണ്ട്, കുടുംബത്തിലെ പല കാര്യങ്ങളും അന്നും ഇന്നും എനിക്കറിയില്ല. ഇന്ന് എനിക്ക് അനാരോഗ്യം അനുഭവപ്പെട്ടതിനു ശേഷം ഭാര്യയുടെ സഹായമില്ലാതെ പറ്റുകയുമില്ല. 66 വയസ്സായിരിക്കുന്നു ഇന്ന് എന്റെ ഇഷ്ടദേവിക്ക്.
എന്റെ ആയിരക്കണക്കിന് പാട്ടുകളില്‍ അറിയാതെയും അറിഞ്ഞും അവളുണ്ട്. എന്റെ വിവാഹ ജീവിതം സുന്ദരമാണ്. ആരോഗ്യപരമായി എനിക്ക് പ്രശ്‌നമുണ്ടെങ്കിലും മനസ്സുകൊണ്ട് ഞങ്ങളെപ്പോഴും ചേര്‍ന്നലിഞ്ഞാണ്. എന്റെ ദേവിയെ- എന്റെ കുടുംബിനിയോട് അലിഞ്ഞിരിക്കുന്ന ഏറ്റവും പുതിയ ദിവസത്തിന് നന്ദി- ഈ ദിവസങ്ങള്‍ക്ക് ഇനിയും കാത്തിരിക്കും.
കൈതപ്രത്തിന്റെ കുറിപ്പ് ചുരുങ്ങിയ സമയത്തിനകം തന്നെ ശ്രദ്ധേയമായി. നിരവധി പേരാണ് ദേവകിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രതികരണങ്ങള്‍ അറിയിക്കുന്നത്. സിത്താര കൃഷ്ണകുമാര്‍, അരുണ്‍ അലത്ത് ഉള്‍പ്പെടെയുള്ള ഗായകരും പോസ്റ്റിനു താഴെ സ്‌നേഹം അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ച ആയിരുന്നു ദേവകി ദാമോദരന്റെ പിറന്നാള്‍.