Latest News

ജ്വല്ലറി ഉദ്ഘാടനത്തിനെത്തി; ഭോജ്പുരി നടി കാജല്‍ രാഘ്വാനിയെ കാണാനായി തടിച്ചുകൂടിയത് വന്‍ ജനക്കൂട്ടം; കാറിന്റെ ചില്ലുകള്‍ തകര്‍ത്തു; സുരക്ഷിതയെന്ന് താരം 

Malayalilife
 ജ്വല്ലറി ഉദ്ഘാടനത്തിനെത്തി; ഭോജ്പുരി നടി കാജല്‍ രാഘ്വാനിയെ കാണാനായി തടിച്ചുകൂടിയത് വന്‍ ജനക്കൂട്ടം; കാറിന്റെ ചില്ലുകള്‍ തകര്‍ത്തു; സുരക്ഷിതയെന്ന് താരം 

ബിഹാര്‍ ഷരീഫില്‍ ജ്വല്ലറി ഷോറൂം ഉദ്ഘാടനത്തിനെത്തിയ ഭോജ്പുരി നടി കാജല്‍ രാഘ്വാനി സഞ്ചരിച്ച വാഹനത്തിന് നേരെ ജനക്കൂട്ടത്തിന്റെ ആക്രമണം. താരത്തെ കാണാന്‍ വന്‍തോതില്‍ തടിച്ചുകൂടിയ ആളുകള്‍ വാഹനം വളയുകയും പിന്തുടരുകയുമായിരുന്നു. ആക്രമണത്തില്‍ നടിയുടെ ടൊയോട്ട ഫോര്‍ച്യൂണര്‍ കാറിന്റെ ചില്ലുകള്‍ തകര്‍ന്നു. അതേസമയം, താന്‍ പൂര്‍ണ്ണ സുരക്ഷിതയാണെന്ന് കാജല്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചു. 

ജ്വല്ലറി ഉദ്ഘാടനത്തിനായി ബിഹാര്‍ ഷരീഫില്‍ എത്തിയതായിരുന്നു നടി. കാജല്‍ കാറിനുള്ളിലുണ്ടെന്ന് കരുതിയാണ് ആള്‍ക്കൂട്ടം വാഹനത്തിന് നേരെ ആക്രമണം നടത്തുകയും ചില്ലുകള്‍ തകര്‍ക്കുകയും ചെയ്തത്. പരിഭ്രാന്തരായ ആളുകള്‍ക്കിടയിലൂടെ വാഹനം മുന്നോട്ട് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരു കൂട്ടം ആളുകള്‍ കാറിന് പിന്നാലെ ഓടുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ജനക്കൂട്ടം നിയന്ത്രണാതീതമായതോടെ ഷോറൂം ഉടമയും സംഘവും ചേര്‍ന്ന് ഡ്രൈവേഴ്‌സ് ഗേറ്റ് വഴി രഹസ്യമായാണ് നടിയെ പുറത്തെത്തിച്ചത്. തുടര്‍ന്ന് വാഹനം വേഗത്തില്‍ അവിടെനിന്ന് ഓടിച്ചുപോവുകയായിരുന്നു. 

പിന്നീട് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയാണ് താന്‍ സുരക്ഷിതയാണെന്ന വിവരവും താരം പങ്കുവെച്ചത്. അതേസമയം, പരിപാടി നടത്താന്‍ സംഘാടകര്‍ മുന്‍കൂട്ടി അനുമതി തേടിയിരുന്നില്ലെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ സംഘാടകര്‍ക്ക് നോട്ടീസ് അയക്കുമെന്നും പോലീസ് അറിയിച്ചു. എന്നാല്‍ പരിപാടിയെക്കുറിച്ച് ജില്ലാ ഭരണകൂടത്തെ കത്ത് മുഖേന അറിയിച്ചിരുന്നുവെന്നും സെപ്റ്റംബര്‍ 17-ന് തന്നെ അനുമതിക്കായി അപേക്ഷ സമര്‍പ്പിച്ചിരുന്നുവെന്നുമാണ് ഷോറൂം ഉടമയുടെ അവകാശവാദം. 

ചെറുപ്പത്തില്‍ തന്നെ അഭിനയരംഗത്തെത്തിയ കാജല്‍ രാഘ്വാനി ഗുജറാത്തി ചിത്രങ്ങളിലൂടെയാണ് കരിയര്‍ തുടക്കം കുറിച്ചത്. 2013-ല്‍ പുറത്തിറങ്ങിയ 'രിഹായ്' എന്ന ചിത്രത്തിലൂടെ ഭോജ്പുരി സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരം 'പട്ന സേ പാകിസ്താന്‍', 'മെഹന്ദി ലഗാ കെ രഖ്നാ', 'ഭോജ്പുരിയ രാജ', 'സംഗ്രാം' തുടങ്ങി അമ്പതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

kajal raghwani car

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES