Latest News

ജീവിച്ചിരിക്കുമ്പോള്‍ ഉമ്മച്ചിക്ക് തണലായിരുന്നു വാപ്പിച്ചി; ഇപ്പൊ ഉമ്മച്ചി നട്ട ആ മൈലാഞ്ചിച്ചെടികള്‍ വാപ്പിച്ചിക്ക് തണലാവുന്നു; എല്ലാം പടച്ചവന്റെ തീരുമാനം പോലെ...; വിടവാങ്ങിയ പ്രിയ കലാകാരന്‍ നവാസിന്റെ മക്കളുടെ ഹൃദയം നുറുങ്ങുന്ന കുറിപ്പ് 

Malayalilife
 ജീവിച്ചിരിക്കുമ്പോള്‍ ഉമ്മച്ചിക്ക് തണലായിരുന്നു വാപ്പിച്ചി; ഇപ്പൊ ഉമ്മച്ചി നട്ട ആ മൈലാഞ്ചിച്ചെടികള്‍ വാപ്പിച്ചിക്ക് തണലാവുന്നു; എല്ലാം പടച്ചവന്റെ തീരുമാനം പോലെ...; വിടവാങ്ങിയ പ്രിയ കലാകാരന്‍ നവാസിന്റെ മക്കളുടെ ഹൃദയം നുറുങ്ങുന്ന കുറിപ്പ് 

അന്തരിച്ച പ്രമുഖ നടന്‍ കലാഭവന്‍ നവാസിന്റെ വേര്‍പാടിനു ശേഷം അവരുടെ മക്കള്‍ പങ്കുവെച്ച വൈകാരികമായ ഫേസ്ബുക്ക് കുറിപ്പ് ഹൃദയം തൊടുന്നു. ജീവിച്ചിരുന്നപ്പോള്‍ ഭാര്യക്ക് തണലായിരുന്ന നവാസ്, വിടവാങ്ങിയ ശേഷവും സ്‌നേഹത്തിന്റെ ഓര്‍മ്മകളായി നിലനില്‍ക്കുന്നതിനെക്കുറിച്ചാണ് മക്കള്‍ ഹൃദ്യമായി കുറിച്ചിരിക്കുന്നത്. നവാസിന്റെ ഖബറിടത്തില്‍ ഭാര്യ നട്ട മൈലാഞ്ചി ചെടികള്‍ തണലാകുന്ന കാഴ്ചയാണ് അവരെ ഈ ഓര്‍മ്മകള്‍ പങ്കുവെക്കാന്‍ പ്രേരിപ്പിച്ചത്. 

കഴിഞ്ഞ ജൂലൈ 30ന് രാത്രി 11 മണിക്ക് നവാസ് ഭാര്യ രഹ്നക്ക് വേണ്ടി അവസാനമായി പാടി അയച്ചുകൊടുത്ത ഗാനത്തിന്റെ വീഡിയോയും ഇതിനോടൊപ്പം മക്കള്‍ പങ്കുവെച്ചിട്ടുണ്ട്. 'ഇത് വാപ്പിച്ചി (നവാസ്) ഉമ്മച്ചിക്ക് ( രഹ്ന) അവസാനമായി അയച്ചു കൊടുത്ത പാട്ട്,' എന്ന അടിക്കുറിപ്പോടെയാണ് ഈ ഗാനം ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

കുറിപ്പില്‍ പറയുന്നത് ഇങ്ങനെ: 
ഇത് വാപ്പിച്ചി July 30ന് രാത്രി 11 മണിക്ക് പാടി ഉമ്മിച്ചിക്ക് അയച്ചുകൊടുത്ത പാട്ട്. 

ഇതാണ് വാപ്പിച്ചി ഉമ്മിച്ചിക്ക് അവസാനമായിട്ട് അയച്ചു കൊടുത്ത പാട്ട്.

വാപ്പിച്ചി പോവുന്നതിന് ഒരു മാസം മുന്‍പ് ഉമ്മിച്ചി മൈലാഞ്ചിച്ചെടി മുറിച്ച കമ്പുകള്‍ ഒരു ചെടി ചട്ടിയില്‍ നട്ടു. 

അത് കണ്ടുനിന്ന വാപ്പിച്ചി ഉമ്മിച്ചിയോട്  പറഞ്ഞു നീ ഇത് വേരുപിടിക്കുമ്പോള്‍ത്തന്നെ നടരുത്, നല്ല സ്ഥലം നോക്കി വച്ചാല്‍ മതിയെന്ന്. വാപ്പിച്ചി പോയിക്കഴിഞ്ഞു വാപ്പിച്ചീടെ ഖബറില്‍ നട്ട പൂച്ചെടി പിടിച്ചു പക്ഷെ കുത്തിയ മൈലാഞ്ചി കമ്പ് ഉണങ്ങിതുടങ്ങിയെന്ന് ഞങ്ങള്‍ ഉമ്മിച്ചിയോട് പറഞ്ഞു. 

അപ്പോഴാണ് വാപ്പിച്ചി സ്ഥലം പറയാമെന്നു പറഞ്ഞ, ഉമ്മിച്ചി നട്ട മൈലാഞ്ചികമ്പുകള്‍ ഓര്‍ത്തത്.
ഓഗസ്റ്റ് 8 ന് വാപ്പിച്ചിയുടെ ഖബറില്‍ നടാന്‍ ഉമ്മച്ചിയുടെ സഹോദരിയുടെ ഭര്‍ത്താവിന്റെ കൈയ്യില്‍ ആ മൈലാഞ്ചിതൈകള്‍ നടാന്‍ കൊടുത്തുവിട്ടു. 

അത് നന്നായി പിടിച്ചു. ജീവിച്ചിരിക്കുമ്പോള്‍ ഉമ്മിച്ചിക്ക് തണലായിരുന്നു വാപ്പിച്ചി. ആ വാപ്പിച്ചിയുടെ ഖബറിന് ഉമ്മിച്ചി നട്ട മൈലാഞ്ചിചെടികള്‍ തണലാവുന്നു. 

എന്തൊരു മനസ്സായിരിക്കും അല്ലെ, വാപ്പിച്ചിയുടേയും ഉമ്മിച്ചിയുടേയും. പടച്ചവന്‍ എല്ലാം നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ??

കലാഭവന്‍ നവാസിന്റെയും ഭാര്യ രഹ്നയുടെയും സ്‌നേഹബന്ധം എത്രത്തോളം ആഴത്തിലുള്ളതായിരുന്നു എന്ന് അവരുടെ മക്കളുടെ ഈ വാക്കുകള്‍ വ്യക്തമാക്കുന്നു. ജീവിതയാത്രയില്‍ പരസ്പരം താങ്ങും തണലുമായിരുന്ന ഇരുവരും, വേര്‍പാടിന് ശേഷവും സ്‌നേഹത്തിന്റെ ഓര്‍മ്മകളാല്‍ ചുറ്റിക്കിടക്കുകയാണ്. ഈ കുറിപ്പ് നിരവധി പേര്‍ക്ക് വൈകാരികമായ അനുഭവങ്ങളാണ് സമ്മാനിച്ചത്.
 

Read more topics: # നവാസ്
kalabhavan nava and wife rahna

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES