സനാതന ധര്‍മത്തിനെതിരായ പ്രസംഗത്തെ തുടര്‍ന്ന് നടനും മക്കള്‍ നീതിമയ്യം നേതാവുമായ കമല്‍ഹാസനെ വധിക്കുമെന്ന് ഭീഷണി. സീരിയല്‍ നടന്‍ രവിചന്ദ്രനാണ് വധഭീഷണി നല്‍കിയതെന്ന് മക്കള്‍ നീതിമയ്യം ഭാരവാഹികള്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ചെന്നൈ പോലീസ് കമ്മിഷണര്‍ക്ക് പാര്‍ട്ടി പ്രതിനിധികള്‍ പരാതി സമര്‍പ്പിച്ചു.
''സ്വേച്ഛാധിപത്യത്തിന്റെയും സനാതനത്തിന്റെയും ചങ്ങലകള്‍ തകര്‍ക്കാന്‍ വിദ്യാഭ്യാസം മാത്രമാണ് ആയുധം'' എന്ന് കഴിഞ്ഞയാഴ്ച കമല്‍ പ്രസ്താവിച്ചിരുന്നു. നടന്‍ സൂര്യയുടെ 'അഗരം ഫൗണ്ടേഷന്‍' സംഘടിപ്പിച്ച 15-ാം വാര്‍ഷികാഘോഷ വേദിയിലായിരുന്നു പ്രസംഗം. വിദ്യയല്ലാതെ മറ്റൊരു ആയുധവും കൈയിലെടുക്കരുതെന്ന് യുവാക്കള്‍ക്ക് അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു.
ഇത് സനാതനധര്‍മത്തെ അപമാനിക്കുന്ന പ്രസ്താവനയാണെന്ന് രവിചന്ദ്രന്‍ ആരോപിച്ചു. കമലിനെ പാഠം പഠിപ്പിക്കുന്നതിനായി, അദ്ദേഹത്തിന്റെ സിനിമകള്‍ തിയേറ്ററുകളിലും ഒടിടിയിലും കാണാതിരിക്കണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അമര്‍ പ്രസാദ് റെഡ്ഢിയും ആഹ്വാനം ചെയ്തു.