തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷാ സിനിമകളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ നടി കമാലിനി മുഖര്‍ജി, 2014-ന് ശേഷം തെലുങ്ക് സിനിമകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഇടയായ കാരണത്തെക്കുറിച്ച് വെളിപ്പെടുത്തി. ഒരു പോഡ്കാസ്റ്റ് പരിപാടിയിലായിരുന്നു നടിയുടെ തുറന്നുപറച്ചില്‍. 2014-ല്‍ പുറത്തിറങ്ങിയ രാംചരണ്‍ തേജ നായകനായ ഗോവിന്ദുഡു അന്ദരിവാഡേലേയാണ് കമാലിനി അഭിനയിച്ച അവസാനത്തെ തെലുങ്ക് ചിത്രം. കാജല്‍ അഗര്‍വാള്‍ നായികയായെത്തിയ ഈ ചിത്രത്തില്‍ തന്റെ കഥാപാത്രത്തെ അവതരിപ്പിച്ച രീതി തന്നെ നിരാശപ്പെടുത്തിയെന്നും അത് തന്നെ തെലുങ്ക് സിനിമയില്‍ നിന്ന് പിന്മാറാന്‍ പ്രേരിപ്പിച്ചതായും നടി പറഞ്ഞു. ''സിനിമയുടെ ചിത്രീകരണ അനുഭവം അതിശയകരമായിരുന്നു. എന്നാല്‍ ചിത്രം പൂര്‍ത്തിയായപ്പോള്‍ എനിക്ക് ഒരു റോളുമില്ലാത്തതുപോലെ തോന്നി. അത് എനിക്ക് വേദനയായി,'' കമാലിനി പറഞ്ഞു.
അണിയറപ്രവര്‍ത്തകരോടോ സഹനടന്മാരോടോ യാതൊരു പ്രശ്‌നവുമില്ലെന്നും, എല്ലാവരും മികച്ച പിന്തുണ തന്നവരാണെന്നും അവര്‍ വ്യക്തമാക്കി. ''ഇത് വഴക്കോ തര്‍ക്കമോ ഒന്നുമല്ല, വ്യക്തിപരമായ അനുഭവമാണ്. എന്റെ കഥാപാത്രം രൂപപ്പെട്ട രീതി എനിക്ക് അസ്വസ്ഥതയായി. അതിനുശേഷം കുറച്ച് കാലത്തേക്ക് തെലുങ്ക് സിനിമകളില്‍ നിന്ന് മാറിനില്‍ക്കാന്‍ തീരുമാനിച്ചു,'' നടി കൂട്ടിച്ചേര്‍ത്തു. 2004-ല്‍ ബോളിവുഡ് ചിത്രം ഫിര്‍ മിലേംഗേയിലൂടെയാണ് കമാലിനി അഭിനയരംഗത്തേക്ക് എത്തിയത്. അതേ വര്‍ഷം ശേഖര്‍ കമ്മൂല സംവിധാനം ചെയ്ത ആനന്ദ് മുഖാന്തരം തെലുങ്കില്‍ അരങ്ങേറ്റം കുറിച്ചു. തുടര്‍ന്ന് സ്‌റ്റൈല്‍, ഗോദാവരി, ഹാപ്പി ഡേയ്‌സ് തുടങ്ങി നിരവധി ഹിറ്റുകളില്‍ അഭിനയിച്ചു. 2006-ല്‍ ഗൗതമന്‍ മേനോന്‍ സംവിധാനം ചെയ്ത വേട്ടയാട് വിളയാട് വഴിയാണ് തമിഴില്‍ അരങ്ങേറ്റം. 2010-ല്‍ പുറത്തിറങ്ങിയ കുട്ടിസ്രാങ്ക് മുഖാന്തരം മലയാളത്തിലും പ്രവേശിച്ചു.
നത്തോലി ഒരു ചെറിയ മീനല്ല, പുലിമുരുകന്‍ എന്നിവയാണ് കമാലിനി നായികയായെത്തിയ മറ്റ് മലയാള ചിത്രങ്ങള്‍. കൂടാതെ കസിന്‍സ് എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തും അവര്‍ എത്തി. 2016-ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം ഇരൈവിയിലാണ് കമാലിനി അവസാനമായി അഭിനയിച്ചത്.