സീരിയല്‍ പ്രേമികള്‍ക്കും സിനിമാ പ്രേമികള്‍ക്കും ഏറെ പരിചിതന്‍ ആണ് കിഷോര്‍ പീതാംബരന്‍ , മുന്നൂറിനടുത്ത് പരമ്പരകളിലും , ചില ചിത്രങ്ങളിലും വേഷമിട്ട കിഷോര്‍ കൂടുതലും വില്ലന്‍ കഥാപാത്രങ്ങളില്‍ ആണ് നിറഞ്ഞിട്ടുള്ളത്. സ്‌ക്രീനില്‍ വില്ലന്‍ ആയി നിറയുന്നുണ്ട് എങ്കിലും ജീവിതത്തില്‍ സാധുവായ ഒരു പച്ചയായ മനുഷ്യന്‍ ആണ് കിഷോര്‍. അദ്ദേഹത്തിന്റെ സ്വന്തം പേരിനേക്കാളും കൂടുതല്‍ അറിയപ്പെട്ടത് അങ്ങാടിപ്പാട്ടിലെ വിഷ്ണു നമ്പൂതിരിയായും ഹരിചന്ദനത്തിലെ മഹാദേവനായും അലകളിലെ അച്ചുവായും ഒക്കെയാണ്. ഇപ്പോള്‍ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന മഴ തോരും മുന്‍പേ എന്ന സീരിയലിലാണ് അഭിനയിച്ചുകൊണ്ട് ഇരിക്കുന്നത്. എന്നാല്‍ സ്‌ക്രീനില്‍ കാണുന്ന കഥകളെ വെല്ലുന്ന ജീവിതമാണ് കിഷോറിന്റെത്.
എന്നാല്‍ കാലം കിഷോറിന് കരുതി വച്ചിരുന്നത് കടുത്ത ആരോഗ്യ പ്രതിസന്ധികളായിരുന്നു. ഇപ്പോള്‍ മറ്റു ജോലികള്‍ ചെയ്യാന്‍ വയ്യ. കാഴ്ച മങ്ങുന്നു. അഭിനയിക്കാനും പരിമിധികളുണ്ട്. കുടുംബത്തില്‍ പ്രമേഹം പാരമ്പര്യമായിട്ടുണ്ട്. അച്ഛന്‍ വോളിബോള്‍ ദേശീയ കളിക്കാരനായിരുന്നു. ചേട്ടന്‍ യൂണിവേഴ്സിറ്റി പ്ലെയറായിരുന്നു. അമേച്വര്‍ നാടകം കളിക്കുന്ന സമയത്തും ഞാന്‍ വോളിബോളിന് വാടക കളിക്കാരനായി പോയിരുന്നുവെന്നാണ് കിഷോര്‍ പറയുന്നത്. കളരി ശീലിക്കുകയും പഠിപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് അഭിനയ രംഗത്ത് സ്ഥിരമായി. ഇതോടെ ചിട്ടയായ വ്യായാമം പെട്ടെന്ന് നിര്‍ത്തി. അതോടെ പ്രമേഹം കൂടി. കരളിയായിരുന്നു ബാധിച്ചിരുന്നതെന്നാണ് താരം പറയുന്നത്. അഭിനയത്തില്‍ സജീവമാകുന്ന കാലത്താണ് കിഷോറിനെ രോഗം പിടിമുറുക്കിയത്. നോണ്‍ ആല്‍ക്കഹോളിക് ലിവര്‍ ഡിസീസ് ആയിരുന്നു ആദ്യം കിഷോറിന്. അതിന്റെ ചികിത്സയിലിരിക്കെ തലച്ചോറിന്റെ പിന്‍ഭാഗത്തുള്ള പിറ്റിയുട്ടറി ഗ്ലാന്‍ഡില്‍ ഒരു മുഴ കണ്ടെത്തി. കടുത്ത പ്രമേഹ രോഗവും കരള്‍ രോഗവും ഉള്ളതിനാല്‍ ആ മുഴ നീക്കം ചെയ്യുന്നത് അത്ര ഈസി ആയിരുന്നില്ല. ദിവസവും ആയിരങ്ങളുടെ മരുന്നാണ് കിഷോര്‍ കഴിക്കുന്നത്. ഭക്ഷണത്തേക്കാള്‍ കൂടുതല്‍ മരുന്നാണ് വയറ്റില്‍ ചെല്ലുന്നത് എന്നുപറഞ്ഞാല്‍ തെറ്റില്ല.
ആദ്യകാലത്ത് അതാണെന്ന് കരുതിയായിരുന്നു ചികിത്സയ്ക്ക് പോയത്. ഏതാണ്ട മൂന്നര വര്‍ഷത്തോളം കിഷോര്‍ കിടപ്പിലായിരുന്നു. എന്നാല്‍ പ്രശ്നം കരളിനായിരുന്നില്ല. തലച്ചോറിലെ ഒരു സിസ്റ്റായിരുന്നു തന്നെ അവശനാക്കിയതെന്നാണ് കിഷോര്‍ പറയുന്നത്. അത് പിറ്റിയൂട്ടറി ഗ്രന്ഥി നിറഞ്ഞു പുറത്തേക്ക് വന്ന് കണ്ണിനെ ബാധിക്കുന്ന തരത്തിലായിരുന്നുവെന്നാണ് കിഷോര്‍ പറയുന്നത്. മെഡിക്കല്‍ കോളേജിലെ സ്‌കാനിംഗിലാണ് സിസ്റ്റിനെക്കുറിച്ച് മനസിലാകുന്നത്. റത്കേയ്സ് ക്ലെഫ്റ്റ് എന്ന, ക്യാന്‍സര്‍ ആയി മാറാത്ത തരം സിസ്റ്റാണിതെന്നും താരം പറയുന്നു. കരളിനും പ്രശ്നമുണ്ടെന്നിരിക്കെ സര്‍ജറി ചെയ്യുന്നത് അപകടസാധ്യത കൂടുതലാണെന്നാണ് കിഷോര്‍ പറയുന്നത്. ഇപ്പോള്‍ മൂന്ന് മാസം കൂടുമ്പോള്‍ കാഴ്ച പരിശോധിക്കുന്നുണ്ട്. രോഗലക്ഷണങ്ങള്‍ക്കുള്ള മരുന്നും കഴിക്കുന്നുണ്ടെന്നാണ് താരം പറയുന്നത്. സ്റ്റിറോയ്ഡ് അടക്കമുള്ള മരുന്നുകള്‍ കഴിക്കുന്നുണ്ട്. ഇന്‍സുലിനുമെടുക്കുന്നുണ്ട്. കൈകാലിനൊക്കെ നീരു വരും. കൃത്യ സമയത്ത് മരുന്നും വിശ്രമവും വേണമെന്നും താരം പറയുന്നു.
വീട്ടില്‍ നിന്നും തിരുവനന്തപുരത്തേക്ക് തന്നെ ഒരു മണിക്കൂറിലധികം യാത്രയുണ്ട്. പല ഷൂട്ടും രാത്രിവരെ നീളുന്നതു കാരണം തനിക്ക് ഇപ്പോള്‍ അവസരങ്ങള്‍ കുറവാണെന്നാണ് കിഷോര്‍ പറയുന്നത്. ഒരു ദിവസം ഒന്നര എപ്പിസോഡെങ്കിലും എടുത്തില്ലെങ്കില്‍ സീരിയലെടുക്കുന്നവര്‍ക്കും മുതലാകില്ല. അതിനാല്‍ അധികം സ്‌ക്രീനിലില്ലാത്ത കഥാപാത്രങ്ങളാണ് തനിക്ക് ലഭി്കകുന്നത്. മാസത്തില്‍ രണ്ടോ മൂന്നോ ദിവസം മാത്രമേ ഷൂട്ടുണ്ടാവുകയുള്ളൂവെന്നും ഇപ്പോള്‍ ഒരു സീരിയലില്‍ മാത്രമാണ് അഭിനയിക്കുന്നതെന്നും കിഷോര്‍ പറയുന്നു. കിഷോറിന് പിന്നാലെ മകനും ചെറിയ വേഷങ്ങളില്‍ അഭിനയിച്ചു തുടങ്ങിയിട്ടുണ്ട്. ഭാര്യയും രണ്ട് മക്കളുമാണ് കിഷോറിന്റെ കുടുംബത്തിലുള്ളത്. മകന്‍ കാളിദാസും മകള്‍ നിളയും. ആളുകളുടെ മനസില്‍ തങ്ങി നില്‍ക്കുന്നൊരു കഥാപാത്രം സിനിമയില്‍ ചെയ്യണം എന്നാണ് കിഷോറിന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ മോഹം.
നാടകത്തിന്റെ അരങ്ങില്‍ നിന്നുമാണ് വെള്ളിവെളിച്ചത്തിലേക്ക് അദ്ദേഹം എത്തിയത്. മൂന്നൂറില്‍ അധികം സീരിയലുകളില്‍ വേഷമിട്ട കിഷോര്‍ 'കാഞ്ചീപുരത്തെ കല്യാണം', 'തിങ്കള്‍ മുതല്‍ വെള്ളി വരെ', 'കിങ് ആന്‍ഡ് കമ്മീഷണര്‍', 'സിംഹാസനം' തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കാഞ്ചീപുരത്തെ കല്യാണത്തില്‍ പ്രധാന വില്ലന്‍ വേഷമായിരുന്നു കിഷോറിന്.