വില്ലന്‍ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ നിറഞ്ഞുനിന്ന നടനാണ് കൊല്ലം തുളസി. എഴുത്തുകാരന്‍ കൂടിയായ താരത്തിന്റെ യഥാര്‍ഥ പേര് എസ്.തുളസീധരന്‍ നായര്‍ എന്നാണ്. ഇപ്പോളിതാ താന്‍ ഗാന്ധിഭവനിലെ അന്തേവാസിയായിരുന്നു എന്ന് വെളിപ്പെടുത്തുകയാണ് നടന്‍. ഗാന്ധിഭവനില്‍ വച്ചുനടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നടന്‍.
ഓമനിച്ചു വളര്‍ത്തിയ സ്വന്തം മകള്‍ പോലും പിണക്കം കാണിച്ചിരുന്ന കാലത്താണ് ഗാന്ധിഭവനിലേക്ക് കൊല്ലം തുളസി താമസത്തിനായി എത്തിയത്. ഗാന്ധിഭവനിലേക്ക് അഭയത്തെ തേടിയെത്തിയ നടി ലൗലിയുടെ ജീവിതത്തെക്കുറിച്ചും കൊല്ലം തുളസി വാചാലനായി.
കൊല്ലം തുളസിയുടെ വാക്കുകള്‍ 'നിങ്ങള്‍ക്ക് പലര്‍ക്കും അറിയാത്ത ഒരു കാര്യം ഉണ്ട്. ഞാന്‍ ഇവിടുത്തെ ഒരു അന്തേവാസി ആയിരുന്നു. എനിക്ക് അനാഥത്വം തോന്നിയപ്പോള്‍ ഒരു ആറു മാസം ഇവിടെ വന്നുകിടന്നു ഞാന്‍. ഭാര്യയും മകളുമൊക്കെ എന്നെ ഉപേക്ഷിച്ചപ്പോള്‍, അവരാല്‍ തിരസ്‌കരിക്കപ്പെട്ടപ്പോള്‍ ഒറ്റപ്പെട്ട സമയത്താണ് ഞാന്‍ ഇവിടെ അഭയം തേടിയത്. ഞാന്‍ ഓമനിച്ചു വളര്‍ത്തിയ മകള്‍ പോലും ഇന്ന് എനിക്ക് അന്യയാണ്. അവള്‍ വലിയ എന്‍ജിനിയര്‍ ആണ്. മരുമകന്‍ ഡോക്ടറാണ്. അവര്‍ ഓസ്‌ട്രേലിയയില്‍ സെറ്റില്‍ ചെയ്തിരിക്കുകയാണ്. ഫോണില്‍ വിളിക്കുകപോലും ഇല്ല. അവര്‍ക്ക് ഞാന്‍ വെറുക്കപ്പെട്ടവനാണ്.
എന്റെ കൂടെ അഭിനയിച്ചിരുന്ന ഒരു വലിയ നാടക നടിയും ഇവിടെ ഉണ്ട്. ലൗലി. ഒരുപാടു നാടകങ്ങളില്‍ അഭിനയിച്ച ആളാണ്. അധ്വാനിച്ച് അവര്‍ മക്കളെ പഠിപ്പിച്ചു. കുടുംബം നോക്കി. സ്റ്റേറ്റ് അവാര്‍ഡ് വാങ്ങിയിട്ടുണ്ട്. പക്ഷെ ഇപ്പോള്‍ അവര്‍ക്ക് ആരുമില്ല. സ്വന്തം അമ്മയെ ഒഴിവാക്കണമെന്നു പറഞ്ഞ ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് അവര്‍ ഇവിടെ എത്തിയിരിക്കുകയാണ്.
ലൗലിക്ക് അവരുടെ അമ്മയെ വിട്ടുപിരിയാന്‍ വയ്യ. മാതൃസ്‌നേഹമാണല്ലോ ഏറ്റവും വലുത്. അവരുടെ ഭര്‍ത്താവും മക്കളും പറയുന്നത് നിങ്ങള്‍ ആ തള്ളയെ എവിടെയെങ്കിലും കൊണ്ടുപോയി കളയൂ എന്നാണ്. അമ്മയെ കൊണ്ടുപോയി കളയാന്‍ ലൗലിക്ക് കഴിഞ്ഞില്ല. പിന്നെ ബുദ്ധിമുട്ടായി, പ്രയാസങ്ങളായി. ദാരിദ്ര്യമായി. ആയകാലത്ത് മക്കളെ പഠിപ്പിച്ചു. മക്കളൊക്കെ
സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്. അവരും ഇവിടെ വന്നു അഭയം പ്രാപിച്ചിരിക്കുകയാ. രണ്ടു കയ്യും നീട്ടി ഗാന്ധിഭവന്‍ അവരെ സ്വീകരിച്ചു. ഇതാണ് മനുഷ്യന്റെ അവസ്ഥ.
ഒരു പിടി നമ്മുടെ കയ്യില്‍ വേണം. ഏതു സമയത്താണ് എന്താണ് സംഭവിക്കുക എന്ന് അറിയില്ല. ഇത് നമുക്കെല്ലാം ഒരു പാഠമാണ്.