തന്റെ അനുഭവങ്ങള്‍ സിനിമയാക്കാന്‍ ഒരുങ്ങി നടനും അവതാരകനുമായ കൂട്ടിക്കല്‍ ജയചന്ദ്രന്‍. താന്‍ കണ്ടതും അനുഭവിച്ചതുമായ പൊളളുന്ന യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍പ്പെടുത്തി ഒരു പുസ്തകവും. തുടര്‍ന്ന് അതിനെ ആസ്പദമാക്കി ഒരുക്കുന്ന ബിഗ് ബജറ്റ് ചലച്ചിത്രവുമാണ് താരം പ്രഖ്യാപിച്ചിരിക്കുന്നത്. മലയാളത്തിന്റെ ഒരു മഹാനടനും പ്രഗത്ഭനായ സംവിധായകനും ഒന്നിക്കുന്ന ഈ ചിത്രം, സത്യസന്ധമായ ഒരു കലാസൃഷ്ടിയായിരിക്കുമെന്നും ഇതിലേക്ക് പ്രധാന കഥാപാത്രങ്ങളെ കണ്ടെത്താന്‍ പുതുമുഖങ്ങളെ തേടുമെന്നും കൂട്ടിക്കല്‍ ജയചന്ദ്രന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.
കൂട്ടിക്കല്‍ ജയചന്ദ്രന്റെ കുറിപ്പ്:
'ഞാന്‍ കണ്ടതും, അനുഭവിച്ചതുമായ എല്ലാം ഉള്‍പ്പെടുത്തി ഒരു പുസ്തകവും, തുടര്‍ന്ന് ഒരു ചലച്ചിത്രവും ഞങ്ങള്‍ ഒരുക്കുകയാണ്! ആദ്യം പുസ്തകം. തുടര്‍ന്ന് അതിനെ ആസ്പദമാക്കി സിനിമ. അത് ഒരുക്കുന്നത് നിങ്ങള്‍ കണ്ട പ്രഗത്ഭനായ ഒരു സംവിധായകനായിരിക്കും! പ്രധാന വേഷത്തിനായി ചമയമിടുന്നത് എതിരില്ലാത്ത ഒരു മഹാനടനായിരിക്കും! അതിലേക്കുള്ള ആദ്യ ചര്‍ച്ച കഴിഞ്ഞു! ഇനിയാണ് പ്രധാന കാര്യം; ഒരു സിനിമയില്‍ അഭിനയിക്കാനുള്ള ഒരു കലാകാരന്റെ മോഹം എനിക്കറിയാം! അതുകൊണ്ട് തന്നെ അതിപ്രധാന കഥാപാത്രങ്ങളെ നിങ്ങളെ ഏല്‍പ്പിക്കാനാണ് തീരുമാനം! ഞങ്ങളുടെ കൂട്ടം അതിനായി നിങ്ങളെ പൊതു മാധ്യമങ്ങളിലൂടെ ഉടന്‍ സമീപിക്കും. കുറഞ്ഞത് ഒരുവര്‍ഷം എടുത്തേ നടീനടന്മാരെ തിരഞ്ഞെടുക്കൂ! ആയിരം സിനിമ എടുക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല! സത്യമുള്ള ഒരേയൊരു സിനിമ! അതിന് തുടക്കം കുറിക്കുന്നൂ! വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക... '.
മിമിക്രിയിലൂടെയും ടെലിവിഷന്‍ പരിപാടികളിലൂടെയുമാണ് കൂട്ടിക്കല്‍ ജയചന്ദ്രന്‍ ശ്രദ്ധ നേടുന്നത്. ഈ അടുത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന പേരില്‍ പോക്സോ വകുപ്പുകള്‍ പ്രകാരം ഇദ്ദേഹത്തിനെതിരെ കേസെടുത്തിട്ടുണ്ട്.