സിനിമകളിലൂടെയും സീരിയലുകളിലൂടെയും ടെലിവിഷന്‍ ഷോകളിലൂടെ ശ്രദ്ധ നേടിയ അഭിനേത്രിയാണ് ലക്ഷ്മിപ്രിയ. സോഷ്യല്‍മീഡിയയില്‍ സജീവമായ താരം പിറന്നാള്‍ ദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പിമായി എത്തിയിരിക്കുന്നു. 41 വര്‍ഷത്തെ ജീവിതത്തില്‍ നേരിട്ട അനുഭവങ്ങള്‍, തിരിച്ചറിവുകള്‍, നഷ്ടങ്ങള്‍ എന്നിവയെക്കുറിച്ചാണ് ലക്ഷ്മിപ്രിയ കുറിപ്പില്‍ തുറന്ന് പറയുന്നത്.
ലക്ഷ്മി പ്രിയയുടെ കുറിപ്പ്
''ഈ ഭൂമിയില്‍ ഞാന്‍ 41 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നു !. 41 എന്നത് ഒട്ടേറെ പ്രത്യേകതകള്‍ ഉള്ള ഒരു സംഖ്യയാണ്.. ആത്മീയ,ഭൗതിക, ജ്യോതിശാസ്ത്ര, വൈദ്യ ശാസ്ത്ര,മന: ശാസ്ത്ര, എന്നു വേണ്ട അയ്യപ്പ സ്വാമി മഹിഷി നിഗ്രഹത്തിന് തെരഞ്ഞെടുത്ത ദിവസങ്ങളില്‍ പോലും 41 ന്റെ കണക്ക് കാണാം.. എല്ലാം 41 ദിവസത്തിന്റെ അഥവാ ഒരു മണ്ഡല കാല കണക്കാണ്. അപ്പോ ആവര്‍ത്തിച്ചനുഭവിച്ച എത്രയോ മണ്ഡല കാലങ്ങള്‍ കടന്നു പോയി! എത്ര എത്ര പ്രിയപ്പെട്ടവരുടെ വേര്‍പാട്, സ്‌നേഹം, സ്‌നേഹ രാഹിത്യം, ചേര്‍ത്തു നിര്‍ത്തല്‍ നിരാസങ്ങള്‍, പറ്റിയ്ക്കപ്പെടലുകള്‍, ഒറ്റപ്പെടുത്തലുകള്‍, കൂടെ നിന്ന് ചതിക്കല്‍, മനസ്സ് കല്ലായിപ്പോകുന്ന ഇടത്ത് നിന്നും മുന്നോട്ട് നയിക്കുന്നവര്‍ എന്റെ കുടുംബമാണ്. ഒരുപാട് പേരുടെ സ്‌നേഹവും മനസ്സിലാക്കലും ഒന്നും ഒരുമനുഷ്യന് ആവശ്യമില്ല.. ചേര്‍ത്തു നിര്‍ത്തുന്ന മനസ്സിലാക്കുന്ന വളരെ കുറച്ചു പേര്‍ മതി. അത് ആത്മാര്‍ത്ഥവും സംശുദ്ധവും ആണെങ്കില്‍ എന്തിനാണ് ഒരുപാട് പേര്??
ചുറ്റിലും വെളിച്ചത്തെക്കാള്‍ കൂടുതല്‍ ഇരുട്ടാണ് എന്ന് മനസ്സിലാക്കിയത് 16 വയസ്സില്‍ ആണ്. 'കഥയും കഥാപാത്രങ്ങളും സാങ്കല്പ്പികമല്ല ' യില്‍ എഴുതിയത് പോലെ, അപ്പച്ചിയെ ചികിത്സിക്കാന്‍ റ്റാറ്റാ ഉണ്ടാക്കിയ കടം മുഴുവന്‍ നാടകത്തില്‍ അഭിനയിച്ചു ചിട്ടി കൂടി മറ്റൊരു നാട്ടില്‍ നിന്നും വന്നു തീര്‍ത്തു. അതുവരെ താമസിച്ച വാടക വീട് ഒഴിഞ്ഞു. ലോറിയില്‍ സാധനങ്ങള്‍ കയറ്റി. ചില്ലറ തുട്ടുകള്‍ മാത്രം അവശേഷിച്ച പഴ്‌സില്‍ നിന്നും അവസാനം എത്തിയ പാല്‍ക്കാരന്റെ 20 രൂപയും കടം തീര്‍ത്തു. അതാണ് എന്റെ ആത്മാഭിമാനം. ഓരോ പിറന്നാള്‍ ദിനത്തിലും ഞാന്‍ ഇങ്ങനെ എണ്ണിപ്പെറുക്കി ഇമോഷണല്‍ ആകാറുണ്ട്. ജീവിതത്തില്‍ നഷ്ടപ്പെട്ട എന്തിനെയെങ്കിലും കുറിച്ചോര്‍ത്തു വേദനിക്കുന്നുണ്ടോ? ഉണ്ട്.. അത് അരികില്‍ ഉണ്ടായിട്ടും ലഭിക്കാതെ പോയ മാതൃസ്‌നേഹം ആണ്. ഇന്നും അമ്മയുടെ സ്‌നേഹത്തിനായി കാത്തിരിക്കുന്ന ഒരു മകള്‍ ആണ് ഞാന്‍..... ഒരിക്കലും ലഭിക്കില്ല എങ്കിലും.....കാത്തിരിക്കാമല്ലോ? മരണം വരെ.....'', ലക്ഷ്മിപ്രിയ ഫേസ്ബുക്കില്‍ കുറിച്ചു.