ലിസ്റ്റിന് സ്റ്റീഫന്‍ എന്ന പേരിന് മലയാളികള്‍ക്ക് ആമുഖം ആവശ്യമില്ല. ഹിറ്റ് ചിത്രങ്ങള്‍ ഒന്നിന് പിറകെ ഒന്നായി മലയാളികള്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ച യുവ ചലച്ചിത്ര നിര്‍മാതാവ് ഇന്ന് വിവാദങ്ങളുടെ തോഴന്‍ കൂടിയാണ്. നിര്‍മാതാവ് സാന്ദ്ര തോമസും നിര്‍മാതാക്കളുടെ സംഘടനയും തമ്മിലുള്ള പ്രശ്നങ്ങള്‍ മലയാള സിനിമയെ തന്നെ പിടിച്ചുലയ്ക്കുന്ന തലത്തിലേക്ക് വളര്‍ന്നിരിക്കുകയാണ്. സാന്ദ്രയും സംഘടനയും തമ്മിലുള്ള പ്രശ്നങ്ങള്‍ ഇപ്പോഴും സാന്ദ്രയും ലിസ്റ്റിന്‍ സ്റ്റീഫനും തമ്മിലുള്ള പരസ്യ പോരിലേക്ക് എത്തിയിരിക്കുകയാണ്. ഇരുവരും പരസ്പരം ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി വാര്‍ത്തകളില്‍ നിറയുകയാണ്
കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പേരിലാണ് സാന്ദ്ര തോമസ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. നിലവില്‍ സംഘടനയുടെ ട്രഷറര്‍ ആണ് ലിസ്റ്റിന്‍. ട്രഷറര്‍ എന്നതിലുപരിയായി സംഘടനയ്ക്കുള്ളില്‍ ശക്തമായ സ്വാധീനമുണ്ട് ലിസ്റ്റിന്. മലയാള സിനിമയില്‍ സമീപകാലത്ത് ലിസ്റ്റിനെപ്പോലെ സ്വാധീനവും കരുത്തും ആര്‍ജിച്ച മറ്റൊരു നിര്‍മാതാവുണ്ടാകില്ല.
മലയാള സിനിമയെ തിരുത്തിക്കുറിച്ച 'ട്രാഫിക്' മുതലാണ് ലിസ്റ്റിന്‍ സ്റ്റീഫന്റെ സിനിമാ ജീവിതത്തിനു തുടക്കം. ഇരുപത്തിമൂന്നാം വയസ്സില്‍ കോട്ടയം ഉഴവൂരില്‍ നിന്ന് 'ട്രാഫിക്' എന്ന സിനിമ നിര്‍മ്മിച്ചുകൊണ്ടാണ് തുടക്കം കുറിച്ചത്. ആ സിനിമാ യാത്ര ഇന്നും ബ്ലോക്കില്ലാതെ തുടരുന്നു. 2011 ല്‍ പുറത്തിറങ്ങിയ ട്രാഫിക് ആയിരുന്നു ലിസ്റ്റിന്റെ മാജിക് ഫ്രെയിംസ് നിര്‍മിച്ച ആദ്യ സിനിമ. മലയാളത്തിലെ ന്യൂജെന്‍ സിനിമകളുടെ തുടക്കമായിട്ടാണ് ട്രാഫിക്കിനെ കണക്കാക്കുന്നത്. ട്രാഫിക് നിര്‍മിക്കുമ്പോള്‍ ലിസ്റ്റിന് പ്രായം 23 മാത്രമാണ്. സിനിമാ പാരമ്പര്യമോ ഉന്നത ബന്ധങ്ങളൊന്നുമില്ലാതെയാണ് ലിസ്റ്റിന്‍ നിര്‍മാണത്തിലേക്ക് കടന്നു വരുന്നത്. ആദ്യ സിനിമ തന്നെ വലിയ ഹിറ്റാവുകയും മലയാള സിനിമയുടെ തന്നെ ലാന്റ് മാര്‍ക്കാവുകയും ചെയ്തു. പിന്നാലെ ഉസ്താദ് ഹോട്ടലിലൂടെ ദേശീയ പുരസ്‌കാരവും ലിസ്റ്റിനെ തേടി എത്തി. തുടര്‍ന്ന് ഹൗ ഓള്‍ഡ് ആര്‍ യു?, ഡ്രൈവിംഗ് ലൈസന്‍സ്, കടുവ, ജനഗണമന, കെട്ട്യോളാണെന്റെ മാലാഖ, കൂമന്‍ തുടങ്ങി നിരവധി ഹിറ്റുകള്‍ നിര്‍മിച്ചു.
നിര്‍മാണത്തിനൊപ്പം തന്നെ വിതരണത്തിലും ലിസ്റ്റിന്‍ ശക്തമായ സാന്നിധ്യമാണ്. പേട്ട, ബിഗില്‍, മാസ്റ്റര്‍, ബീസ്റ്റ്, കെജിഎഫ്, കാന്താര തുടങ്ങിയ ബിഗ് ബജറ്റ് സിനിമകളുടെ കേരളത്തിലെ വിതരണം ലിസ്റ്റിനായിരുന്നു. മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലുമെല്ലാം ലിസ്റ്റിന്‍ സിനിമകള്‍ നിര്‍മിച്ചിട്ടുണ്ട്. ധനുഷ് ചിത്രം മാരിയും ഡ്രൈവിങ് ലൈസന്‍സിന്റെ ഹിന്ദി റീമേക്കായ സെല്‍ഫിയും നിര്‍മിച്ചത് ലിസ്റ്റിനാണ്. പ്രിന്‍സ് ആന്റ് ഫാമില, മൂണ്‍വാക്ക് എന്നിവയാണ് ലിസ്റ്റിന്റെ ഈ വര്‍ഷം പുറത്തിറങ്ങിയ സിനിമകള്‍.
ലിസ്റ്റിന്റെ കരിയറിലെ വളര്‍ച്ചയില്‍ നിര്‍ണായകമാണ് പൃഥ്വിരാജുമായുള്ള സൗഹൃദം. ലിസ്റ്റിന്റെ മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷനും കൈ കോര്‍ത്തപ്പോഴൊക്കെ പിറന്നത് വലിയ ഹിറ്റുകളാണ്. ജനഗണമന, കടുവ, ഡ്രൈവിങ് ലൈസന്‍സ്, കാന്താര, കെജിഎഫ് തുടങ്ങിയ സിനിമകളുടെ നിര്‍മാണത്തിലും വിതരണത്തിലുമൊക്കെയായി ഇരുവരും നേട്ടം കൊയ്തു
സിനിമ മാത്രം സ്വപ്നം കണ്ട് നടക്കുന്ന ഒരാളാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍. സിനിമയില്‍ നിന്ന് കിട്ടിയത് സിനിമയില്‍ മാത്രം നിക്ഷേപിക്കുന്ന ഒരാള്‍. കേരളത്തില്‍ അങ്ങോളമിങ്ങോളം 35 സ്‌ക്രീനുകളില്‍ മുന്നൂറോളം തൊഴിലാളികള്‍ക്ക് ജോലി നല്‍കുന്നു. ഇരുനൂറോളം വിദ്യാര്‍ത്ഥികള്‍ ഫിലിം സ്‌കൂളില്‍ പഠിക്കുന്നു. സിനിമാ വിതരണ കമ്പനി കൂടാതെ മ്യൂസിക് കമ്പനി, ഡബ്ബിംഗ് സ്റ്റുഡിയോ എന്നിവിടങ്ങളിലായി അറുപതോളം തൊഴിലാളികള്‍ വേറെയും ഉണ്ട്. ഇങ്ങനെ സിനിമയെ മാത്രം സ്വപ്നം കണ്ട്, സിനിമ മാത്രം ലക്ഷ്യമാക്കി ജീവിക്കുന്ന ആളാണ് ലിസ്റ്റിന്‍.