Latest News

മലയാള സിനിമയില്‍ പുതുചരിത്ര പിറവി; 300 കോടി ക്ലബില്‍ ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ചിത്രം 'ലോക'

Malayalilife
 മലയാള സിനിമയില്‍ പുതുചരിത്ര പിറവി; 300 കോടി ക്ലബില്‍ ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ചിത്രം 'ലോക'

മലയാളത്തിലെ പുതിയ ചരിത്രത്തിനു പിറവി നല്‍കി ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിച്ച ഏഴാം ചിത്രമായ ' ലോക - ചാപ്റ്റര്‍ വണ്‍:ചന്ദ്ര'. മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായി 300 കോടി ക്ലബില്‍ ഇടം പിടിക്കുന്ന ചിത്രമായി 'ലോക' മാറി.  റിലീസ് ചെയ്ത് 45 ദിവസങ്ങള്‍ കൊണ്ടാണ് ചിത്രത്തിന്റെ ആഗോള ഗ്രോസ് കളക്ഷന്‍ 300 കോടി എന്ന മാന്ത്രിക സംഖ്യയില്‍ തൊട്ടത്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹിറ്റായി മാറിയ ചിത്രം രചിച്ചു സംവിധാനം ചെയ്തത് ഡൊമിനിക് അരുണ്‍ ആണ്. കേരളത്തിന്റെ ചരിത്രത്തിന്റെ ഭാഗമായ കള്ളിയങ്കാട്ട് നീലിയുടെ ഐതിഹ്യ കഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയ ചിത്രത്തില്‍ കല്യാണി  പ്രിയദര്‍ശന്‍, നസ്ലന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കേരളത്തില്‍ നിന്ന് മാത്രം 120 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയ ചിത്രം വിദേശത്തു നിന്നും അത്ര തന്നെ ഗ്രോസ് ആണ് സ്വന്തമാക്കിയത്. റസ്റ്റ് ഓഫ് ഇന്ത്യ മാര്‍ക്കറ്റില്‍ നിന്നും 60 കോടിയോളമാണ് ചിത്രം നേടിയ ഗ്രോസ്.

യുഎഇയില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ കണ്ട മലയാള ചിത്രം എന്ന റെക്കോര്‍ഡും ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റഴിഞ്ഞ രണ്ടാമത്തെ തെന്നിന്ത്യന്‍   ചിത്രം എന്ന റെക്കോര്‍ഡും 'ലോക' അഞ്ചാം വാരത്തോടെ സ്വന്തമാക്കി. ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന മലയാള ചിത്രമായ 'ലോക' മലയാളത്തിലെ പുതിയ ഇന്‍ഡസ്ട്രി ഹിറ്റ് എന്ന കിരീടവും ചൂടിയാണ് തീയേറ്ററുകളില്‍ പ്രദര്‍ശന വിജയത്തിന്റെ കുതിപ്പ് തുടരുന്നത്. അഞ്ച് ഭാഗങ്ങള്‍ ഉള്ള ഒരു മെഗാ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ഭാഗമായി എത്തിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ ചന്തു സലിംകുമാര്‍, അരുണ്‍ കുര്യന്‍, ശരത് സഭ, നിഷാന്ത് സാഗര്‍, വിജയരാഘവന്‍  എന്നിവരും നിര്‍ണ്ണായക വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇവര്‍ക്കൊപ്പം  ദുല്‍ഖര്‍ സല്‍മാന്‍, ടോവിനോ തോമസ് എന്നിവരുടെ അതിഥി വേഷവും, മമ്മൂട്ടിയുടെ അദൃശ്യമായ സാന്നിധ്യവും ചിത്രത്തിന്റെ ഹൈലൈറ്റാണ്. 

അഞ്ചാം വാരത്തിലും കേരളത്തിലെ ഇരുന്നൂറിലധികം സ്‌ക്രീനുകളില്‍ പ്രദര്‍ശനം തുടരുന്ന 'ലോക' ഇരുന്നൂറില്‍ കൂടുതല്‍ സ്‌ക്രീനുകളില്‍ അമ്പതാം ദിവസം ആഘോഷിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയെന്ന റെക്കോര്‍ഡും സ്വന്തമാക്കിയിട്ടുണ്ട്. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഏറ്റവും അധികം പ്രേക്ഷകര്‍ ആഗോള തലത്തില്‍ കണ്ട മലയാള ചിത്രമായി മാറിയ 'ലോക',  1 കോടി 18 ലക്ഷത്തിലധികം പ്രേക്ഷകരാണ് ഇതിനോടകം ആഗോള തലത്തില്‍ കണ്ടത് എന്നാണ് കണക്കുകള്‍ പറയുന്നത്. പാന്‍ ഇന്ത്യന്‍ ഹിറ്റായി മാറിയ ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും സൂപ്പര്‍ വിജയം നേടുകയും വലിയ ചര്‍ച്ചയായി മാറുകയും ചെയ്തിരുന്നു. ബുക്ക് മൈ ഷോയിലും അഞ്ചു മില്യണില്‍ കൂടുതല്‍ ടിക്കറ്റുകള്‍ വില്‍ക്കുന്ന ആദ്യ മലയാള ചിത്രമായി മാറിയ 'ലോക', കേരളത്തില്‍ മാത്രം ആദ്യമായി 50000 ത്തില്‍ കൂടുതല്‍ ഷോകള്‍ കളിച്ചും ചരിത്രമായി. ചിത്രത്തിന്റെ രണ്ടാം ഭാഗമായ ' ലോക ചാപ്റ്റര്‍ 2' അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ടോവിനോ തോമസ് ആണ് രണ്ടാം ഭാഗത്തിലെ നായകന്‍.

മലയാള സിനിമയുടെ ചരിത്രത്തിലെ അത്ഭുത വിജയമെന്നും നാഴികക്കല്ലെന്നും വിശേഷിപ്പിക്കാവുന്ന 'ലോക' കേരളത്തില്‍ വമ്പന്‍ റിലീസായി എത്തിച്ചത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് തന്നെയാണ്. ത്രസിപ്പിക്കുന്ന സംഗീതവും അമ്പരപ്പിക്കുന്ന ദൃശ്യങ്ങളും അത്ഭുതപ്പെടുത്തുന്ന കഥാപശ്ചാത്തലവും മനോഹരമായ പ്രകടനങ്ങളും കൊണ്ട് 'ലോക' മലയാള സിനിമയിലെ മാത്രമല്ല, ഇന്ത്യന്‍ സിനിമയിലെ തന്നെ പുതിയ ട്രെന്‍ഡ് സെറ്റര്‍ ആയി മാറിയിരിക്കുകയാണ്. 

ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം - ജേക്സ് ബിജോയ്, എഡിറ്റര്‍ - ചമന്‍ ചാക്കോ,  എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്-ജോം വര്‍ഗീസ്, ബിബിന്‍ പെരുമ്പള്ളി, അഡീഷണല്‍ തിരക്കഥ-ശാന്തി ബാലചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍-ബംഗ്ലാന്‍ , കലാസംവിധായകന്‍-ജിത്തു സെബാസ്റ്റ്യന്‍, മേക്കപ്പ് - റൊണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈനര്‍-മെല്‍വി ജെ, അര്‍ച്ചന റാവു, സ്റ്റില്‍സ്- രോഹിത് കെ സുരേഷ്, അമല്‍ കെ സദര്‍, ആക്ഷന്‍ കൊറിയോഗ്രാഫര്‍- യാനിക്ക് ബെന്‍, പ്രോജക്ട് ഹെഡ് - സുജയ് ജെയിംസ്, ദേവ ദേവന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - റിനി ദിവാകര്‍, വിനോഷ്  കൈമള്‍, മാര്‍ക്കറ്റിംഗ് ഹെഡ് - വിജിത് വിശ്വനാഥന്‍,  ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്, പിആര്‍ഒ- ശബരി, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് - അനൂപ് സുന്ദരന്‍

lokah becomes the industry hit 300 core

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES