ദുല്‍ഖര്‍ സല്‍മാന്റെ വേഫറെര്‍ ഫിലിംസ് നിര്‍മ്മിച്ച 'ലോക - ചാപ്റ്റര്‍ വണ്‍ ചന്ദ്ര' എന്ന ഫാന്റസി ത്രില്ലര്‍ ചിത്രം മെഗാ ബ്ലോക്ക്ബസ്റ്റര്‍ വിജയം നേടി കുതിപ്പ് തുടരുകയാണ്. കല്യാണി പ്രിയദര്‍ശന്‍, നസ്ലന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം രചിച്ചു സംവിധാനം ചെയ്തത് ഡൊമിനിക് അരുണ്‍. ഇപ്പോഴിതാ, ചിത്രത്തിനായി അമ്പരപ്പിക്കുന്നതും അത്ഭുതപ്പെടുത്തുന്നതുമായ ഒരു മാന്ത്രിക ലോകം സൃഷ്ടിച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍ ബംഗ്ളാനും കലാസംവിധായകന്‍ ജിത്തു സെബാസ്റ്റ്യനും കയ്യടിക്കുകയാണ് പ്രേക്ഷക സമൂഹം.
പാന്‍ ഇന്ത്യന്‍ തലത്തിലാണ് ഇവര്‍ക്ക് പ്രശംസ ലഭിക്കുന്നത്. കല്യാണി അവതരിപ്പിച്ച ചന്ദ്ര എന്ന കേന്ദ്ര കഥാപാത്രത്തിന്റെ ഫ്‌ലാഷ് ബാക്ക് രംഗങ്ങള്‍ മുതല്‍, ചന്ദ്രയെ പോലെയുള്ള കഥാപാത്രങ്ങള്‍ വിഹരിക്കുന്ന മറ്റൊരു ലോകവും, ചന്ദ്ര ഇപ്പോള്‍ ഇടപെടുന്ന പുതിയ ലോകവും അവര്‍ സൃഷ്ടിച്ചത് അതീവ സൂക്ഷ്മതയോടെയും ഒപ്പം വിസ്മയിപ്പിക്കുന്ന മികവോടെയുമാണ്. ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന പ്രൊഡക്ഷന്‍ നിലവാരമാണ് പ്രൊഡക്ഷന്‍ ഡിസൈന്‍, കലാസംവിധാനം എന്നിവയിലൂടെ ഇവര്‍ ചിത്രത്തിനായി പകര്‍ന്നു നല്‍കിയത്. ചിത്രത്തിനായി പ്രേക്ഷകര്‍ ഇതുവരെ കാണാത്ത ഒരു ലോകം ഇവര്‍ ഒരുക്കിയെടുത്തു.
ഇതൊരു മലയാള ചിത്രമാണോ എന്ന് തോന്നിക്കുന്ന തരത്തില്‍ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ 'ലോക' ക്ക് സാധിക്കുന്നുണ്ട്. കേരളത്തില്‍ മാത്രമല്ല, തമിഴ്, തെലുങ്ക് സംസ്ഥാനങ്ങളിലും വിദേശ മാര്‍ക്കറ്റിലും ചിത്രം ബോക്‌സ് ഓഫീസില്‍ കത്തി കയറുകയാണ്. കേരളത്തില്‍ വമ്പന്‍ കുതിപ്പ് തുടരുന്ന ചിത്രം ഇതിനോടകം മലയാള സിനിമയിലെ പല ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളും തിരുത്തിയെഴുതി കഴിഞ്ഞു. മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളുടെ ലിസ്റ്റിലേക്കാണ് ചിത്രം കുതിച്ചു കയറുന്നത്. പാന്‍ ഇന്ത്യ തലത്തില്‍ അഭിനന്ദനം ലഭിക്കുന്ന ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി മാറുകയാണ്. കേരളത്തിലെ പ്രശസ്തമായ ഐതിഹ്യമായ കള്ളിയങ്കാട്ട് നീലിയുടെ കഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയ കേന്ദ്ര കഥാപാത്രത്തെയാണ് ചിത്രത്തില്‍ കല്യാണി അവതരിപ്പിക്കുന്നത്. കേരളത്തിന്റെ സംസ്‌കാരത്തിലും മിത്തുകളിലും ഊന്നി ഒരു ഫാന്റസി ലോകം തന്നെയാണ് ചിത്രത്തിലൂടെ സംവിധായകന്‍ ഒരുക്കിയത്.
കല്യാണി പ്രിയദര്‍ശന്‍, നസ്ലന്‍ എന്നിവര്‍ക്കൊപ്പം സാന്‍ഡി മാസ്റ്റര്‍, ചന്തു സലിംകുമാര്‍, അരുണ്‍ കുര്യന്‍, ശരത് സഭ, നിഷാന്ത് സാഗര്‍, വിജയരാഘവന്‍ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ഇവരുടെ കൂടെ പ്രേക്ഷകരെ ത്രസിപ്പിക്കുന്ന അതിഥി താരങ്ങളും ചിത്രത്തിന്റെ ഭാഗമാണ്. ജേക്‌സ് ബിജോയ് ഒരുക്കിയ പശ്ചാത്തല സംഗീതം, യാനിക്ക് ബെന്‍ ഒരുക്കിയ ഗംഭീര ആക്ഷന്‍, നിമിഷ് രവിയുടെ ദൃശ്യങ്ങള്‍ എന്നിവയും ചിത്രത്തിന്റെ മികവില്‍ വഹിച്ച പങ്ക് വളരെ വലുതാണ്. തമിഴില്‍ എ ജി എസ് സിനിമാസ്, കര്‍ണാടകയില്‍ ലൈറ്റര്‍ ബുദ്ധ ഫിലിംസ്, നോര്‍ത്ത് ഇന്ത്യയില്‍ പെന്‍ മരുധാര്‍, തെലുങ്കില്‍ സിതാര എന്റെര്‍റ്റൈന്മെന്റ്‌സ് എന്നിവര്‍ എത്തിച്ച ചിത്രം കേരളത്തില്‍ വിതരണം ചെയ്തത് വേഫറെര്‍ ഫിലിംസ് തന്നെയാണ്.
ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം - ജേക്സ് ബിജോയ്, എഡിറ്റര്‍ - ചമന്‍ ചാക്കോ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്-ജോം വര്‍ഗീസ്, ബിബിന്‍ പെരുമ്പള്ളി, അഡീഷണല്‍ തിരക്കഥ-ശാന്തി ബാലചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍-ബംഗ്ലാന്‍ , കലാസംവിധായകന്‍-ജിത്തു സെബാസ്റ്റ്യന്‍, മേക്കപ്പ് - റൊണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈനര്‍-മെല്‍വി ജെ, അര്‍ച്ചന റാവു, സ്റ്റില്‍സ്- രോഹിത് കെ സുരേഷ്, അമല്‍ കെ സദര്‍, ആക്ഷന്‍ കൊറിയോഗ്രാഫര്‍- യാനിക്ക് ബെന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - റിനി ദിവാകര്‍, വിനോഷ് കൈമള്‍, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്