Latest News

നെറ്റ്ഫ്‌ലിക്‌സിന്റെ തമിഴ് ചിത്രം 'മെയ്ഡ് ഇന്‍ കൊറിയ' ആഗോളതലത്തില്‍ തരംഗമാകുന്നു; ആഗോളതലത്തില്‍ ഇതര ഇംഗ്ലീഷ് ചിത്രങ്ങളുടെ പട്ടികയില്‍ ഒന്നാമത്; 24 രാജ്യങ്ങളില്‍ ട്രെന്‍ഡിംഗില്‍

Malayalilife
 നെറ്റ്ഫ്‌ലിക്‌സിന്റെ തമിഴ് ചിത്രം 'മെയ്ഡ് ഇന്‍ കൊറിയ' ആഗോളതലത്തില്‍ തരംഗമാകുന്നു; ആഗോളതലത്തില്‍ ഇതര ഇംഗ്ലീഷ് ചിത്രങ്ങളുടെ പട്ടികയില്‍ ഒന്നാമത്; 24 രാജ്യങ്ങളില്‍ ട്രെന്‍ഡിംഗില്‍

മുംബൈ, 18 മാര്‍ച്ച് 2026: ചില കഥകള്‍ സിനിമ കഴിഞ്ഞാലും പ്രേക്ഷകമനസ്സില്‍ മായാതെ നില്‍ക്കും. ഹൃദയസ്പര്‍ശിയായ ആഖ്യാനത്തിലൂടെയും വ്യത്യസ്ത സംസ്‌കാരങ്ങളുടെ മനോഹരമായ കൂടിച്ചേരലിലൂടെയും നെറ്റ്ഫ്‌ലിക്‌സിന്റെ തമിഴ് ചിത്രം 'മെയ്ഡ് ഇന്‍ കൊറിയ' ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയിരിക്കുകയാണ്. പ്രിയങ്ക മോഹന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം, രാ. കാര്‍ത്തിക് ആണ് സംവിധാനം ചെയ്തത്. നെറ്റ്ഫ്‌ലിക്‌സിന്റെ ആഗോള ടോപ്പ് 10 ലിസ്റ്റില്‍ (ഇതര ഇംഗ്ലീഷ് വിഭാഗം) ഒന്നാം സ്ഥാനത്തെത്തിയ ചിത്രം 24 രാജ്യങ്ങളിലാണ് ഇപ്പോള്‍ ട്രെന്‍ഡിംഗിലുള്ളത്. ഇതോടെ നെറ്റ്ഫ്‌ലിക്‌സില്‍ ഒറിജിനല്‍, ലൈസന്‍സ്ഡ് വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ആദ്യ ദക്ഷിണേന്ത്യന്‍ ചിത്രം എന്ന നേട്ടവും 'മെയ്ഡ് ഇന്‍ കൊറിയ' സ്വന്തമാക്കി.

മാര്‍ച്ച് 12-ന് പ്രീമിയര്‍ ചെയ്ത ചിത്രം റിലീസ് ചെയ്ത ഉടന്‍ തന്നെ മികച്ച പ്രതികരണങ്ങളാണ് നേടിയത്. തമിഴ്നാട്ടില്‍ നിന്നും സോളിലേക്കുള്ള ഷെന്‍ബ എന്ന പെണ്‍കുട്ടിയുടെ യാത്ര, മനോഹരമായ ദൃശ്യങ്ങള്‍, പ്രിയങ്കയുടെ മികച്ച പ്രകടനം എന്നിവ സിനിമയെ ആഗോളതലത്തില്‍ ശ്രദ്ധേയമാക്കി.

'ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഒരു ചിത്രം ആഗോളതലത്തില്‍ ഒന്നാം സ്ഥാനത്തെത്തുന്നത് അഭിമാനകരമായ നിമിഷമാണ്. ഇന്ത്യയില്‍ നിന്ന് ലോകത്തിന് ഇനിയും ഒരുപാട് കഥകള്‍ കണ്ടെത്താനുണ്ടെന്ന ഞങ്ങളുടെ വിശ്വാസത്തെ ഇത് ഉറപ്പിക്കുന്നു. സ്‌നേഹം, സൗഹൃദം, കുടുംബം എന്നീ സാര്‍വത്രിക വികാരങ്ങളെ രണ്ട് വ്യത്യസ്ത സംസ്‌കാരങ്ങളുമായി കോര്‍ത്തിണക്കിയതാണ് മെയ്ഡ് ഇന്‍ കൊറിയ യുടെ വിജയം' എന്ന് നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യ കണ്ടന്റ് വൈസ് പ്രസിഡന്റ് മോണിക്ക ഷെര്‍ഗില്‍ പറയുന്നു.

ചിത്രത്തിന്റെ വിജയത്തെക്കുറിച്ച് നടി പ്രിയങ്ക മോഹന്റെ വാക്കുകള്‍ ഇങ്ങനെ, 'ഏതൊരു കലാകാരനും ആഗ്രഹിക്കുന്ന നിമിഷമാണിത്. എന്റെ കരിയറിലെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രമാണ് ഷെന്‍ബ. തിരക്കഥ വായിച്ച നിമിഷം തന്നെ ആ കഥാപാത്രം എന്റെ ഹൃദയത്തെ സ്പര്‍ശിച്ചു. സംവിധായകന്‍ രാ. കാര്‍ത്തിക് സാറിനൊപ്പമുള്ള അനുഭവം മനോഹരമായിരുന്നു. നിര്‍മ്മാതാവ് ശ്രീനിധി സാഗറിനോടും ഈ ചിത്രം ലോകമെമ്പാടും എത്തിച്ച നെറ്റ്ഫ്‌ലിക്‌സിനോടും ഞാന്‍ നന്ദി പറയുന്നു.'

'പ്രേക്ഷകര്‍ നമ്മള്‍ കൈമാറാന്‍ ഉദ്ദേശിക്കുന്ന ആശയങ്ങളോട് തീര്‍ച്ചയായും കണക്ട് ചെയ്യും എന്ന പൂര്‍ണ്ണ വിശ്വാസത്തോടെ നിര്‍മ്മിക്കുന്ന ചില സിനിമകളുണ്ട്. 'മെയ്ഡ് ഇന്‍ കൊറിയ' നെറ്റ്ഫ്‌ലിക്‌സില്‍ ട്രെന്‍ഡിംഗാകുന്നതും ഇന്ത്യയില്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള പ്രേക്ഷകരില്‍ നിന്ന് ഇത്രയധികം പ്രോത്സാഹനജനകമായ പ്രതികരണങ്ങള്‍ ലഭിക്കുന്നതും കാണുന്നത് സത്യത്തില്‍ ഒരുപാട് സന്തോഷമുണ്ട്. പ്രിയങ്ക മോഹന്‍ 'ഷെന്‍ബ' എന്ന കഥാപാത്രത്തിനായി നല്‍കിയ അര്‍പ്പണബോധവും ആത്മാര്‍ത്ഥതയും സ്‌ക്രീനില്‍ വളരെ മനോഹരമായി പ്രതിഫലിക്കുന്നുണ്ട്. ഈ കഥയില്‍ വിശ്വസിച്ച നിര്‍മ്മാതാവ് ശ്രീനിധി സാഗറിനോടും, വിവിധ രാജ്യങ്ങളിലെ പ്രേക്ഷകരിലേക്ക് ഈ ചിത്രം എത്തിക്കാന്‍ ഇത്രയും മികച്ചൊരു പ്ലാറ്റ്‌ഫോം ഒരുക്കിത്തന്ന നെറ്റ്ഫ്‌ലിക്‌സിനോടും എന്റെ നന്ദി ഞാന്‍ അറിയിക്കുകയാണ്' , എന്ന് സംവിധായകന്‍ രാ. കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു. 

ഹൃദ്യമായ കഥയിലൂടെയും ആര്‍ക്കും പെട്ടെന്ന് ഇണങ്ങിച്ചേരാവുന്ന വികാരങ്ങളിലൂടെയും 'മെയ്ഡ് ഇന്‍ കൊറിയ' ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടംപിടിക്കുന്നത് തുടരുകയാണ്. അതിരുകള്‍ കടന്നു സഞ്ചരിക്കുന്ന ദക്ഷിണേന്ത്യയില്‍ നിന്നുള്ള സവിശേഷവും ആകര്‍ഷകവുമായ കഥകളുടെ ശേഖരത്തിന് 'മെയ്ഡ് ഇന്‍ കൊറിയ' യുടെ വിജയം കൂടുതല്‍ കരുത്തേകുന്നു

made in korea global netflix

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES