ഏഴു മാസത്തെ ഇടവേളയ്ക്കു ശേഷം മെഗാസ്റ്റാര്‍ മമ്മൂട്ടി അഭിനയം തുടങ്ങി. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന 'പേട്രിയറ്റ്' സിനിമയിലാണ് അഭിനയം. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിലാണ് ചിത്രീകരണം. നിര്‍മ്മാതാവും ഉറ്റ സുഹൃത്തുമായ ആന്റോ ജോസഫിനൊപ്പമാണ് മമ്മൂട്ടി സെറ്റിലായത്. 'പ്രാര്‍ത്ഥനകളെല്ലാം ഫലം കണ്ടെന്ന് പറഞ്ഞാല്‍ മതിയല്ലോ. സ്‌നേഹത്തിന്റെ പ്രാര്‍ത്ഥനയാണ്. അതിന് ഫലം കിട്ടും. ഓര്‍ത്തവര്‍ക്കും സ്‌നേഹിച്ചവര്‍ക്കും നന്ദി.'- മമ്മൂട്ടി മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമാകാന്‍ പോകുന്നതിന്റെ സന്തോഷം മമ്മൂട്ടി സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു.'ക്യാമറ വിളിക്കുന്നു. ചെറിയ ഇടവേളയ്ക്കുശേഷം ജീവിതത്തില്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ജോലിയിലേക്ക് മടങ്ങിവരുന്നു. എന്റെ സാന്നിദ്ധ്യമില്ലാതിരുന്ന നാളുകളില്‍ കാത്തിരുന്നവരോട് നന്ദി പറയാന്‍ വാക്കുകളില്ല.'' എന്നായിരുന്നു ചെന്നൈയില്‍ നിന്ന് ഹൈദരാബാദിലേക്ക് യാത്ര പുറപ്പെടും മുമ്പ് അദ്ദേഹം സമൂഹമാദ്ധ്യമങ്ങളില്‍ കുറിച്ചത്.
യാത്ര പുറപ്പെടാന്‍ കാറിനരികില്‍ നില്‍ക്കുന്ന ചിത്രവും പോസ്റ്റ് ചെയ്തിരുന്നു. മാസങ്ങളായി ചെന്നൈയിലെ വസതിയില്‍ വിശ്രമത്തിലായിരുന്നു അദ്ദേഹം.ആന്റോ ജോസഫ് തന്നെയാണ് ഈ സിനിമ നിര്‍മിക്കുന്നത്. 17 വര്‍ഷത്തിനു ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും പേട്രിയറ്റിനുണ്ട് . ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര എന്നിവരടക്കം അണിനിരക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണിത്.