സാറേ എന്റെ കഞ്ഞിയിലാണ് സര്‍ പാറ്റ ഇട്ടത്; ഞാന്‍ സാറിനെ വെല്ലുവിളിക്കുകയാണ്; ഇതൊരു ചെറിയ സിനിമയാണെന്ന്, അല്ലെങ്കില്‍ മോശം സിനിമയാണെന്ന്  പ്രേക്ഷകര്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ അന്ന് ഞാന്‍ ഈ പണി നിര്‍ത്താം; സിബി മലയിലിനെതിരെ വിമര്‍ശനവുമായി പദ്മകുമാര്‍

Malayalilife
സാറേ എന്റെ കഞ്ഞിയിലാണ് സര്‍ പാറ്റ ഇട്ടത്; ഞാന്‍ സാറിനെ വെല്ലുവിളിക്കുകയാണ്; ഇതൊരു ചെറിയ സിനിമയാണെന്ന്, അല്ലെങ്കില്‍ മോശം സിനിമയാണെന്ന്  പ്രേക്ഷകര്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ അന്ന് ഞാന്‍ ഈ പണി നിര്‍ത്താം; സിബി മലയിലിനെതിരെ വിമര്‍ശനവുമായി പദ്മകുമാര്‍

സംവിധായകന്‍ സിബി മലയിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ എംബി പദ്മകുമാര്‍. സുരേഷ് ഗോപിയുടെ 'ജെഎസ്‌കെ' എന്ന സിനിമയുടെ പേരുമായി ബന്ധപ്പെട്ട് സെന്‍സര്‍ ബോര്‍ഡുണ്ടാക്കിയ പ്രശ്നങ്ങളെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ച സിബിമലയിലിന്റെ വാക്കുകളാണ് പദ്മകുമാറിനെ ചൊടിപ്പിച്ചത്. എംബി പദ്മകുമാറിന്റെ സിനിമയ്ക്കും ഇത്തരത്തില്‍ അനുഭവമുണ്ടായെന്നും അതൊരു ചെറിയ സിനിമ ആയിരുന്നുവെന്നും അതിന്റെ പേര് മാറ്റി സംവിധായകന്‍ തന്നെ ആ പ്രശ്നം പരിഹരിച്ചെന്നുമാണ് സിബി മലയില്‍ പറഞ്ഞത്.

ജെഎസ്‌കെ ഇപ്പോള്‍ നേരിടുന്ന സമാനപ്രശ്‌നം പദ്മകുമാറിന്റെ സിനിമയും നേരിട്ടുണ്ടെന്നും അത് ചെറിയ സിനിമ ആയതിനാല്‍ സംവിധായകന്‍ തന്നെ ആ പേരുമാറ്റി പ്രശ്‌നം പരിഹരിച്ചു എന്നുമാണ് സിബി മലയില്‍ പറഞ്ഞത്. എന്നാല്‍ സിബി മലയലിന്റെ വാക്കുകള്‍ ചാനലിലൂടെ പുറത്തുവന്നതിനുശേഷം സിനിമ പുറത്തിറക്കാന്‍ തന്നെ സഹായിക്കാമെന്ന് പറഞ്ഞ വിതരണക്കാരന്‍ പിന്മാറിയെന്നും പദ്മകുമാര്‍ പറഞ്ഞു.

എം.ബി.പദ്മകുമാറിന്റെ വാക്കുകള്‍ :-

'സാഹചര്യങ്ങളെ വിവേകം കൊണ്ടാണ് നേരിടേണ്ടത്, വികാരം കൊണ്ടല്ലെന്ന് പലരും പറയാറുണ്ട്. പലപ്പോഴും ഞാനത് ചെയ്യാറുണ്ട്. പക്ഷേ ഈ ഒരു സാഹചര്യത്തെ ഞാന്‍ എന്റെ വികാരം കൊണ്ട് നേരിടുകയാണ്. സിബിമലയില്‍ സാറിനോട് ആര് പറഞ്ഞു എന്റെ സിനിമ അവാര്‍ഡ് സിനിമയാണ്, ചെറിയ സിനിമയാണെന്ന്. സൂപ്പര്‍ താരങ്ങള്‍ ഇല്ലെങ്കില്‍ അല്ലെങ്കില്‍ വലിയ ബജറ്റുള്ള സിനിമ അല്ലെങ്കില്‍ അതൊക്കെ ചെറിയ സിനിമയായി പോകും അല്ലേ സാറേ. അത് പ്രേക്ഷകര്‍ കാണണ്ട അല്ലേ സാറേ. സാര്‍ ആ സിനിമ കണ്ടോ? അല്ലെങ്കില്‍ സാര്‍ സിനിമയെ കുറിച്ച് എന്തെങ്കിലും അറിഞ്ഞോ? ഇത് തന്നെയല്ലേ സാറേ സെന്‍സര്‍ ബോര്‍ഡും ചെയ്തത്. സിനിമ കാണാതെ അവര്‍ മുന്‍വിധിയോടു കൂടി പത്മകുമാര്‍ ചെയ്യുന്ന സിനിമയാണ്, ഞാനോ അല്ലെങ്കില്‍ സംഘടനയിലുള്ള ആള്‍ക്കാരോ സിനിമ ചെയ്തില്ലെങ്കില്‍ അതൊക്കെ മോശം സിനിമയാകുമെന്ന് കരുതിയല്ലേ സാറേ എന്നെപ്പോലുള്ള സാധാരണക്കാരെ സാര്‍ ഉപദ്രവിക്കുന്നത്.

സാറിന് ഒരു കാര്യം അറിയാമോ. ഞാന്‍ കഴിഞ്ഞ ഏഴു മാസമായിട്ട് ഊണും ഉറക്കവും കളഞ്ഞ് കഷ്ടപ്പെട്ട് ചെയ്ത ഒരു സിനിമയാണ്. ആ സിനിമ എല്ലാം ഭംഗിയായി തീര്‍ന്ന്, സെന്‍സര്‍ ചെയ്തു കിട്ടിയത്. അത് കഴിഞ്ഞ് തിയേറ്ററില്‍ എത്തിക്കണമല്ലോ, സൂപ്പര്‍ താരങ്ങള്‍ ഒന്നുമില്ല. വര്‍ഷങ്ങളായിട്ട് സിനിമ സ്വപ്നം കണ്ടു നടന്ന ഒരുപാട് പേരുടെ മുഖമാണ് സാറേ, അവരുടെ വയറാണ് സാറേ ആ സിനിമയുടെ കണ്ടന്റ്. സൂപ്പര്‍ താരങ്ങള്‍ ഇല്ലെങ്കില്‍ തിയേറ്റിന്റെ തിരശ്ശീല കിട്ടാന്‍ വലിയ ബുദ്ധിമുട്ടല്ലേ. ഒരു ഡിസ്ട്രിബ്യൂട്ടറും വരത്തില്ല. ഞാന്‍ കഷ്ടപ്പെട്ട്, ബുദ്ധിമുട്ടി പൈസ കൊടുത്ത് ഡിസ്ട്രിബ്യൂട്ട് ചെയ്യാന്‍ വേണ്ടി ഒരാളെ അതിന് ഒപ്പിച്ചു വച്ചിരിക്കുകയായിരുന്നു. അദ്ദേഹം സാറിന്റെ സംസാരം കേട്ട് എന്നെ വിളിച്ചു പറഞ്ഞത് എന്താണെന്ന് അറിയാമോ? ''നിങ്ങള്‍ പറഞ്ഞത് ഇത് വലിയ സിനിമയാണ്, പ്രേക്ഷകര്‍ ഇഷ്ടപ്പെടും എന്നൊക്കെ പറഞ്ഞിട്ട് ഇപ്പോ സിബിമലയില്‍ പറഞ്ഞല്ലോ അതൊരു ചെറിയ സിനിമയാണെന്ന്. അവാര്‍ഡ് സിനിമയ്ക്ക് ഞാന്‍ പൈസ മുടക്കുന്നില്ല'' എന്ന് അദ്ദേഹം പറഞ്ഞു.

സാറേ എന്റെ കഞ്ഞിയിലാണ് സര്‍ പാറ്റ ഇട്ടത്. ഞാന്‍ സാറിനെ വെല്ലുവിളിക്കുകയാണ്, ഇതൊരു ചെറിയ സിനിമയാണെന്ന്, അല്ലെങ്കില്‍ ഇതൊരു അവാര്‍ഡ് സിനിമയാണ്, ഇതൊരു മോശം സിനിമയാണ്, ആള്‍ക്കാര്‍ വെറുക്കുന്ന സിനിമയാണെന്ന് സാറിന് അല്ലെങ്കില്‍ പ്രേക്ഷകര്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ അന്ന് ഞാന്‍ ഈ പണി നിര്‍ത്താം. ആരുടെയെങ്കിലും കയ്യും കാലും പിടിച്ച്, തിയറ്റര്‍ വാടകയ്ക്ക് എടുത്ത് അല്ലെങ്കില്‍ തിയേറ്റര്‍ കിട്ടിയില്ലെങ്കില്‍ തിരശ്ശീല വലിച്ചു കെട്ടി ഞാന്‍ ഈ സിനിമ പ്രേക്ഷകരെ കാണിച്ചിട്ട് ഏതെങ്കിലും പ്രേക്ഷകര്‍ പറയുകയാണ് ഈ സിനിമ അവാര്‍ഡ് സിനിമയാണ് അത് എന്‍ഗേജിങ് അല്ല, അത് മോശം സിനിമയാണെന്ന് പറഞ്ഞാല്‍ അന്ന് ഞാന്‍ ഈ പണി നിര്‍ത്താം സാറേ. അത്രമാത്രം സങ്കടത്തോടെയാണ് പറയുന്നേ''.

mb padmakumar siby malayil issue

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES