വിവിധ ഭാഷകളില്‍ ഏറെ ജനപ്രീതി നേടി മുന്നേറുന്ന റിയാലിറ്റി ഷോയാണ് ബിഗ്‌ബോസ്. മലയാളം ബിഗ്‌ബോസ് തുടക്കത്തില്‍ പ്രേക്ഷകരെ ആകര്‍ഷിച്ചില്ലെങ്കിലും അവസാനിക്കുമ്പോള്‍ വന്‍ ജനപ്രീതിയാണ് ഉണ്ടായിരുന്നത്. ഷോയില്‍ പങ്കെടുത്തവരും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ അടുത്തിടെ ആരംഭിച്ച തമിഴ് ബിഗ്‌ബോസും ശ്രദ്ധനേടി മുന്നേറുകയാണ്. ഇതിനിടെ വിവാദങ്ങളും തമിഴ് ബിബിയെ തേടിയെത്തിയിരിക്കുകയാണ്.
സംവിധായകനും നടനുമായ ചേരനെതിരെ ലൈംഗികാരോപണവുമായിട്ടാണ് ബിഗ്‌ബോസ് മത്സരാര്‍ഥിയായ നടി രംഗത്ത് എത്തിയിരിക്കുന്നത്. ബിഗ് ബോസ് തമിഴ് പതിപ്പ് ഷോയില്‍ ടാസ്‌ക്കിനിടെ ചേരന്‍ തന്നോട് മോശമായി പെരുമാറി എന്നാരോപിക്കുന്നത് നടി മീര മിഥുന്‍ ആണ്. വില്ലേജ് റൗണ്ട് ടാസ്‌ക്കില്‍ ചേരന്‍ അനുവാദമില്ലാതെ അരയില്‍ ചുറ്റിപ്പിടിച്ചെന്നാണ് ആരോപണം.
അതേസമയം ബിഗ്‌ബോസിലെ മറ്റ് അംഗങ്ങള്‍ ചേരനെ പിന്തുണച്ചു. മാന്യമായ പെരുമാറ്റവും സ്വഭാവവുമുള്ള ചേരന്‍ അത്തരത്തില്‍ പെരുമാറില്ലെന്ന് അംഗങ്ങള്‍ പറഞ്ഞു. രണ്ടു പെണ്‍കുട്ടികളുടെ പിതാവായ ചേരന് ഒരു സ്ത്രീയോടും മോശമായി പെരുമാറാന്‍ കഴിയില്ല. അദ്ദേഹത്തോടൊപ്പം ജോലി ചെയ്തവര്‍ക്കെല്ലാം ഇക്കാര്യമറിയാമെന്നും അവര്‍ വ്യക്തമാക്കി. പൊട്ടിക്കരഞ്ഞുകൊണ്ടാണ് ചേരന്‍ ഈ ആരോപണത്തെ നേരിട്ടത്.
സംഭവം വിവാദമായതോടെ ചേരന്‍ മീരയോട് മാപ്പ് പറഞ്ഞു. ദുരുദ്ദേശ്യത്തോടെയല്ല അരയില്‍ പിടിച്ചതെന്നും തന്റെ പെണ്‍കുഞ്ഞുങ്ങളുടെ പേരില്‍ സത്യം ചെയ്യുന്നുവെന്നും ചേരന്‍ പറഞ്ഞു. നാലു തവണ ദേശീയ അവാര്‍ഡും നാല് തവണ തമിഴ്‌നാട് സര്‍ക്കാറിന്റെ അവാര്‍ഡും നേടിയ നടനാണ് ചേരന്‍.