അകം നിറയെ ആറ്റുകാലമ്മയാണ്, വാക്കുകള്‍ അപ്രസക്തമാകുന്ന നിമിഷം. ഇന്ന് ജീവിച്ചിരുന്നെങ്കില്‍ ഈ പുരസ്‌കാര നേട്ടത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് എന്റെ അമ്മയായിരിക്കും.' ആറ്റുകാല്‍ ക്ഷേത്ര ട്രസ്റ്റിന്റെ പ്രഥമ 'അംബാ പുരസ്‌കാരം' ഏറ്റുവാങ്ങി നടന്‍ മോഹന്‍ലാല്‍ പറഞ്ഞു. തന്റെ സിനിമാ ജീവിതത്തിലെയും വ്യക്തിജീവിതത്തിലെയും നിര്‍ണ്ണായക മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച തിരുനടയില്‍ വികാരാധീനനായാണ് താരം ഓര്‍മ്മകള്‍ പങ്കുവെച്ചത്.
തന്റെ ജീവിതത്തിലെ ഏറ്റവും വലിയ രണ്ട് നിയോഗങ്ങള്‍ ആറ്റുകാലമ്മയ്ക്ക് മുന്നിലായിരുന്നുവെന്ന് മോഹന്‍ലാല്‍ അനുസ്മരിച്ചു. ആദ്യ സിനിമയായ 'തിരനോട്ട'ത്തിന്റെ പൂജ നടന്നത് ആറ്റുകാല്‍ ക്ഷേത്രത്തിലായിരുന്നു. 1988 ഏപ്രില്‍ 28-ന് സുചിത്രയെ താലിചാര്‍ത്തിയതും ഇതേ തിരുനടയില്‍ വെച്ചാണ്. 36 വര്‍ഷം പിന്നിടുന്ന ദാമ്പത്യം അമ്മയുടെ അനുഗ്രഹമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തുകാര്‍ക്ക് ആറ്റുകാല്‍ ഒരു വികാരമാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു.
'മുടവന്‍മുകളിലെ കുട്ടിക്കാലത്ത് ആറ്റുകാല്‍ ഇന്നത്തെപ്പോലെ വികസിച്ചിട്ടില്ല. ചുറ്റും വയലുകളായിരുന്നു. അന്നത്തെ 'ചപ്രമെഴുന്നള്ളത്തുകള്‍' മുടവന്‍മുകളുകാര്‍ക്ക് വലിയ ഉത്സവമായിരുന്നു. പൊങ്കാല തലേന്ന് ശ്രീപത്മനാഭയിലും കിള്ളിപ്പാലം ശിവയിലും സെക്കന്‍ഡ് ഷോയ്ക്ക് ശേഷം പ്രദര്‍ശിപ്പിക്കുന്ന സ്‌പെഷ്യല്‍ തേര്‍ഡ് ഷോകള്‍ ഇന്നും മനസ്സിലുണ്ട്. എന്റെ അന്യഭാഷാ സുഹൃത്തുക്കളോട് പൊങ്കാലയുടെ പ്രത്യേകതകളെക്കുറിച്ച് അത്ഭുതത്തോടെ സംസാരിക്കാറുണ്ട്.'
പലതവണ ക്ഷേത്രത്തിലേക്ക് ക്ഷണം ലഭിച്ചെങ്കിലും ഇപ്പോഴാണ് അതിന് സാധിച്ചത്. 'എല്ലാത്തിനും അതിന്റെ സമയമുണ്ട് ദാസാ എന്ന് സിനിമയില്‍ പറയും പോലെ, ദാസാ എന്ന അമ്മയുടെ വിളിയായി കണക്കാക്കിയാണ് ഇത്തവണ എത്തിയത്.' 48 വര്‍ഷത്തെ സിനിമാ ജീവിതത്തിനിടയില്‍ നിരവധി ബഹുമതികള്‍ ലഭിച്ചിട്ടുണ്ടെങ്കിലും വളര്‍ന്ന മണ്ണിലെ ഈ പുരസ്‌കാരം സവിശേഷമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.