മലയാളം സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയില്‍ നേതൃപ്രതിസന്ധി രൂക്ഷമായി നില്‍ക്കുകയാണ്. സുരേഷ് ഗോപിയും മുരളിയും മധുവും അടക്കമുള്ളവര്‍ ചേര്‍ന്ന് തുടക്കമിട്ട സംഘടന ഇപ്പോള്‍ മലയാള സിനിമയിലെ ഏറ്റവും വലിയ കൂട്ടായ്മയാണ്. ഇന്ന് ഈ സംഘടനക്ക് ഔദ്യോഗികമായി നാഥനില്ലാത്ത അവസ്ഥയാണ് ഉള്ളത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അമ്മയുടെ നേതൃനിരയെ പിരിച്ചു വിടുകയും ദൈനംദിന കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ ഒരു അഡ്ഹോക്ക് കമ്മറ്റിക്ക് രൂപം കൊടുക്കുകയുമായിരുന്നു. ഈ കമ്മറ്റിയുടെ കാലാവധി മൂന്ന് മാസം മാത്രമായിരുന്നു. എന്നിട്ടും പുതിയ നേതൃത്വം ആയിട്ടില്ല. മോഹന്‍ലാല്‍ അടങ്ങുന്ന പഴയ ടീം തന്നെയാണ് സംഘടനയെ ഇപ്പോള്‍ നയിക്കുന്നതും.
ഇതിനിടെ ഇക്കഴിഞ്ഞ ഞായറാഴ്ച്ച നടന്ന അമ്മ ജനറല്‍ ബോഡി യോഗം പുതിയ ഭരണസമതിയെ മൂന്ന് മാസത്തിനുള്ളില്‍ തിരഞ്ഞെടുക്കാന്‍ ധാരണയില്‍ എത്തിയിരുന്നു. സംഘടനയുമായി സഹകരിക്കാന്‍ യുവതാരങ്ങള്‍ അടക്കം പലപ്രമുഖരും താല്പ്പാര്യം കാണിക്കാതെ വന്നതോടെ മോഹന്‍ലാല്‍ കടുത്ത വിഷമത്തിലായിരുന്നു. ചികിത്സയുമായി ബന്ധപ്പെട്ട് മമ്മൂട്ടിയും യോഗത്തിന് എത്തിയില്ല. പൃഥ്വിരാജ്, ഫഹദ് ഫാസില്‍ തുടങ്ങിയ സിനിമയില്‍ മാര്‍ക്കറ്റുള്ള നടന്മാര് അമ്മയുമായി സഹകരിക്കാന്‍ താല്‍പ്പര്യവും കാണിക്കാറില്ല. യോഗത്തില്‍ ഇത്തരത്തില്‍ പലവിധ പ്രശ്നങ്ങള്‍ കൊണ്ട് പ്രസിഡന്റായിരുന്ന മോഹന്‍ലാല്‍ കടുത്ത അസ്വസ്ഥതയിലായിരുന്നു. ഈ അസ്വസ്ഥതയും സങ്കടവും ഒരു പൊട്ടിത്തെറിയിലേക്കും വഴിവെച്ചു.
യോഗത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഇക്കുറി എത്തിയിരുന്നു. മോഹന്‍ലാല്‍ തന്നെ വീണ്ടും അമ്മയുടെ അധ്യക്ഷ സ്ഥാനത്ത് തുടരണം എന്നാണ് സുരേഷ് ഗോപി പ്രസംഗത്തില്‍ പറഞ്ഞത്. ഗജവീരനായ മോഹന്‍ലാല്‍ തന്നെ സംഘടനയുടെ തലപ്പത്ത് വേണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഇതിന് ശേഷമാണ് നടന് ബൈജു സന്തോഷ് പ്രസംഗിച്ചത്. തന്റെ സ്വതസിദ്ധമായ തിരുവനന്തപുരം ഭാഷാ ശൈലിയില്‍ മോഹന്‍ലാലിനെ അല്‍പ്പം കോനയിച്ചു കൊണ്ടാണ് ബൈജു സംസാരിച്ചത്. ലാലേട്ടന് ചുമ്മാ താടിക്ക് കൈയ്യും കടുത്ത് ഇരുന്നാല്‍ മതിയെന്നും മറ്റു കാര്യങ്ങളെല്ലാം മറ്റുള്ളവര്‍ ചെയ്യുമെന്നുമാണ് ബൈജു തന്റെ ശൈലിയില്‍ പറഞ്ഞത്. പ്രസംഗത്തിന് കയ്യടിക്കാന്‍ തയ്യാറായിരിക്കയായിരുന്നു യോഗത്തിന് എത്തിയവരും. എന്നാല്‍, എല്ലാവരെയും സ്തംബ്ധരാക്കി മോഹന്‍ലാല്‍ ബൈജുവിനോട് പൊട്ടിത്തെറിക്കുകയാണ് ഉണ്ടായത്.
ഇരുന്ന സീറ്റില്‍ നിന്നും ചാടിയേണീറ്റ മോഹന്‍ലാല്‍ കടുത്ത ഭാഷയില്‍ ബൈജുവിനോട് ക്ഷോഭിച്ചു. തന്നെ കളിയാക്കിയെന്ന തോന്നലിലാണ് ലാല്‍ പൊട്ടിത്തെറിച്ചത്. കാണുന്നവര്‍ക്ക് ബൈജുവിനോട് മുന്‍വിരോധം ഉണ്ടെന്ന വിധത്തിലായിരുന്നു ലാല്‍ ക്ഷോഭിച്ചത്. എന്നാല്‍ താന്‍ ലാലേട്ടനെ കളിയാക്കാന്‍ ഉദ്ദേശിച്ചില്ലെന്ന് പറഞ്ഞ് ബൈജു ക്ഷമാപണം അടക്കം നടത്തി. ലാലേട്ടന് എന്തുപറ്റിയെന്നാണ് അവിടെ ഉണ്ടായിരുന്ന മറ്റുള്ളവരും ചോദിച്ചത്. പിന്നിട് എല്ലവരും ചേര്‍ന്ന് അദ്ദേശത്തെ ശാന്തനാക്കുകയായിരുന്നു. എന്തിനാണ് ലാല്‍ പൊട്ടിത്തെറിച്ചതെന്ന് അവിടെ ഉണ്ടായിരുന്ന അധികമാര്‍ക്കും മനസ്സിലായില്ല. മമ്മൂട്ടിക്ക് യോഗത്തിന് വരാന്‍ സാധിക്കാതിരുന്നതും ഫഹദ്, ദുല്‍ഖര്‍, പൃഥ്വി അടക്കമുള്ള യുവതാരങ്ങളുടെ സഹകരണം ഇല്ലായ്മ അടക്കം മോഹന്‍ലാലിനെ വിഷമത്തിലാക്കിയിരുന്നു.
താരസംഘടനയുടെ ഭാഗമായിരുന്ന ഉണ്ണി മുകുന്ദനെ പോലുള്ളവര്‍ വിവാദങ്ങളിലും ചെന്നു ചാടി. ഇതടക്കം ചില പ്രശ്നങ്ങളെല്ലാം ഓര്‍ത്താണ് ലാലേട്ടന് ദേഷ്യം പിടിച്ചത് എന്നാണ് സൂചന. എങ്കിലും തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു ആ പൊട്ടിത്തെറിക്കല്. ഇതോട യോഗത്തിന്റെ സന്തോഷമെല്ലാം കെടുന്ന അവസ്ഥയുണ്ടായി. ലാല്‍ ഇനി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയ്യാറാകുമോ എന്നും കണ്ടറിയേണ്ട കാര്യമാണ്. അതേസമയം വര്‍ഷങ്ങളായി സിനിമയില്‍ നില്ക്കുന്ന യുവതാരങ്ങള്‍ സംഘടനയുമായി സഹകരിക്കണം എന്നാണ് ലാലിന്റെ ആഗ്രഹം. അതനുസരിച്ചുള്ള മാറ്റങ്ങളിലേക്ക് സംഘടന കടക്കുമെന്നാണ് സൂചനകള്‍. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വനിതാ അംഗത്തെ കൊണ്ടുവരാനും ആലോചനയുണ്ട്. മൂന്നുമാസത്തിനകം അടുത്ത തിരഞ്ഞെടുപ്പിലേക്ക് പോകുന്ന സംഘടനയില്‍ പ്രാരംഭചര്ച്ചകള് തുടങ്ങിക്കഴിഞ്ഞു. ഞായറാഴ്ച നടന്ന പൊതുയോഗത്തില്‍ പ്രസിഡന്റായി മോഹന്‍ലാല്‍ തുടരണമെന്നായിരുന്നു അംഗങ്ങളുടെ പൊതുവികാരം. എന്നാല്‍ അത് തള്ളിക്കളഞ്ഞാണ് മോഹന്‍ലാല്‍ നിലപാട് വ്യക്തമാക്കിയത്.
ഭരണസമിതിയിലെ ജനറല്‍ സെക്രട്ടറി അടക്കമുള്ളവരുടെ രാജിയിലേക്ക് നയിച്ച സാഹചര്യം പൂര്‍ണമായി മാറിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മോഹന്‍ലാലിന്റെ നയപ്രഖ്യാപനം. പുതിയ തലമുറയിലെ അംഗങ്ങള്‍ നേതൃത്വത്തിലേക്ക് കടന്നുവരണമെന്നും അവര്‍ അധ്യക്ഷപദവിയിലെ പ്രശ്നങ്ങളും പ്രതിസന്ധികളും എന്താണെന്ന് മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉണ്ണി മുകുന്ദന് രാജിവെച്ച ട്രഷറര്‍ സ്ഥാനത്തേക്ക് അഡ്ഹോക് കമ്മിറ്റിയിലെ ഒരംഗം വരും. എന്നാല്‍ ജനറല്‍ സെക്രട്ടറിയായിരുന്ന സിദ്ദിഖ് രാജിവെച്ച ഒഴിവിലേക്ക് ഒരു വനിതയെ പരിഗണിക്കണമെന്ന ആവശ്യത്തിന് പൊതുയോഗത്തിലും മികച്ച പിന്തുണ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച കുക്കു പരമേശ്വരന് 27 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടതെന്ന കാര്യവും വനിതാ ജനറല്‍ സെക്രട്ടറി എന്ന സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. ഇപ്പോള്‍ അഡ്ഹോക് കമ്മിറ്റിയിലുള്ള വനിതകളായ അന്‍സിബ ഹസ്സന്, സരയൂ മോഹന്‍, അനന്യ, ജോമോള്‍ എന്നിവരിലാരും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാനുണ്ടാകില്ലെന്നാണ് വിവരം.
സീനിയറായ മറ്റു ചില വനിതാ അംഗങ്ങള്‍ ജനറല്‍സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാന്‍ എത്തിയേക്കുമെന്നാണ് സൂചന. അതേസമയം താരസംഘടന മാധ്യമങ്ങളെ പാടെ അവഗണിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതും. ഹേമ കമ്മറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സിദ്ധിഖിന്റെ അറസ്റ്റിലേക്കും മറ്റും കടന്ന പശ്ചാത്തലത്തിലാണ് മാധ്യമങ്ങളെ അകറ്റി നിര്‍ത്തിയത്. ഇപ്പോള്‍ താരങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതു പോലും സംഘടന നിയന്ത്രണം കൊണ്ടുവരുന്ന നിലയാണ്. മാധ്യമങ്ങള്‍ അവരുടെ ജോലി ചെയ്തു എന്ന് വിലയിരുത്താതെയാണ് ഇത്തരം മാധ്യമങ്ങളെ വിലക്കുന്ന നീക്കങ്ങള്‍ അവര്‍ സ്വീകരിക്കുന്നത്. അമ്മ ജനറല്‍ ബോഡിയില്‍ ഇത്തരത്തില്‍ മാധ്യമങ്ങള്‍ക്ക് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പോലും അനുവദിക്കാത്ത സമീപനം ഉണ്ടായി. മുന്‍ മാധ്യമപ്രവര്‍ത്തകനായ ഒരു യുട്യൂബ് ഉടമ ഹൈദരാലിക്ക് പരിപാടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കരാര്‍ നല്‍കുകയാണ് സംഘടന ചെയ്തത്. ഇതോടെ മറ്റ് മാധ്യമങ്ങള്‍ക്ക് ദൃശ്യങ്ങള്‍ ലഭിക്കാത്ത അവസ്ഥ വന്നു.
ജനറല്‍ ബോഡി നടന്ന ഗോകുലം പാര്‍ക്കിന്റെ പരിസരത്ത് പോലും മാറ്റു മാധ്യമങ്ങളെ അടുപ്പിക്കാത്ത നിലയാണ് ഉണ്ടായത്. സ്വന്തം ക്യാമറയില്‍ പകര്‍ത്തിയാല്‍ അത് കോപ്പിറൈറ്റ് അടിച്ചു പൂട്ടിക്കുമെന്ന് ഭീഷണിപ്പെടുത്തലും ഉണ്ടായി. ഇതില്‍ മാധ്യമങ്ങള്‍ കടുത്ത അമര്‍ഷത്തിലാണ്. യോഗത്തിന്റെ വസ്തുതകള്‍ പുറത്തുവിടാത്ത ഇരുമ്പുമറ സൃഷ്ടിക്കുന്ന സമീപനം നന്നല്ലെന്നാണ് പൊതുവില്‍ ഉയരുന്ന അഭിപ്രായം.