ഞാന്‍ ഉള്‍പ്പെടെയുള്ള കലാകാരന്മാര്‍ ആരാധനയോടും അത്ഭുതത്തോടും നോക്കിക്കണ്ട ഒരാള്‍; അസുഖബാധിതനായി കിടക്കുന്നത് അറിഞ്ഞ് കാണാന്‍ ചെന്നപ്പോഴും ഉടനെ സിനിമ ലോകത്തേക്ക് മടങ്ങിവരുമെന്ന ആത്മവിശ്വാസം;ആശുപത്രികിടക്കയിലുള്ള നവാസിന്റെ ചിത്രത്തിനൊപ്പം മുകേഷ് കുറിച്ചത്

Malayalilife
 ഞാന്‍ ഉള്‍പ്പെടെയുള്ള കലാകാരന്മാര്‍ ആരാധനയോടും അത്ഭുതത്തോടും നോക്കിക്കണ്ട ഒരാള്‍; അസുഖബാധിതനായി കിടക്കുന്നത് അറിഞ്ഞ് കാണാന്‍ ചെന്നപ്പോഴും ഉടനെ സിനിമ ലോകത്തേക്ക് മടങ്ങിവരുമെന്ന ആത്മവിശ്വാസം;ആശുപത്രികിടക്കയിലുള്ള നവാസിന്റെ ചിത്രത്തിനൊപ്പം മുകേഷ് കുറിച്ചത്

മക്കള്‍ക്കും പേരക്കുട്ടികള്‍ക്കും വരെ ജീവിക്കാനുള്ളതെല്ലാം സമ്പാദിച്ചു വച്ചാണ് നടന്‍ പ്രേംനസീര്‍ 59ാം വയസില്‍ മരണത്തിനു കീഴടങ്ങിയത്. അകാലത്തിലുള്ള മരണമായിരുന്നെങ്കിലും കുടുംബത്തിനു വേണ്ടതെല്ലാം അദ്ദേഹം ഒരുക്കിയിരുന്നു. അതുകൊണ്ടുതന്നെ, മകന്‍ ഷാനവാസിന്റെ ജീവിതവും സമ്പന്നതയില്‍ തന്നെ ആയിരുന്നു. അഭിനയരംഗത്ത് അത്രകാര്യമായി ശോഭിക്കാനായില്ലെങ്കിലും പ്രവാസ ജീവിതവും അവിടെ നിന്നും തിരിച്ചെത്തിയും ഒക്കെ വീണ്ടും തിളങ്ങാന്‍ ഷാനവാസ് ശ്രമിച്ചിരുന്നു. ഒരുവേള സീരിയലുകളിലേക്കും ചുവടുമാറ്റി. ഒടുവില്‍ വൃക്കയേയും ഹൃദയത്തേയും അസുഖം ബാധിച്ചപ്പോള്‍ കഴിഞ്ഞ നാലു വര്‍ഷമായി അസുഖകിടക്കയിലേക്ക് അദ്ദേഹത്തിന്റെ ജീവിതം മാറുകയായിരുന്നു. ഇപ്പോഴിതാ, അദ്ദേഹത്തിന്റെ അവസാന കാലത്തെ ചിത്രം പുറത്തു വന്നിരിക്കുകയാണ്. ദിവസങ്ങള്‍ക്കു മുമ്പ് ഷാനവാസിനെ കാണാന്‍ നടന്‍ മുകേഷ് എത്തിയപ്പോള്‍ പകര്‍ത്തിയ ചിത്രമാണ് ഇപ്പോള്‍ ആരാധകരേയും ഞെട്ടിക്കുന്നത്.

'ആദരാഞ്ജലികള്‍, ചലച്ചിത്ര ലോകത്തേക്ക് പ്രവേശിക്കുന്ന കാലഘട്ടത്തില്‍ ഞാന്‍ ഉള്‍പ്പെടെയുള്ള കലാകാരന്മാര്‍ ആരാധനയോടും അത്ഭുതത്തോടും നോക്കിക്കണ്ട ഒരാളായിരുന്നു ഷാനവാസ്..അന്ന് ചെന്നൈയില്‍ വച്ച് അദ്ദേഹത്തെ കാണുമ്പോഴൊക്കെ ഞങ്ങള്‍ക്ക് വലിയ അഭിമാനമായിരുന്നു. കാരണം മലയാളത്തിന്റെ മഹാനായ കലാകാരന്‍ പ്രേം നസീറിന്റെ മകനാണ് അദ്ദേഹം.അസുഖബാധിതനായി കിടക്കുന്നത് അറിഞ്ഞ് അടുത്തകാലത്ത് അദ്ദേഹത്തെ കാണാന്‍ ചെന്നപ്പോഴും ഞാന്‍ ഉടനെ സിനിമ ലോകത്തേക്ക് മടങ്ങിവരുമെന്ന് വളരെ ആത്മവിശ്വാസത്തോടെ പറയുകയുണ്ടായി. അദ്ദേഹത്തിന്റെ അപ്രതീക്ഷിതമായ വിയോഗത്തില്‍ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു' മുകേഷ് കുറിച്ചു. 

മുഖത്തെ ചിരി അതുപോലെ തന്നെയുണ്ടെങ്കിലും രോഗം അവശനാക്കി മാറ്റിയ ഷാനവാസിനെയാണ് ചിത്രത്തില്‍ കാണാന്‍ കഴിയുക. നര പടര്‍ന്ന മുഖത്ത് രോഗത്തിന്റെ എല്ലാ അവശതകളും കാണാന്‍ കഴിയും. കിടക്ക വിട്ട് എഴുന്നേല്‍ക്കാന്‍ സാധിക്കാത്ത സാഹചര്യമായിരുന്നു അപ്പോള്‍. ദിവസങ്ങള്‍ക്കിപ്പുറം ഇന്നലെ തിങ്കളാഴ്ച രാത്രി ഏഴുമണിയോടെ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഷാനവാസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 12 മണിയോടെ മരണത്തിനു കീഴടങ്ങുകയായിരുന്നു. വഴുതക്കാട് ആകാശവാണിക്കു സമീപം ഫ്ളാറ്റിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. അവിടെനിന്നുമാണ് ആശുപത്രിയില്‍ കൊണ്ടുപോയത്. നാലു നാള്‍ മുന്നേ മലയാളികളെ മുഴുവന്‍ ഞെട്ടിച്ച വേര്‍പാടായിരുന്നു നടനും മിമിക്രി താരവുമായ നവാസിന്റേത്. ആ വേര്‍പാടിന്റെ വേദന ഇപ്പോഴും ആരാധക മനസുകളില്‍ നിറഞ്ഞു നില്‍ക്കവേയാണ് ഷാനവാസിന്റെ വിയോഗവും സംഭവിച്ചത്.

അച്ഛന്റെ പാത പിന്‍തുടര്‍ന്ന് മലയാള സിനിമയിലെത്തിയ ഷാനവാസ് മലയാള സിനിമയില്‍ നായക, വില്ലന്‍വേഷങ്ങളില്‍ തിളങ്ങി. മലയാളം, തമിഴ് ഭാഷകളിലായി 96 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത 'പ്രേമഗീതങ്ങളി'ലൂടെയാണ് ഷാനവാസ് സിനിമയിലെത്തുന്നത്. 'മണിത്താലി', 'ഗാനം', 'ഹിമം', 'ചൈനാ ടൗണ്‍', 'ചിത്രം', കോരിത്തരിച്ച നാള്‍ തുടങ്ങിയവയാണ് അഭിനയിച്ച ചിത്രങ്ങളില്‍ ചിലത്. 'ഇവന്‍ ഒരു സിംഹം' എന്ന സിനിമയില്‍ ആദ്യമായി നസീറിനൊപ്പം അഭിനയിച്ചു. തുടര്‍ന്ന് ഏഴ് സിനിമകളില്‍ പിതാവും മകനും ഒന്നിച്ച് അഭിനയിക്കുകയും ചെയ്തു. 'ജനഗണമന'യാണ് അവസാന ചിത്രം.

1989ല്‍ നസീറിന്റെ മരണശേഷവും അഭിനയം തുടര്‍ന്നെങ്കിലും വേഷങ്ങളില്‍ ആവര്‍ത്തന വിരസതയുണ്ടായപ്പോള്‍ സിനിമാരംഗം വിട്ടു. പിന്നീട് ഗള്‍ഫില്‍ ഷിപ്പിങ് കമ്പനിയില്‍ മാനേജരായി. അതിനുശേഷമാണ് സീരിയലില്‍ അഭിനയിച്ചതും വീണ്ടും മലയാള സിനിമയില്‍ സജീവമാകുന്നതും. ഇരുപത്തഞ്ചോളം സിനിമകളില്‍ നായകനായി. ഒട്ടേറെ ചിത്രങ്ങളില്‍ വില്ലനും. ഇതിനിടെ ടെലിവിഷന്‍ സീരിയലുകളിലും വേഷമിട്ടു.

ചിറയിന്‍കീഴ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, മോണ്ട്‌ഫോര്‍ട്ട് സ്‌കൂള്‍, യേര്‍ക്കാട് എന്നിവിടങ്ങളില്‍നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടുകയും ചെന്നൈയിലെ ന്യൂ കോളേജില്‍നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തരബിരുദം നേടുകയും ചെയ്തു. എംഎ ഇംഗ്ലീഷ് സാഹിത്യത്തില്‍ അവസാനവര്‍ഷ വിദ്യാര്‍ഥിയായിരിക്കെയാണ് 1981-ല്‍ പ്രേമഗീതങ്ങളിലൂടെ സിനിമാരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്.

പരേതയായ ഹബീബ ബീവിയാണ് മാതാവ്. ഭാര്യ: ആയിഷാബീവി. മക്കള്‍: അജിത്ഖാന്‍ (ദുബായ്), ഷമീര്‍ഖാന്‍. മരുമകള്‍: ഹന (കൊല്ലം). സഹോദരങ്ങള്‍: ലൈല, റസിയ, റീത്ത. ചൊവ്വാഴ്ച വൈകീട്ട് മൃതദേഹം പാളയം ജുമാമസ്ജിദിലേക്ക് എത്തിക്കും. തുടര്‍ന്ന് അഞ്ചുമണിയോടെ കബറടക്കം.


 

mukesh about actor shanavas

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES