ജയസൂര്യ നായകനായ 'വെള്ളം' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വ്യവസായിയും നിര്‍മാതാവുമാണ് മുരളി കുന്നുംപുറത്ത്. ബിസിനസ്സിലെ തകര്‍ച്ചയും, സിനിമ ഇന്റസ്ട്രിയില്‍ പറ്റിക്കപ്പെട്ടതിനെ കുറിച്ചുമൊക്കെ പറഞ്ഞുകൊണ്ടുള്ള മുരളിയുടെ വീഡിയോ പുറത്ത് വന്നത് വിവാദമായിരുന്നു. ഇപ്പോളിത മോഹന്‍ലാലിനൊപ്പമുള്ള കൂടിക്കാഴ്ച്ചയെ കുറിച്ച് പങ്ക് വച്ച കുറിപ്പ് ശ്രദ്ധേയമാകുകയാണ്.
ജീവിതത്തിലെ വലിയ പ്രയാസങ്ങളിലൂടെയും പ്രതിസന്ധികളിലൂെടയും കടന്നുപോകുന്ന നിമിഷത്തില്‍ കൂടിക്കാഴ്ച ഏറെ വ്യത്യസ്തവും വിലപ്പെട്ടതുമായിരുന്നുവെന്ന് മുരളി പറയുന്നു.
കൂടിക്കാഴ്ചയില്‍ പ്രൊഡ്യൂസര്‍ ആന്റണി പെരുമ്പാവൂരും ഒപ്പമുണ്ടായിരുന്നു. സിനിമയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ഒരുപാട് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഈ നിമിഷങ്ങള്‍ സഹായിച്ചുവെന്നും തന്റെ ജീവിതത്തിലെ ഈ വിഷമഘട്ടത്തില്‍ ലഭിച്ച ആശ്വാസത്തിന് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'' ചില കൂടിക്കാഴ്ചകള്‍... വാക്കുകള്‍ക്കപ്പുറമുള്ള അനുഭവങ്ങളാണ് . മോഹന്‍ലാല്‍ സാറിനെ ഞാന്‍ ഇതിന് മുമ്പും ഒരുപാട് തവണ കണ്ടിട്ടുണ്ട്. ഓരോ കൂടിക്കാഴ്ചയും എനിക്ക് വിലപ്പെട്ടതാണ്. പക്ഷേ, ഈ കൂടിക്കാഴ്ച... അത് കുറച്ചുകൂടി വ്യത്യസ്തമായിരുന്നു. ജീവിതത്തില്‍ ഒരുപാട് പ്രശ്‌നങ്ങളും പ്രതിസന്ധികളും മനസ്സില്‍ വലിയ ഭാരവുമായി മുന്നോട്ട് പോകുന്ന ഒരു സമയത്താണ് ഇത്തവണ ലാല്‍ സാറിന്റെ അടുത്തേക്ക് പോകാന്‍ കഴിഞ്ഞത്.
ചില സമയങ്ങളില്‍ നമുക്ക് വേണ്ടത് വലിയ ഉപദേശങ്ങളോ പരിഹാരങ്ങളോ അല്ല. മനസ്സിലുള്ള വിഷമങ്ങള്‍ തുറന്നുപറയാന്‍ കഴിയുന്ന ഒരിടം... കുറച്ച് സമയം സമാധാനത്തോടെ ഇരിക്കാന്‍ കഴിയുന്ന ഒരു സാന്നിധ്യം... അതാണ്. ലാല്‍ സാറിന്റെ അടുത്തിരുന്ന ആ സമയം എനിക്ക് അത്തരമൊരു അനുഭവമായിരുന്നു. എന്റെ ജീവിതത്തിലെ ബുദ്ധിമുട്ടുകള്‍ സാറിനോട് പങ്കുവെക്കാന്‍ കഴിഞ്ഞു. ഏകദേശം മൂന്ന് മണിക്കൂറോളം സാറിനൊപ്പം ചെലവഴിക്കാന്‍ സാധിച്ചു. ആ നിമിഷങ്ങള്‍ എന്റെ മനസ്സില്‍ എന്നും സൂക്ഷിച്ചുവെക്കാന്‍ ആഗ്രഹിക്കുന്ന ഓര്‍മ്മകളാണ്.
ആന്റണി പെരുമ്പാവൂര്‍ ചേട്ടനും കൂടെയുണ്ടായിരുന്നു. സിനിമയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ഒരുപാട് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ആ കൂടിക്കാഴ്ചയിലൂടെ സാധിച്ചു.
ലാല്‍ സാറേ... അങ്ങയെ ഞാന്‍ മുമ്പും കണ്ടിട്ടുണ്ട്. ഇനിയും കാണാന്‍ ആഗ്രഹിക്കുന്നു. പക്ഷേ, എന്റെ ജീവിതത്തിലെ ഈ വിഷമഘട്ടത്തില്‍ അങ്ങയുടെ അടുത്തിരുന്ന ആ അനുഭവത്തിന് എന്റെ മനസ്സില്‍ ഒരു പ്രത്യേക സ്ഥാനമുണ്ട്. ചില മനുഷ്യരെ കാണുമ്പോള്‍ നമ്മുടെ പ്രശ്‌നങ്ങള്‍ പെട്ടെന്ന് അവസാനിക്കണമെന്നില്ല. പക്ഷേ, ആ നിമിഷങ്ങളില്‍ മനസ്സിന് ലഭിക്കുന്ന സമാധാനം... അതിന് വലിയൊരു വിലയുണ്ട്. ആ സമാധാനത്തിനും ആ വിലപ്പെട്ട സമയത്തിനും ഹൃദയത്തില്‍ നിന്ന് നന്ദി, ലാല്‍ സാറേ. ആന്റണി ചേട്ടാ, പങ്കുവെച്ച കാര്യങ്ങള്‍ക്കും നല്‍കിയ സമയത്തിനും ഒരുപാട് നന്ദി.''- മുരളി കുന്നുംപുറത്ത് കുറിച്ചു.