Latest News

ജീവിത യാത്രയുടെ പുതിയൊരു അധ്യായം ഇന്ന് ആരംഭിക്കുന്നു; ശസ്ത്രക്രിയ സാധ്യമല്ലാത്തതിനാല്‍ ഇനി കീമോ ചെയ്യണം; വിശ്വസിക്കൂ, ഞാന്‍ ജീവിതത്തെ സ്നേഹിക്കുന്നുണ്ട്: പോസ്റ്റുമായി നടി നഫീസ അലി

Malayalilife
ജീവിത യാത്രയുടെ പുതിയൊരു അധ്യായം ഇന്ന് ആരംഭിക്കുന്നു; ശസ്ത്രക്രിയ സാധ്യമല്ലാത്തതിനാല്‍ ഇനി കീമോ ചെയ്യണം; വിശ്വസിക്കൂ, ഞാന്‍ ജീവിതത്തെ സ്നേഹിക്കുന്നുണ്ട്: പോസ്റ്റുമായി നടി നഫീസ അലി

മുന്‍ മിസ് ഇന്ത്യയും നടിയുമായ നഫീസ അലി വീണ്ടും കീമോ തെറാപ്പിക്ക് വിധേയയാകുന്നതായി അറിയിച്ചു. ശസ്ത്രക്രിയ സാധ്യമല്ലാത്തതിനാല്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം കീമോതെറാപ്പി തുടരേണ്ടി വരുമെന്നാണ് താരം ഇന്‍സ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയത്.

''ജീവിത യാത്രയുടെ പുതിയൊരു അധ്യായം ഇന്ന് ആരംഭിക്കുന്നു. ഇന്നലെ പിഇടി സ്‌കാന്‍ നടത്തി. ശസ്ത്രക്രിയ സാധ്യമല്ലാത്തതിനാല്‍ ഇനി കീമോ ചെയ്യണം. വിശ്വസിക്കൂ, ഞാന്‍ ജീവിതത്തെ സ്നേഹിക്കുന്നുണ്ട്,''  തന്റെ ചിത്രത്തിനൊപ്പം പങ്കുവച്ച കുറിപ്പില്‍ നഫീസ പറഞ്ഞു.

കുട്ടികളോട് നടത്തിയ സംഭാഷണവും താരം ഓര്‍മ്മിപ്പിച്ചു. ''ഒരു ദിവസം അവര്‍ ചോദിച്ചു  'നിങ്ങള്‍ പോയാല്‍ ഞങ്ങളെ ആശ്രയിക്കാന്‍ ആരുണ്ടാകും?' ഞാന്‍ പറഞ്ഞു  'നിങ്ങള്‍ പരസ്പരം ആശ്രയിക്കുക. സ്നേഹവും ഓര്‍മ്മകളും പങ്കുവെച്ച് ഒരുമിച്ച് നിലകൊള്ളുക. അതാണ് എന്റെ ഏറ്റവും വലിയ സമ്മാനം',''  നഫീസ കുറിച്ചു.

2018ല്‍ രോഗ വിവരം ആദ്യമായി വെളിപ്പെടുത്തിയ നഫീസ അലി, മലയാളികളില്‍ ഏറെ പ്രശസ്തയായത് മമ്മൂട്ടി അഭിനയിച്ച ബിഗ് ബിയിലെ മേരി ടീച്ചര്‍ വേഷത്തിലൂടെയാണ്. 1976ല്‍ മിസ് ഇന്ത്യ കിരീടം നേടിയ അവര്‍, ദേശീയ നീന്തല്‍ താരമായും അറിയപ്പെട്ടിരുന്നു. 1979ല്‍ ശ്യാം ബെനഗലിന്റെ ജുനൂന്‍ എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് പ്രവേശിച്ച നഫീസ, അമിതാഭ് ബച്ചനൊപ്പം മേജര്‍ സാബ്, ബേവാഫ, ലൈഫ് ഇന്‍ എ മെട്രോ, ഗുസാരിഷ് തുടങ്ങിയ നിരവധി സിനിമകളില്‍ അഭിനയിച്ചു.

അവരുടെ അവസാന ചിത്രം 2022ല്‍ സൂരജ് ബര്‍ജാത്യ സംവിധാനം ചെയ്ത ഉന്‍ചൈ ആയിരുന്നു. അര്‍ജുന അവാര്‍ഡ് ജേതാവും പോളോ താരവുമായ കേണല്‍ ആര്‍.എസ്. സോധിയാണ് ഭര്‍ത്താവ്. ദമ്പതികള്‍ക്ക് മൂന്നു മക്കളുണ്ട്.

nafeesa ali instagram post

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES