'തന്മാത്ര' എന്ന സിനിമ മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാകില്ല. മോഹന്‍ലാലും മീരാ വാസുദേവും നെടുമുടി വേണുവുമെല്ലാം മലയാളികളുടെ മനസിനെ കണ്ണീരണിയിച്ചപ്പോള്‍ ചിത്രത്തിലൂടെ രണ്ടു പുതിയ താരങ്ങളെയും നാം പരിചയപ്പെട്ടു. മോഹന്‍ലാലിന്റെ മകനായി വന്ന മനുവും മനുവിന്റെ കൂട്ടുകാരിയായി എത്തിയ നന്ദിനിയും. ചിത്രത്തില്‍ അച്ഛന് നഷ്ടപ്പെട്ടുപോയ സിവില്‍ സര്‍വ്വീസ് മോഹം മകന്‍ പൂവണിയിക്കുന്നതാണ് കാണിച്ചതെങ്കില്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ആ സ്വപ്നം കൈപ്പിടിയില്‍ ഒതുക്കിയിരിക്കുകയാണ് മനുവിന്റെ കൂട്ടുകാരിയായി അഭിനയിച്ച നന്ദിനി. നന്ദിനി ആര്‍ നായര്‍ എന്നാണ് നടിയുടെ യഥാര്‍ത്ഥ പേരും. പഠിക്കാന്‍ മിടുക്കിയല്ലാത്ത, കളിയും കുസൃതിയുമായി മാത്രം നടന്ന മനുവിന്റെ ആ കൂട്ടുകാരി 12 വര്‍ഷം മുമ്പാണ് തന്റെ യഥാര്‍ഥ ജീവിതത്തില്‍ സിവില്‍ സര്‍വീസ് സ്വപ്നം നേടിയെടുത്തത്. ചിത്ര രചനയിലും നൃത്തത്തിലും കഴിവു തെളിയിച്ച നന്ദിനിയുടെ വിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
എറണാകുളം സ്വദേശിനിയായ നന്ദിനി കുട്ടിക്കാലം മുതല്‍ക്കെ പഠിക്കാന്‍ മിടുക്കിയായിരുന്നു. അന്നേ മനസില്‍ കയറിക്കൂടിയ സ്വപ്നമായിരുന്നു സിവില്‍ സര്‍വ്വീസ്. എച്ച്.എം.ടി ഉദ്യോഗസ്ഥനായിരുന്ന അച്ഛന്‍ രഘുവിന്റെയും വീട്ടമ്മയായ വിജയ ലക്ഷ്മിയുടേയും ഏക മകളായിരുന്നു നന്ദിനി. ചേട്ടന്‍ വിജയ് സിനിമാറ്റോഗ്രാഫറും. കുട്ടിക്കാലം മുതല്‍ക്കെ ചിത്ര രചനയായിരുന്നു താല്‍പര്യവിഷയം. കളമശ്ശേരിയിലെ രാജഗിരി സ്‌കൂളിലാണ് പഠിച്ചത്. അവിടുത്തെ മനോജ് എന്ന അധ്യാപകന്റെ പിന്തുണയായിരുന്നു ചിത്രരചനയ്ക്കുള്ള പ്രചോദനം. സ്‌കൂള്‍ കാലഘട്ടത്തില്‍ തന്നെ ശ്യാമള സുരേന്ദ്രന്റെ ധരണി എന്ന നൃത്ത വിദ്യാലയത്തില്‍ ഭരതനാട്യവും പഠിച്ച നന്ദിനി ഇപ്പോള്‍ കലാമണ്ഡലം ക്ഷേമാവതി ടീച്ചറുടെ കീഴിലാണ് മോഹിനിയാട്ടം അഭ്യസിക്കുന്നത്.
കുട്ടികളുടെ നാടകക്കളരിയിലൂടെയാണ് സിനിമയിലേക്ക് എത്തിയത്. വേനല്‍ക്കാല അവധികളില്‍ ചന്ദ്രദാസന്‍ എന്നയാള്‍ സംഘടിപ്പിക്കുന്ന നാടക ക്യാമ്പുകളൊക്കെ ഉണ്ടാകുമായിരുന്നു. ഒരിക്കല്‍ ചന്ദ്രദാസന്‍ സാറിന്റെ ശിഷ്യനായ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് കാമ്പിലെത്തുകയും ബ്ലെസിയുടെ സിനിമയിലേക്ക് സ്‌കൂളില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിയെ അന്വേഷിക്കുന്നുണ്ടെന്നും പറഞ്ഞു. അപ്പോളാണ് അദ്ദേഹം നന്ദിനിയുടെ പേര് നിര്‍ദ്ദേശിച്ചതും തന്മാത്രയില്‍ അഭിനയിച്ചതും. ചെറിയ കഥാപാത്രമായിരുന്നെങ്കിലും അതു ശ്രദ്ധിക്കപ്പെട്ടു. ശേഷം 'ടാ തടിയാ' എന്ന ചിത്രത്തിലും അഭിനയിച്ചു. പിന്നീട് സിനിമയൊന്നും ചെയ്തില്ല. സിവില്‍ സര്‍വീസ് നേടണമെന്ന ആഗ്രഹമായിരുന്നു പിന്നീട്. ചെന്നൈ ലയോള കോളേജില്‍ നിന്ന് എം.എം എക്ണോമിക്സ് പൂര്‍ത്തിയാക്കിയ ശേഷം 2012ലാണ് സിവില്‍ സര്‍വീസ് പരീക്ഷ എഴുതുന്നത്. ആദ്യശ്രമത്തില്‍ തന്നെ ഐ.ആര്‍.എസ് ലഭിച്ചു.
അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് ഇന്‍കം ടാക്സായി തമിഴ്നാട്ടില്‍ ആദ്യ പോസ്റ്റിങ് ലഭിച്ചു. ഇപ്പോള്‍ ചെന്നൈയില്‍ ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്റില്‍ ഡെപ്യൂട്ടി കമ്മീഷണറാണ്. വിവാഹിതയായ നന്ദിനിയുടെ ഭര്‍ത്താവ് വിഷ്ണു വേണുഗോപാല്‍ തമിഴ് നാട് കേഡര്‍ ഐ.എ.എസ് ഓഫീസറാണ്. തമിഴ്നാട് സ്‌കില്‍ ഡിലവപ്പ്മെന്റ് കോര്‍പ്പറേഷന്റെ മാനേജിങ് ഡയറക്ടറുമാണ്.