നസ്രിയ നസീം പങ്കുവെച്ച പുതിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും ആരാധകര്‍ക്കിടയിലും വലിയ ചര്‍ച്ചയായി മാറിയിയിരിക്കുന്നത്. 'എംഎപിജെ' എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ വന്ന ഒരു ഉദ്ധരണിയാണ് താരം തന്റെ സ്റ്റോറിയായി പങ്കുവെച്ചിരിക്കുന്നത്. 'ചുവപ്പ് കണ്ടാല്‍ പിന്നാലെ പായുന്ന കാളകള്‍ക്ക് ഭ്രാന്താണെന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്, എന്നാല്‍ ഇപ്പോള്‍ ഞാനും ഇതാ ഇവിടെയാണ്...' എന്നാണ് ഈ ഉദ്ധരണിയുടെ അര്‍ത്ഥം.
ജീവിതത്തിലോ ബന്ധങ്ങളിലോ നേരിട്ട മുന്നറിയിപ്പുകള്‍ (റെഡ് ഫ്‌ലാഗ്) അവഗണിച്ചതിന്റെ ഫലമാണ് ഇപ്പോള്‍ നേരിടുന്നതെന്ന പരോക്ഷ സൂചനയാണ് ഈ വാക്കുകളിലുള്ളത്. മോശം പ്രവണതകളെ സൂചിപ്പിക്കാന്‍ ഇന്റര്‍നെറ്റ് ലോകം വ്യാപകമായി ഉപയോഗിക്കുന്ന പ്രയോഗമാണ് 'റെഡ് ഫ്‌ലാഗ്'. സ്‌പെയിനിലെ പ്രശസ്തമായ കാളപ്പോരിനെ ആസ്പദമാക്കിയുള്ളതാണ് ഈ വരികള്‍.
താരം എന്താണ് ഈ പോസ്റ്റിലൂടെ ഉദ്ദേശിച്ചതെന്ന ചോദ്യവുമായി ആരാധകര്‍ രംഗത്തെത്തിക്കഴിഞ്ഞു. ഏതെങ്കിലും സുഹൃദ്ബന്ധത്തെക്കുറിച്ചാകാം നടി പറയുന്നതെന്ന് ചിലര്‍ അഭിപ്രായപ്പെടുമ്പോള്‍, ടൊവിനോ തോമസുമായി ഒന്നിക്കുന്ന പുതിയ ചിത്രം 'എല്‍ ക്ലാസികോ'യുടെ പ്രൊമോഷന്റെ ഭാഗമാകാം ഇതെന്നാണ് ഭൂരിഭാഗം പേരുടെയും കണ്ടെത്തല്‍.
മുന്‍പും നസ്രിയയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ഇത്തരത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. 'നല്ല ജോലി, കുടുംബം, കരിയര്‍ എന്നിവ തിരഞ്ഞെടുത്ത് ഭാവി ഭദ്രമാക്കൂ' എന്ന് ആഹ്വാനം ചെയ്യുന്ന ഒരു പോസ്റ്റായിരുന്നു അന്ന് താരം പങ്കുവെച്ചത്. ബേസില്‍ ജോസഫിനൊപ്പം അഭിനയിച്ച 'സൂക്ഷ്മദര്‍ശിനി'യാണ് നസ്രിയയുടേതായി ഒടുവില്‍ തിയറ്ററുകളിലെത്തിയ ചിത്രം. സൂര്യയെ നായകനാക്കി ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും നസ്രിയ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.