നിവിന്‍പോളിക്കെതിരായ സാമ്പത്തിക വഞ്ചനാ കുറ്റാരോപണത്തില്‍ ട്വിസ്റ്റ്. ആക്ഷന്‍ ഹീറോ ബിജു-2 എന്ന സിനിമയുടെ പേര് വ്യാജ ഒപ്പിട്ട് സ്വന്തമാക്കിയെന്ന പരാതിയില്‍ നിര്‍മ്മാതാവ് പിഎ ഷംനാസിനെതിരെ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ചിത്രത്തിന്റെ നിര്‍മ്മാതാവും നായകനുമായ നിവിന്‍ പോളി നല്‍കിയ പരാതിയേത്തുടര്‍ന്നാണ് നടപടി. ഈ കേസാകും ഇനി ഈ വിവാദത്തില്‍ നിര്‍ണ്ണായകമാകുക. വ്യാജരേഖാ നിര്‍മ്മാണമാണ് ഉയരുന്ന ആരോപണം. ഇവിടെ നിവിന്‍ പോളിയുടെ ഒപ്പിന്റെ ശാസ്ത്രീയ പരിശോധന നിര്‍ണ്ണായകമാകും. കൈയ്യക്ഷര പരിശോധനയില്‍ അടക്കം തെളിവ് ശേഖരണം ഇനി നീളും. നിവില്‍ പോളിക്കെതിരെ മുമ്പ് ലൈഗിംക പീഡന പരാതി വന്നിരുന്നു. അത് വ്യാജമാണെന്ന് തെളിഞ്ഞിരുന്നു.
സമാന രീതിയില്‍ ഈ സാമ്പത്തിക കേസും വ്യാജമെന്ന് തെളിയുമെന്നാണ് നടനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ആക്ഷന്‍ ഹീറോ ബിജു-2 എന്ന ചിത്രവുമായി ബന്ധപ്പെട്ട് 2023ല്‍ നിവിന്‍ പോളി, സംവിധായകന്‍ ഏബ്രിഡ് ഷൈന്‍, തലയോലപ്പറമ്പ് സ്വദേശി ഷംനാസ് എന്നിവര്‍ ഒപ്പിട്ട കരാറില്‍ സിനിമയുടെ എല്ലാത്തരം അവകാശങ്ങളും നിവിന്‍ പോളിയുടെ നിര്‍മ്മാണ കമ്പനിയായ പോളി ജൂനിയറിനായിരുന്നു. ഇക്കാര്യം മറച്ച് വച്ച് ഫിലിം ചേംബറില്‍ നിന്നും ചിത്രത്തിന്റെ പേരിന്റെ അവകാശം ഷംനാസ് സ്വന്തമാക്കുകയായിരുന്നു. ഇതിനായി നിവിന്‍ പോളിയുടെ ഒപ്പ് വ്യാജമായി ചേര്‍ത്ത രേഖ ഹാജരാക്കി. പോലീസ് അന്വേഷണത്തില്‍ ഇക്കാര്യങ്ങള്‍ തെളിഞ്ഞതോടെ ഷംനാസിനെതിരെ പാലാരിവട്ടം പോലീസ് കേസെടുക്കുകയായിരുന്നു. ഫിലിം ചേംബറില്‍ നല്‍കിയ രേഖയിലെ ഒപ്പ് പരിശോധന നിര്‍ണ്ണായകമാകും.
വ്യാജ ഒപ്പിട്ടതായി തെളിഞ്ഞാല്‍ ഫിലിം ചേംബറും ഷംനാസിനെതിരെ നടപടികള്‍ സ്വീകരിക്കും. അങ്ങനെ വന്നാല്‍ പോലീസ് കേസ് നല്‍കുന്നത് കൂടാതെ ഇയാളുടെ നിര്‍മ്മാണ കമ്പനിക്ക് ഫിലിം ചേംബര്‍ നിരോധനം ഏര്‍പ്പെടുത്താനും സാധ്യതയുണ്ട്. അതായത് എല്ലാ അര്‍ത്ഥത്തിലും കൊച്ചിയിലെ കേസ് നിര്‍ണ്ണായകമാകും. ഈ ചിത്രത്തിന്റെ അവകാശങ്ങള്‍ തനിക്കാണെന്നും, പോളി ജൂനിയര്‍ കമ്പനി ഓവര്‍സീസ് അവകാശം താനറിയാതെ മറ്റൊരു കമ്പനിക്ക് നല്‍കിയെന്നും കാണിച്ച് ഷംനാസ് നല്കിയ പരാതിയില്‍ നേരത്തെ നിവിന്‍ പോളിക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വ്യാജ രേഖകള്‍ ഹാജരാക്കിയാണ് ഈ പരാതി നല്‍കിയതെന്ന നിലപാടില്‍ ആ കേസ് റദ്ദാക്കാനും നിവിന്‍ പോളി ശ്രമിക്കും. ഇതിനുള്ള നിയമ നടപടികള്‍ സ്വീകരിച്ചതായി നിവിന്‍ പോളിയുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. കരാര്‍ സംബന്ധിച്ച് തര്‍ക്കങ്ങള്‍ നിലനില്‍ക്കേ, നിവിന്‍ പോളിയെ സമൂഹമധ്യത്തില്‍ അപമാനിക്കുന്നതിനും ഭീഷണിപ്പെടുത്തി തന്റെ കാര്യം നേടുന്നതിനും വേണ്ടി ഷംനാസ് ഗൂഡാലോചന നടത്തിയതായി പരാതിയില്‍ പറയുന്നു.
വ്യാജ രേഖ ഹാജരാക്കിയത് ഉള്‍പ്പെടെ തെളിഞ്ഞതിനാല്‍ ജാമ്യമില്ലാത്ത വകുപ്പുകളാണ് ഷംനാസിനെതിരെ പോലീസ് ചുമത്തിയിട്ടുള്ളത്. ഷംനാസിനെതിരെ കേരളാ ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സിനും നിവിന്‍ പോളി പരാതി നല്‍കി. വ്യാജ ഒപ്പിട്ട് ആക്ഷന്‍ ഹീറോ ബിജു 2 വിന്റെ ടൈറ്റില്‍ സ്വന്തമാക്കി എന്നാണ് പരാതി. നിവിന്‍ പോളി, എബ്രിഡ് ഷൈന്‍, ഷംനാസ് എന്നിവര്‍ ഒപ്പിട്ട കരാറില്‍ സിനിമയുടെ അവകാശങ്ങള്‍ നിവിന്‍ പോളിയുടെ നിര്‍മ്മാണ കമ്പനിക്ക് നല്‍കിയിരുന്നു. എന്നാല്‍ ഈ രേഖകള്‍ മറച്ചുവച്ച് ഫിലിം ചേംബറില്‍ നിന്ന് ചിത്രത്തിന്റെ പേരിന്റെ അവകാശം ഷംനാസ് സ്വന്തമാക്കി എന്ന് പരാതിയില്‍ പറയുന്നത്. നേരത്തെ, എബ്രിഡ് ഷൈനിന്റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായ 'മഹാവീര്യര്‍' ചിത്രത്തിന്റെ സഹനിര്‍മാതാവായിരുന്ന ഷംനാസ് ഇരുവര്‍ക്കുമെതിരേ വഞ്ചനാക്കുറ്റത്തിന് നേരത്തെ കേസ് നല്‍കിയത് സിനിമാ ലോകത്തെ ഞെട്ടിച്ചിരുന്നു.
ഇയാളില്‍ നിന്ന് പണം വാങ്ങിയ കാര്യം മറച്ചുവെച്ച് 'ആക്ഷന്‍ ഹീറോ ബിജു 2'-വിന്റെ വിതരണാവകാശം മറ്റൊരാള്‍ക്ക് നല്‍കിയെന്നായിരുന്നു പരാതി. ഷംനാസില്‍ നിന്ന് ഒരുകോടി 95 ലക്ഷം രൂപ വാങ്ങി മറ്റൊരാള്‍ക്ക് അഞ്ച് കോടി രൂപയ്ക്ക് സിനിമയുടെ വിദേശ വിതരണാവകാശം നല്‍കിയെന്നാണ് പൊലീസ് എഫ് ഐ ആറില്‍ പറയുന്നത്. നിവിന്‍ പോളിയുടെ 'പോളി ജൂനിയര്‍ ' എന്ന കമ്പനി രണ്ട് കോടി രൂപ ഇതിന്റെപേരില്‍ മുന്‍കൂറായി കൈപ്പറ്റിയെന്നും എഫ്ഐആറില്‍ പറയുന്നു. ഇതിലൂടെ പരാതിക്കാരന് ഒരുകോടി 90 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും ഷംനാസ് നല്കിയ പരാതിയില്‍ പറയുന്നുണ്ട്