നടി ഗീതു മോഹന്‍ദാസും മുകേഷും തകര്‍ത്താടിയ പകല്‍പ്പൂരം എന്ന സിനിമയില്‍ മലയാളികള്‍ എന്നും ഓര്‍ത്തുവെയ്ക്കുന്ന ഒരു താരം കൂടിയുണ്ട്. ചിത്രത്തില്‍ മുകേഷിനെ പ്രാണനെ പോലെ സ്നേഹിച്ചു നടന്ന അനാമിക എന്ന കഥാപാത്രം. പിന്നീട് സിനിമയിലേക്കൊന്നും തിരിഞ്ഞുനോക്കാതെ കരിയറുമായി പോയ കവിത എന്ന ആ പെണ്‍കുട്ടി അന്യഭാഷാ നടിയാണെന്നാണ് പലരും ധരിച്ചത്. എന്നാല്‍ സത്യമതല്ല, കോഴിക്കോടുകാരിയായ തനി മലയാളി പെണ്‍കുട്ടിയാണ് അനാമികയായി എത്തിയ കവിത. എംബിബിഎസ് പഠനം പൂര്‍ത്തിയാക്കി കോഴിക്കോട്ടെ പ്രശസ്തമായ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ജോലി ചെയ്യുമ്പോഴാണ് കവിത പകല്‍പ്പൂരത്തില്‍ അഭിനയിക്കുന്നത്. ആ ജോലിയ്ക്കിടെയാണ് അവിടെ സഹപ്രവര്‍ത്തകനായിരുന്ന നടനും ഡോക്ടറുമൊക്കെയായ റോഷ്നി ബിജിലിയെ പരിചയപ്പെടുന്നതും സുഹൃത് ബന്ധം പ്രണയത്തിലേക്കും വിവാഹത്തിലേക്കും എല്ലാം കടക്കുന്നത്. പിന്നാലെ ആദ്യ പ്രസവത്തില്‍ തന്നെ മൂന്നു കുഞ്ഞുങ്ങളുടെ അമ്മയും.
മൂന്നു കുഞ്ഞുങ്ങളെ ഗര്‍ഭം ധരിക്കുക എന്നത് അല്‍പം റിസ്‌കുള്ള കാര്യമായതിനാല്‍ തന്നെ ആദ്യം വന്ന നിര്‍ദ്ദേശം എബ്രിയോ റിഡക്ഷന്‍ ആയിരുന്നു. എന്നു വെച്ചാല്‍ ഏതെങ്കിലും ഒരു കുഞ്ഞിനെ ഗര്‍ഭാവസ്ഥയില്‍ വച്ചു തന്നെ റിമൂവ് ചെയ്യുക. എന്നാല്‍ ഡോക്ടര്‍മാരായ കവിതയ്ക്കും റോഷ്നിയ്ക്കും അതു ചിന്തിക്കാന്‍ പറ്റുന്നതായിരുന്നില്ല. പ്രത്യേകിച്ചും കവിതയ്ക്ക്. അങ്ങനെ റിസ്‌ക് ഏറ്റെടുത്ത് തന്നെ മൂന്നു കുഞ്ഞുങ്ങളേയും കവിത ഉദരത്തിലേറി ആഴ്ചകള്‍ കടന്നു പോയി. സ്‌കാനിംഗ് ഡേറ്റുകളെല്ലാം തന്നെ സന്തോഷവും ആഹ്ലാദവും പകരുന്നതായിരുന്നു. മൂന്നു പേരും കൂടി അവിടെ എന്തു ചെയ്യുന്നുവെന്ന് അറിയാനുള്ള ആകാംക്ഷയും കൗതുകവും ഒക്കെയായിരുന്നു. അങ്ങനെയിരിക്കെ ഏഴാം മാസത്തിന്റെ തുടക്കത്തിലാണ് കവിതയ്ക്ക് പ്രസവ വേദന വന്നു തുടങ്ങിയത്. ഒടുവില്‍ പ്രസവം വരെ ആശുപത്രിയില്‍ അഡ്മിറ്റ് ആകാന്‍ ഡോക്ടറുടെ നിര്‍ദ്ദേശവും. അങ്ങനെ ആ കാത്തിരിപ്പിനൊടുവില്‍ 31ാം ആഴ്ചയാണ് മൂന്നു പേരും ഭൂമിയിലേക്ക് പിറന്നു വീണത്.
രണ്ട് ആണ്‍കുട്ടികളും ഒരു പെണ്ണും. അച്ചു എന്ന റോണിത്ത്, റോഹന്‍ എന്ന അപ്പു, റെയ്സ എന്ന അമ്മു. ഒരോ മിനിറ്റിന്റെ വ്യത്യാസത്തില്‍ ജനിച്ച മൂവര്‍ക്കും ഒരു കിലോയില്‍ താഴെ മാത്രമായിരുന്നു ഭാരം. തുടര്‍ന്ന് ഒരു മാസത്തോളം എന്‍ഐസിയുവിലും. എല്ലാം കഴിഞ്ഞ് മക്കളെ നെഞ്ചോടു ചേര്‍ത്ത് വീട്ടിലേക്ക് എത്തി ആറു മാസത്തോളം വേണ്ടി വന്നു കവിത സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാന്‍. മെഡിക്കല്‍ പ്രാക്ടീസ് വീട്ടിലേക്ക് മാറ്റി ഫുള്‍ ടൈം മക്കള്‍ക്കൊപ്പമാക്കി കവിത. അതിനിടെയാണ് ആറാം മാസത്തില്‍ അപ്പു മാത്രം ഐ കോണ്‍ടാക്ട് തരുന്നില്ലായെന്നത് തിരിച്ചറിഞ്ഞത്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം ഒരു വര്‍ഷത്തോളം കാത്തിരുന്നു. അങ്ങനെ ഒരു വയസായപ്പോള്‍ തങ്ങള്‍ ഭയന്നതു തന്നെയാണ് സംഭവിക്കാന്‍ പോകുന്നതെന്ന് കവിതയും റോഷ്നിയും തിരിച്ചറിഞ്ഞു.
തുടര്‍ന്ന് നടത്തിയ ബംഗ്ലൂരുവിലെ വിദഗ്ധ പരിശോധനയില്‍ ഓട്ടിസത്തിന്റെ വകഭേദമായ പ്രശ്നമാണ് അപ്പുവിനെന്ന് തിരിച്ചറിയുകയായിരുന്നു. പിന്നീട് തെറാപ്പിയുടേയും മറ്റും കാലവും തുടങ്ങി. കവിത തന്നെ തെറാപ്പി പഠിച്ച് ചെയ്യാന്‍ തുടങ്ങി. ആറു വയസിനു ശേഷമാണ് അപ്പു സംസാരിച്ചു തുടങ്ങിയത്. പിന്നീടെല്ലാം അപ്പുവിന് വേണ്ടിയായിരുന്നു. അച്ചുവും അമ്മുവും അമ്മയ്ക്കൊപ്പം നിന്നു. ഇപ്പോള്‍ അച്ചുവും അമ്മുവും ദേവഗിരി പബ്ലിക് സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളാണ്. അപ്പു ശ്രീ ശ്രീ രവിശങ്കര്‍ വിദ്യാമന്ദിറില്‍ ഏഴാം ക്ലാസിലും. നല്ലൊരു കലാകാരന്‍ കൂടിയായ അപ്പുവിന് മലയാളം മാത്രമല്ല തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളൊക്കെ മനസ്സിലാകും. പാട്ടുകളുടെ വരികളും ട്യൂണും എളുപ്പത്തില്‍ പഠിക്കുകയും പാടുകയും ചെയ്യും.