പല തരത്തിലുള്ള തട്ടിപ്പുകളാണ് ഇന്ന് സോഷ്യല്‍ മീഡിയ വഴി നടക്കുന്നത്. ആളെ പറ്റിക്കുന്ന നിരവധി സംഭവങ്ങള്‍ ഓരോ ദിവസവും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ അതിന് ഇരയായവരില്‍ ഇപ്പോഴിതാ, ഒരു നടിയുമുണ്ട്. വിവാഹ ശേഷവും കരിയറിന് യാതൊരു ബ്രേക്കും നല്‍കാതെ മോഡലിംഗിലും അഭിനയത്തിലുമെല്ലാം തുടരുന്ന പാര്‍വതിയാണത്. പാര്‍വതിയുടെ ചിത്രം വച്ചാണ് ഒരു മാട്രിമോണിയല്‍ സൈറ്റില്‍ വിവാഹപരസ്യം പ്രത്യക്ഷപ്പെട്ടതും ഞെട്ടലോടെയാണ് നടി അതിന്റെ ചിത്രങ്ങളും വിവരങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതും. നേരത്തേയും പാര്‍വതിയുടെ പേരില്‍ ഇത്തരം വ്യാജ വിവാഹപരസ്യം പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ അന്ന് അതത്ര കാര്യമാക്കിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ വീണ്ടും മറ്റൊരു സൈറ്റില്‍ വിവാഹപരസ്യം പ്രത്യക്ഷപ്പെട്ടപ്പോള്‍ ഒരു സുഹൃത്താണ് ഇത് പാര്‍വതിയുടെ ശ്രദ്ധയില്‍ പെടുത്തിയത്. തുടര്‍ന്നാണ് ഇതങ്ങനെ വിട്ടാല്‍ ശരിയാകില്ലല്ലോയെന്ന തിരിച്ചറിവില്‍ പാര്‍വതി വീഡിയോയുമായി രംഗത്തു വന്നത്. പാര്‍വതിയുടെ വീഡിയോ ഷെയര്‍ ചെയ്യുകയായിരുന്നു മൃദുലയും. ഇതോടെയാണ് കൂടുതല്‍ പേര്‍ പാര്‍വതിയുടെ പേരില്‍ നടക്കുന്ന വിവാഹത്തട്ടിപ്പിനെ കുറിച്ച് അറിഞ്ഞത്.
വീഡിയോയ്ക്കൊപ്പം പാര്‍വതി പങ്കുവച്ച കുറിപ്പ് ഇങ്ങനെയാണ്: മാട്രിമോണിയല്‍ സ്‌കാം അലേര്‍ട്ട്. എന്റെ ഐഡന്റിറ്റിയും ഇന്‍സ്റ്റാഗ്രാമില്‍ നിന്നുള്ള എന്റെ കുട്ടിയുടെ അടക്കം സ്വകാര്യ ചിത്രങ്ങളും മറ്റു ഫോട്ടോകളും എല്ലാമെടുത്ത് @matrimonialsindia എന്ന വെബ്‌സൈറ്റില്‍ ഒരു വിവാഹ പരസ്യം പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. തികച്ചും ദുരുപയോഗം ചെയ്യപ്പെട്ട പരസ്യമാണിത്. ഈ പരസ്യം മാത്രമല്ല, ആരോ എന്റെ ചിത്രങ്ങള്‍ ഉപയോഗിച്ച് വാട്ട്‌സ്ആപ്പില്‍ ആളുകളുമായി ചാറ്റ് ചെയ്യുന്നുണ്ട്. ഈ വ്യാജ പ്രൊഫൈലുകള്‍ പണമടച്ച് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. എന്നാല്‍ ഇതുവഴി എങ്ങനെയാണ് തട്ടിപ്പ് നടത്തുന്നത് എന്നതു വ്യക്തമല്ലെങ്കിലും ഇതുപോലുള്ള പ്രൊഫൈലുകള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ കൃത്യമാണെന്ന് ഉറപ്പുവരുത്തേണ്ടതല്ലേ. നായര്‍ മാട്രിമോണിയില്‍ മുമ്പും സമാനമായ ഒരു തട്ടിപ്പ് നടന്നിട്ടുണ്ട്. ആള്‍മാറാട്ടം, സ്വകാര്യതയുടെ ഗുരുതരമായ ലംഘനം, ചൂഷണം ചെയ്യല്‍ എന്നിവയാണ് ഇതിലൂടെ നടക്കുന്നത്. അതേസമയം, ഇത്തരം വിവാഹപരസ്യ പ്ലാറ്റ്ഫോമുകളെ വിശ്വസിക്കുന്ന നിരവധി പേരുണ്ട്. അതുകൊണ്ടുതന്നെ, ഇതിന്റെ ഉപയോക്താക്കളെ ശരിയായി പരിശോധിക്കണമെന്നാണ് പാര്‍വതി പറഞ്ഞിരിക്കുന്നത്.
ദയവായി ജാഗ്രത പാലിക്കുക, എപ്പോഴും യഥാര്‍ത്ഥ ആളുമായിട്ടാണ് സംസാരിക്കുന്നതെന്ന് ഉറപ്പു വരുത്തുക. പ്രത്യേകിച്ചും ഇതുപോലുള്ള കാര്യങ്ങളില്‍ എന്നാണ് നടി പറഞ്ഞത്. പാര്‍വതിയുടെ ചിത്രം വച്ചുള്ള അക്കൗണ്ട് ഉപയോഗിക്കുന്നയാള്‍ ചാറ്റു ചെയ്യുമ്പോഴെല്ലാം ഉപയോഗിക്കുന്നത് പാര്‍വതിയുടേയും കുഞ്ഞിന്റെയും അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ്. അതേസമയം, വിവാഹിതയായ പാര്‍വതി ഇപ്പോള്‍ കാനഡയിലാണ് ഉള്ളത്. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ 2013ലാണ് നടി കാനഡയിലേക്ക് കുടിയേറുന്നത്. മോഡലിംഗിലൂടെയും വ്‌ളോഗിലൂടെയുമായി പ്രേക്ഷകര്‍ക്ക് പരിചിതയായി മാറിയ താരമാണ് പാര്‍വതി സോമനാഥ്. ഗര്‍ഭിണിയായ സമയത്തായിരുന്നു പാര്‍വതി യൂട്യൂബ് ചാനല്‍ തുടങ്ങിയത്. ആതിര മാധവിനൊപ്പമുള്ള പാര്‍വതിയുടെ വീഡിയോ സോഷ്യല്‍മീഡിയയിലൂടെ വൈറലായിരുന്നു. പാര്‍വതി കൃഷ്ണയും മൃദുല വിജയുമൊക്കെയായി അടുത്ത സൗഹൃദവുമുണ്ട് പാര്‍വതിക്ക്.