'ജന്റില്‍മാന്‍' സിനിമയിലെ ചെറിയൊരു നൃത്തവേഷത്തില്‍ നിന്നാരംഭിച്ച് 'കാതലന്‍' പോലുള്ള സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൂടെ നായകനായും പിന്നീട് ബോളിവുഡില്‍ വരെ വിജയകരമായ സംവിധായകനായും വളര്‍ന്നത് കരിയറിലെ വലിയ നേട്ടങ്ങള്‍ സമ്പാദിച്ച നടന്‍ പ്രഭുദേവയുടെ ജീവിതകഥ ഉയര്‍ച്ചതാഴ്ചകള്‍ നിറഞ്ഞ ഒരു സിനിമാറ്റിക് കഥയാണ്.
ആദ്യഭാര്യയായ റംലത്തുമായുള്ള വിവാഹജീവിതം, മകന്റെ മരണം പോലുള്ള വലിയ വ്യക്തിപരമായ ദുരന്തങ്ങള്‍, തുടര്‍ന്ന് നയന്‍താരയുമായുള്ള ബന്ധം എന്നിവയെല്ലാം അദ്ദേഹത്തെ വാര്‍ത്തകളില്‍ നിറച്ചിരുന്നു. ഈ ബന്ധങ്ങള്‍ തകര്‍ന്നെങ്കിലും, അതില്‍ തളരാതെ വീണ്ടും ജീവിതം പുനര്‍നിര്‍മ്മിക്കാന്‍ അദ്ദേഹം ശ്രമിച്ചു. പിന്നീട് ഫിസിയോതെറാപ്പിസ്റ്റായ ഡോ. ഹിമാനിയുമായി വിവാഹിതനായി ഒരു പുതിയ ജീവിതത്തിലേക്ക് കടന്നത് അദ്ദേഹത്തിന്റെ ജീവിതത്തിലെ മറ്റൊരു അധ്യായം തന്നെ ആയിരുന്നു.
പ്രഭുദേവയുടെ പ്രണയവും വ്യക്തിജീവിതവും പല തിരിമറികളും വിവാദങ്ങളും നിറഞ്ഞതായിരുന്നു. കൊറിയോഗ്രാഫറായി പ്രവര്‍ത്തിച്ചിരുന്ന കാലത്ത് പരിചയപ്പെട്ട ജൂനിയര്‍ ആര്‍ട്ടിസ്റ്റായ റംലത്തുമായി ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ വിവാഹം. വിവാഹത്തിന് ശേഷം റംലത്ത് ലത എന്ന പേര് സ്വീകരിക്കുകയും പ്രഭുദേവയ്ക്കൊപ്പം സന്തോഷകരമായ ദാമ്പത്യം നയിക്കുകയും ചെയ്തിരുന്നു. ഇവര്‍ക്കു മൂന്ന് മക്കള്‍ ജനിക്കുകയും ചെയ്തു. എന്നാല്‍ തീര്‍ത്തും അപ്രതീക്ഷിതമായി സംഭവിച്ച മൂത്തമകന്റെ മരണം പ്രഭുദേവയുടെ ജീവിതത്തില്‍ വലിയ മാനസികാഘാതമായി മാറി. പതിമൂന്നാം വയസ്സില്‍ കാന്‍സര്‍ ബാധിച്ച് ആയിരുന്നു പ്രഭുദേവയുടെ മൂത്തമകന്‍ മരണപ്പെട്ടത്.
ഇതിനിടെയാണ് നടി നയന്‍താരയുമായുള്ള പ്രഭുദേവയുടെ ബന്ധം പുറത്തുവന്നത്. ഈ ബന്ധം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചതോടെ കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമായി. കുടുംബത്തിനും മക്കള്‍ക്കും ജീവിതത്തില്‍ ഏറെ പ്രാധാന്യം നല്‍കിയിരുന്ന പ്രഭുദേവയെ പോലെ ഒരു ഫാമിലിമാന്‍ എങ്ങനെയാണ് ഇത്തരമൊരു പ്രണയത്തിലേക്ക് എത്തപ്പെട്ടത് എന്ന് അന്നത്തെ മാധ്യമങ്ങള്‍ വലിയ ചര്‍ച്ചകള്‍ പോലും നടത്തി. ഈ ബന്ധത്തെ ശക്തമായി എതിര്‍ത്ത റംലത്ത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ നയന്‍താരയെ മോശമായ ഭാഷയില്‍ തന്ന വിമര്‍ശിച്ചിരുന്നു.
പിന്നീട് റംലത്ത് നിയമപരമായി ഇടപെടുകയും തന്റെ പ്രതിഷേധം അറിയിക്കുകയും ചെയ്തു. ഒടുവില്‍ റംലത്തും പ്രഭുദേവയും നിയമപരമായി വിവാഹമോചനം നേടി. മക്കളുമായുള്ള അടുപ്പം ഉപേക്ഷിക്കാനോ അവരുടെ ഉത്തരവാദിത്തം ഒഴിയാനോ പ്രഭുദേവ ഒരുങ്ങിയില്ല. ഇന്നും മക്കളുമായി വളരെ അടുത്ത ബന്ധം പ്രഭുദേവ സൂക്ഷിക്കുന്നുണ്ട്.
ഈ എല്ലാ സംഭവങ്ങള്‍ക്കുശേഷവും പ്രഭുദേവ തന്റെ ജീവിതത്തില്‍ മുന്നോട്ട് തന്നെ നീങ്ങി. പിന്നീട് ഫിസിയോതെറാപ്പിസ്റ്റായ ഡോ. ഹിമാനിയുമായി അദ്ദേഹം വിവാഹിതനായി. ഒരു പുതിയ ജീവിതം അദ്ദേഹം ആരംഭിച്ചു. ഈ ബന്ധത്തില്‍ ഒരു പെണ്‍കുഞ്ഞും ജനിച്ചു.
2020 ല്‍ ആയിരുന്നു പ്രഭുദേവ യുടെയും ഹിമാനി സിംങിന്റെയും വിവാഹം. എന്നാല്‍, വിവാഹം അതീവ രഹസ്യമായിരുന്നു. മൂന്ന് വര്‍ഷത്തോളം തന്റെ വിവാഹത്തെ കുറിച്ച് പ്രഭുദേവ എവിടെയും ഒന്നും പരമാര്‍ശിച്ചിരുന്നില്ല. നയന്‍താരയുമായുള്ള വിവാദ വിവാഹ ഗോസിപ്പുകള്‍ക്കെല്ലാം ഒടുവില്‍ ഇനി തന്റെ ജീവിതത്തില്‍ സ്ത്രീ ഉണ്ടായിരിക്കില്ല എന്ന് പ്രഖ്യാപിച്ച നടനാണ് ആറ് വര്‍ശം മുന്‍പ് ഹിമാനിയുടെ കഴുത്തില്‍ മിന്ന് ചാര്‍ത്തിയത്.
വിവാഹത്തിന് ശേഷം, മൂന്ന് വര്‍ഷം കഴിഞ്ഞാണ് ഹിമാനിയെ ഭാര്യ എന്ന പദവിയില്‍ പ്രഭുദേവ പരിചയപ്പെടുത്തിയത്. ഒരു ടിവി ഷോയില്‍ പ്രഭുദേവയുടെ അന്‍പതാം പിറന്നാള്‍ ആഘോഷിക്കുന്ന വേളയിലാണ് എല്‍ഇഡി സ്‌ക്രീനില്‍ ഹിമാനി എത്തിയത്. അന്നാണ് പ്രഭുദേവ വിവാഹിതനായി എന്ന വാര്‍ത്ത ലോകം അറിയുന്നത്. പിന്നീട് ഹിമാനിയില്‍ ഒരു കുഞ്ഞ് പിറന്ന വാര്‍ത്തയും പുറത്തുവന്നിരുന്നു.
ഹിമാനിക്കൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നുവെങ്കിലും അവ്യക്തമായിരുന്നു അവയെല്ലാം. മാസ്‌ക് വച്ചതും, പാപ്പരാസികള്‍ പകര്‍ത്തിയതുമല്ലാതെ ഒരു ചിത്രം പുറത്തുവരുന്നത് ഇതാദ്യമാണ്. നടി രംഭയാണ് പ്രഭുദേവയ്ക്കും കുടുംബത്തിനുമൊപ്പമുള്ള ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്..